ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20 യില്‍ ഏഴു വിക്കറ്റ് വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ശ്രീലങ്ക ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ ഇന്ത്യ മറികടന്നു. ഇഷാന്‍ കിഷനേയും രോഹിത് ശര്‍മ്മയേയും തുടക്കത്തിലേ നഷ്ടമാക്കിയെങ്കിലും ശ്രേയസ്സ് അയ്യരും സഞ്ചു സാംസണും ചേര്‍ന്ന് വിജയലക്ഷ്യം എളുപ്പമാക്കി. ഇരുവരും ചേര്‍ന്ന് 47 പന്തില്‍ 84 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
ശ്രീലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യം അനായസം ചേസ് ചെയ്ത് വിജയിക്കാം എന്ന് കരുതി തന്നെയാണ് ഇറങ്ങിയതെന്ന് സഞ്ചു സാംസണ്‍ മത്സര ശേഷം പറഞ്ഞു. ബൗണ്ടറി നീളം കുറവായതിനാലും ഫീല്‍ഡ് വേഗതയുള്ളതും കാരണമാണ് സഞ്ചു പറഞ്ഞത്. മത്സരത്തില്‍ പതിയെയായിരുന്നു മലയാളി താരം ബാറ്റിംഗ് ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച മലയാളി താരം സഞ്ചു സാംസണ്‍ ലഹിരു കുമാരയുടെ ഓവറിലാണ് തന്‍റെ ഫോമിലേക്ക് ഉയര്‍ന്നത്. ആ ഓവര്‍ തുടങ്ങുന്നതിനു മുന്‍പ് 19 പന്തില്‍ 17 എന്ന നിലയിലായിരുന്നു സഞ്ചു സാംസണ്‍. 25 പന്തില്‍ 2 ഫോറും 3 സിക്സും അടക്കം 39 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ നേടിയത്.
” ശ്രേയസ്സ് അയ്യരുമായുള്ള കൂട്ടുകെട്ട് എനിക്ക് ഫോം കണ്ടെത്താന്‍ അവസരം നല്‍കി. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് കുറേ നാള്‍ കളിച്ചട്ടുള്ളതാണ്. അതിനാല്‍ ആര് നന്നായി പോകുന്നു, ആര്‍ക്ക് സമയം വേണമെന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്. ” അയ്യരുമായുള്ള കൂട്ടുകെട്ടിനെ പറ്റി സഞ്ചു സാംസണ്‍ പറഞ്ഞു.
” ആദ്യ 10-12 പന്തുകളിൽ താളം ശരിയായില്ല. ഞാൻ ഒരു ഗെയിം കളിച്ചിട്ട് വളരെ നാളായി. ഞാൻ ബയോബബിളിലും ക്വാറന്റൈനിലും ആയിരുന്നു. അതിനാൽ ഞാൻ കുറച്ച് അധിക സമയമെടുത്തു, ഒരു ബൗണ്ടറി ലഭിച്ചതിന് ശേഷം എനിക്ക് താളം തിരിച്ചുകിട്ടി, അതിൽ സന്തോഷമുണ്ട്. ”
” ഫീൽഡ് ചെയ്യുമ്പോഴും പുറത്ത് ഇരിക്കുമ്പോഴും നല്ല തണുപ്പായിരുന്നു. പക്ഷേ ബാറ്റ് ചെയ്തപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല. ടീം മീറ്റിംഗിലെ സംഭാഷണം എതിരാളികള്‍ എന്ത് ചെയ്യാൻ പോകുന്നുവെന്നത് പരിഗണിക്കാതെ ഞങ്ങളുടെ നിലവാരത്തിലേക്ക് എത്താനാത് ആവശ്യപ്പെട്ടത്. ഞങ്ങൾ തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റിന് മികച്ച നിലവാരം സ്ഥാപിക്കുകയാണ്. ”
”എനിക്ക് ശരിക്കും ഒരു പ്രത്യേക ദിവസമാണ് ഇന്ന്. ഏഴ് വർഷം മുമ്പ് ഞാൻ എന്റെ അരങ്ങേറ്റം നടത്തി, ഒടുവിൽ ടീമിന്റെ വിജയത്തിന് ക്രിയാത്മകമായി സംഭാവന ചെയ്തത് എനിക്ക് സന്തോഷം നല്‍കുന്നു ” സഞ്ചു സാംസണ്‍ പറഞ്ഞു.