ദയവ് ചെയ്ത് ഗംഭീറിനെ ഇന്ത്യ പത്രസമ്മേളനത്തിന് വിടരുത്. ബിസിസിഐയോട് അപേക്ഷിച്ച് മഞ്ജരേക്കർ.

ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ പത്രസമ്മേളനത്തിലെ പ്രതികരണങ്ങൾക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബിസിസിഐ ഗൗതം ഗംഭീറിനെ ഒരിക്കലും വാർത്താ സമ്മേളനങ്ങൾക്ക് അയക്കാൻ തയ്യാറാവരുത് എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ പരമ്പര ആരംഭിക്കാനിരിക്കെ ഗംഭീർ ഇന്ന് വാർത്ത സമ്മേളനം നടത്തിയിരുന്നു. വാർത്താ സമ്മേളനത്തിൽ പല ചോദ്യങ്ങളോടും വ്യത്യസ്തമായ പ്രതികരണമാണ് ഗംഭീർ നടത്തിയത്. ഇതിന് ശേഷമാണ് ഗംഭീറിനെതിരെ ഇപ്പോൾ മഞ്ജരേക്കർ രംഗത്ത് എത്തിയിരിക്കുന്നത്.

“ഇപ്പോൾ ഞാൻ ഗൗതം ഗംഭീറിന്റെ വാർത്താസമ്മേളനം കണ്ടിരുന്നു. വാർത്ത സമ്മേളനത്തിൽ സംസാരിക്കുക എന്നത് വലിയ ചുമതലയാണ്. ഇത് ഗംഭീറിന് നൽകാതിരിക്കുന്നതാണ് ബിസിസിഐയെ സംബന്ധിച്ച് ഏറ്റവും ഉത്തമം. ഗംഭീർ എപ്പോഴും തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. മാധ്യമങ്ങളുമായി നല്ല രീതിയിൽ ഇടപഴകാനോ അവർക്ക് കൃത്യമായ ഉത്തരം നൽകാനോ കൃത്യമായ വാക്കുകൾ ഉപയോഗിച്ച് അതിനെ നേരിടാനോ ഗംഭീറിന് സാധിക്കുന്നില്ല. ഇത്തരം വാർത്ത സമ്മേളനങ്ങളിൽ മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കാൻ രോഹിത് ശർമയോ അജിത്ത് അഗാർക്കറോ ആണ് ഉത്തമം.”- മഞ്ജരേക്കർ പറയുന്നു.

ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു പരമ്പരയാണ് വരാനിരിക്കുന്നത്. ഇതിനു മുന്നോടിയായി ഇന്ത്യൻ താരങ്ങളുടെ ഫോം അടക്കമുള്ള കാര്യങ്ങൾ ഗംഭീർ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയുണ്ടായി. ന്യൂസിലാൻഡിനെതിരെ നാട്ടിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായാണ് ഗംഭീർ മാധ്യമങ്ങളെ കണ്ടത്. അതുകൊണ്ടുതന്നെ പരമ്പരയിലെ പരാജയത്തെപ്പറ്റി നിർണായകമായ ചില ചോദ്യങ്ങൾ ഗംഭീറിന് മുന്നില്‍ ഉയർന്നിരുന്നു. ഇതിനൊക്കെയും അസ്വസ്ഥത ഇല്ലാത്ത തരത്തിലാണ് ഗംഭീർ പ്രതികരണം നടത്തിയത്. പക്ഷേ ഗംഭീറിന്റെ പ്രതികരണത്തിൽ തനിക്ക് മതിപ്പില്ല എന്ന് മഞ്ചരേക്കർ അറിയിച്ചിരിക്കുന്നു.

ഓസ്ട്രേലിയക്കെതിരായ ഒന്നാമത്തെ മത്സരത്തിൽ ഇന്ത്യയുടെ ടെസ്റ്റ് നായകനായ രോഹിത് ശർമ കളിക്കുമോ എന്ന ചോദ്യം പത്രസമ്മേളനത്തിൽ ഉയർന്നിരുന്നു. എന്നാൽ ഈ മത്സരത്തിൽ രോഹിത് കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ആയിട്ടില്ല എന്നാണ് ഗംഭീർ പറഞ്ഞത്. മാത്രമല്ല പരമ്പര തുടങ്ങുന്നതിന് മുൻപ് തന്നെ അതേ സംബന്ധിച്ചുള്ള കാര്യങ്ങൾ പത്രമാധ്യമങ്ങളെ അറിയിക്കുമെന്നും ഗംഭീർ പ്രതികരിക്കുകയുണ്ടായി. രോഹിത് ശർമ ആദ്യ മത്സരത്തിൽ കളിച്ചില്ലെങ്കിൽ പകരം ബുമ്രയാവും ഇന്ത്യയുടെ നായകൻ എന്ന് ഗംഭീർ തുറന്നുപറഞ്ഞു. നവംബർ 22നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.

Previous articleസൂര്യകുമാറിന്റെ വിഡ്ഢിത്തങ്ങൾ ഇന്ത്യയെ തോൽപിച്ചു. പാക് താരത്തിന്റെ വിമർശനം.
Next articleരാഹുലിനെപ്പോലെ എത്ര കളിക്കാര്‍ വേറെ രാജ്യത്തുണ്ട് ? ചോദ്യവുമായി ഗൗതം ഗംഭീര്‍