2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയ താരമാണ് മുംബൈയുടെ മുൻ നായകൻ രോഹിത് ശർമ. സീസണിന്റെ തുടക്കത്തിൽ രോഹിത് ശർമയെ മുംബൈ തങ്ങളുടെ നായക സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയുണ്ടായി. പിന്നീട് രോഹിത്തിന്റെ ഓരോ ഭാവഭേദങ്ങളും സോഷ്യൽ മീഡിയയും മറ്റും നിരീക്ഷിക്കുകയാണ്.
മുംബൈ ടീമിൽ തുടരാൻ രോഹിതിന് അതൃപ്തിയുണ്ട് എന്ന തരത്തിൽ ഇതിനോടൊപ്പം തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി കൂടുതൽ അറിയാനായി, വിഷ്വൽ മീഡിയ കളിക്കാരുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാൻ പാടില്ല എന്നാണ് രോഹിത് ശർമ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ സ്റ്റാർ സ്പോർട്സ് തങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് രോഹിത് ഇപ്പോൾ.
മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ഉപരിയായി കളിക്കാരും സഹപ്രവർത്തകരും തമ്മിലുള്ള സംഭാഷണം പോലും കൃത്യമായി റെക്കോർഡ് ചെയ്ത് സംപ്രേഷണം ചെയ്യുകയാണ് സ്റ്റാർ സ്പോർട്സ് എന്നാണ് രോഹിത് ചൂണ്ടിക്കാട്ടിരിക്കുന്നത്. തന്റെ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിടരുത് എന്ന് സ്റ്റാർ സ്പോർട്സിനോട് ആവശ്യപ്പെട്ടിട്ടും അവർ അത് വീണ്ടും തുടരുകയാണ് എന്നും രോഹിത് ചൂണ്ടിക്കാട്ടുന്നു.
തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് രോഹിത് ശർമ ഇക്കാര്യം പ്രതിപാദിച്ചത് പല പ്രേക്ഷകരും എക്സ്ക്ലൂസീവായ ഉള്ളടക്കത്തിൽ ശ്രദ്ധിക്കുന്നവരാണെന്നും അവരും കളിക്കാരൻ തമ്മിലുള്ള വിശ്വാസ്യത ഇല്ലാതാകാൻ ഇത്തരം കാര്യങ്ങൾ കാരണമാകുമെന്നും രോഹിത് ചൂണ്ടിക്കാട്ടുകയുണ്ടായി.
“ഇപ്പോൾ ക്യാമറകൾ ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറുകയാണ്. നമ്മുടെ സുഹൃത്തുക്കളുമായോ സഹതാരങ്ങളുമായോ സഹപ്രവർത്തകരുമായോ നമ്മൾ നടത്തുന്ന സംഭാഷണങ്ങൾ പോലും കൃത്യമായി റെക്കോർഡ് ചെയ്ത് പുറത്തുവിടുന്നു. മത്സരങ്ങൾക്കിടയിൽ മാത്രമല്ല പരിശീലനത്തിനിടയിലും ഇത്തരത്തിൽ സംഭവിക്കുന്നുണ്ട്. എന്റെ സംഭാഷണം ഇത്തരത്തിൽ റെക്കോർഡ് ചെയ്യാൻ പാടില്ല എന്ന് സ്റ്റാർ സ്പോർട്സിനോട് ഞാൻ ആവശ്യപ്പെട്ടിരുന്നു.
പക്ഷേ അവർ ഇപ്പോഴും അത് തുടരുകയാണ്. തീർച്ചയായും അത് സ്വകാര്യതയുടെ ലംഘനമാണ്. മാധ്യമങ്ങൾ ഇത്തരത്തിലുള്ള ഉള്ളടക്കത്തിലും വ്യൂവ്സിലും എൻഗേജ്മെന്റിലും മാത്രം കേന്ദ്രീകരിക്കുന്നത് ക്രിക്കറ്റ് താരങ്ങളും ആരാധകരും തമ്മിലുള്ള വിശ്വാസ്യത ഇല്ലാതാവാൻ കാരണമാകുന്നു.”- രോഹിത് പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈയും കൊൽക്കത്തയും തമ്മിലുള്ള മത്സരത്തിന് മുൻപ് കൊൽക്കത്തയുടെ ബാറ്റിംഗ് കോച്ചായ അഭിഷേക് നായരോട് രോഹിത് ശർമ നടത്തിയ സൗഹൃദ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അന്ന് സൗഹൃദപരമായി അഭിഷേക് നായരോട് രോഹിത് പറഞ്ഞ കാര്യങ്ങൾ പിന്നീട് വലിയ രീതിയിൽ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. പല മാധ്യമങ്ങളും അത് ഏറ്റുപിടിക്കുകയും, രോഹിത് ശർമയുടെ കരിയറിനെ തന്നെ ബാധിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെയും എതിരെയാണ് രോഹിത് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.