ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് പേസ് ബോളർ ജസ്‌പ്രീറ്റ് ബുമ്ര ആയിരുന്നു. മത്സരത്തിന്റെ 2 ഇന്നിങ്സിലും ഇംഗ്ലണ്ടിന്റെ ബാറ്റർമാരെ എറിഞ്ഞിടാൻ ബുമ്രയ്ക്ക് സാധിച്ചു. ആദ്യ ഇന്നിംഗ്സിൽ 45 റൺസ് മാത്രം വിട്ടുകൊടുത്ത് ബൂമ്ര ഇംഗ്ലണ്ട് നിരയിലെ 6 വിക്കറ്റുകളാണ് കൊയ്തത്.
രണ്ടാം ഇന്നിങ്സിൽ നിർണായകമായ 3 വിക്കറ്റുകളും ബുമ്ര സ്വന്തമാക്കിയിരുന്നു. ഇതോടെ മത്സരത്തിലെ താരമായി ബുമ്രയെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിലെ തന്റെ പ്രകടനത്തെപ്പറ്റി ബുമ്ര സംസാരിക്കുകയുണ്ടായി. താൻ റെക്കോർഡുകളിൽ വിശ്വസിക്കുന്നില്ലെന്നും, മത്സരത്തിൽ മികവ് പുലർത്താനാണ് എല്ലായിപ്പോഴും ശ്രമിക്കുന്നതെന്നും ബൂമ്ര പറയുകയുണ്ടായി.
പല നിർണായക സാഹചര്യത്തിലും തനിക്ക് രക്ഷയായി എത്താറുള്ളത് യോർക്കർ പന്തുകളാണ് എന്ന് ബൂമ്ര പറയുന്നു. “ഞാൻ മുൻപ് പറഞ്ഞതുപോലെ തന്നെ ഞാൻ റെക്കോർഡുകളിൽ വലിയ ശ്രദ്ധ നൽകാറില്ല. ഒരു യുവ ക്രിക്കറ്റർ എന്ന നിലയ്ക്ക് മൈതാനത്ത് എന്ത് ചെയ്യുന്നുവോ അതാണ് എന്നെ കൂടുതൽ ആവേശഭരിതനാക്കുന്നത്. പല സമയത്തും ഇത് സമ്മർദ്ദമായി മാറാറുണ്ട്.
ഒരു യുവതാരം എന്ന നിലയിൽ ഞാൻ എറിയാൻ പഠിച്ച ആദ്യ പന്ത് യോർക്കറാണ്. ക്രിക്കറ്റിൽ ഒരുപാട് ഇതിഹാസ താരങ്ങൾ മുൻപ് യോർക്കറുകൾ എറിഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്. വഖാർ യൂനിസ്, വസീം അക്രം, സഹീർ ഖാൻ എന്നിവരൊക്കെയും ഇതിന് മാതൃകകളാണ്.”- ബുമ്ര പറയുന്നു.
“ടീമിൽ ഒരു ബോളിങ് നിരയുടെ നായകൻ എന്ന നിലയിലല്ല ഞാൻ കളിക്കുന്നത്. ഞങ്ങൾ ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ മറ്റുള്ളവരെയും നിയന്ത്രിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. രോഹിത് ശർമയും ഞാനും ഒരുപാട് ചർച്ചകളിൽ ഏർപ്പെടാറുണ്ട്. ഞങ്ങൾക്ക് പരസ്പരം സംസാരിക്കുമ്പോൾ എന്താണോ തോന്നുന്നത് അതാണ് ഞങ്ങൾ ചെയ്യാനും ശ്രമിക്കുന്നത്. ജെയിംസ് ആൻഡേഴ്‌സനുമായി മറ്റുതരത്തിലുള്ള പോരാട്ടങ്ങളില്ല.”
“എപ്പോഴൊക്കെ പേസ് ബോളിംഗ് കാണുന്നുവോ, അപ്പോഴൊക്കെയും ഞാൻ അത് ആസ്വദിക്കാറുണ്ട്. എതിർ ടീമിന്റെ ബോളിംഗ് ആണെങ്കിലും എനിക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. ആരെങ്കിലും മികച്ച പ്രകടനം പുറത്തെടുത്താൽ അത് നമ്മൾ അഭിനന്ദിക്കുക തന്നെ വേണം. പലപ്പോഴും വിക്കറ്റിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അങ്ങനെയാണ് കാര്യങ്ങൾ പരിഹരിക്കാൻ സാധിക്കുക. എല്ലാ വിക്കറ്റുകളും വ്യത്യസ്തമാണ്. എന്റെ ആയുധങ്ങൾ എന്തൊക്കെയാണോ അത് ഞാൻ വിക്കറ്റിന് അനുസരിച്ച് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു.”- ബൂമ്ര കൂട്ടിച്ചേർത്തു.
ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം തിരികെ വന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ് ഈ വിജയം നൽകിയിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജയസ്വാളിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ 396 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് നേടാൻ സാധിച്ചത് കേവലം 253 റൺസ് മാത്രമായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 255 റൺസ് നേടിയതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 399 റൺസായി മാറി. എന്നാൽ ഇന്ത്യൻ ബോളർമാർ കൃത്യത പാലിച്ചതോടെ ഇന്ത്യ മത്സരത്തിൽ 106 റൺസിന്റെ വിജയം നേടുകയായിരുന്നു.