മറ്റു പരിശീലകയിൽ നിന്ന് നിലവിലെ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിനുള്ള വ്യത്യസ്തതകൾ ചൂണ്ടിക്കാട്ടി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ തന്റെ റോളിനെ പറ്റി, വളരെ നേരത്തെ തന്നെ തനിക്ക് വ്യക്തത നൽകാൻ ഗംഭീറിന് സാധിച്ചിരുന്നു എന്നാണ് സഞ്ജു പറയുന്നത്. മുൻപ് പല പരിശീലകർക്ക് കീഴിൽ താൻ കളിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ഗംഭീർ എന്ന് സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി.
പ്യിങ് ഇലവനിലെ തന്റെ സ്ഥാനത്തെ പറ്റിയും നേരത്തെ തന്നെ അറിയിപ്പ് ഉണ്ടാകുന്നുണ്ടെന്നും, അത് തന്റെ പ്രകടനത്തെ വളരെ സഹായിച്ചു എന്നും കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ സഞ്ജു പറയുകയുണ്ടായി.
“പല പരിശീലകർക്ക് കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും ഗംഭീർ വളരെ വ്യത്യസ്തനാണ്. മുൻപൊക്കെ ഇന്ത്യയുടെ ടീമിലെത്തിയാലും പ്ലേയിംഗ് ഇലവനിൽ ഞാൻ ഉണ്ടാകുമോ എന്ന കാര്യം സംശയമായിരുന്നു. അഥവാ ഞാൻ പ്ലെയിങ് ഇലവനിൽ ഉണ്ടെങ്കിൽ തന്നെ ഏത് പൊസിഷനിൽ കളിക്കും, എങ്ങനെ കളിക്കും എന്നതിനെ പറ്റിയൊന്നും നേരത്തെ അറിയാനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ പരിശീലകനായി ഗൗതം ഗംഭീറും നായകനായി സൂര്യകുമാർ യാദവ് എത്തിയതോടെ വലിയൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ താരങ്ങൾക്കും അവരവരുടെ റോളിനെ പറ്റി വ്യക്തത വന്നിട്ടുണ്ട്.”- സഞ്ജു പറഞ്ഞു.
“ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ഒരാഴ്ച മുൻപ് തന്നെ എന്റെ റോളിനെ സംബന്ധിച്ച് സംസാരിച്ചിരുന്നു. 3 മത്സരങ്ങളിലും ഞാൻ കളിക്കുമെന്ന് അവർ ഉറപ്പുനൽകി. ഓപ്പണറായി തന്നെ 3 മത്സരങ്ങളിലും കളിക്കുമെന്നും പറഞ്ഞു. നേരത്തെ തന്നെ അതിനായി തയ്യാറെടുക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയൊരു സന്ദേശം ലഭിച്ചപ്പോൾ തന്നെ വലിയ രീതിയിൽ തയ്യാറെടുപ്പുകൾ നടത്താൻ എനിക്ക് സാധിച്ചു. അത് പരമ്പരയിലെ എന്റെ മികച്ച പ്രകടനത്തിൽ വലിയൊരു പങ്കുവഹിച്ചു. ഇറാനി ട്രോഫിയ്ക്ക് ശേഷം കുടുംബവുമൊത്ത് ഞാനൊരു യാത്ര പോയിരുന്നു. ശേഷം തിരിച്ചുവന്ന് രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ തയ്യാറെടുപ്പുകൾ നടത്തി. അതും എനിക്ക് ഗുണം ചെയ്തു.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.
“വലിയ പിന്തുണ തന്നെയാണ് നിലവിലെ ഇന്ത്യയുടെ പരിശീലകനായിട്ടുള്ള ഗൗതം ഗംഭീറിന്റെ ഭാഗത്തു നിന്ന് എനിക്ക് കിട്ടിയത്. പല പരിശീലകർക്ക് കീഴിലും കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഗംഭീറിന്റെ ആശയവിനിമയശേഷി വളരെ പ്രത്യേകതയുള്ളതാണ്. സഞ്ജു നീ പേടിക്കേണ്ട, നിനക്ക് എന്റെ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം വന്ന ദിവസം മുതൽ പറയുന്നുണ്ട്. നീ എത്ര നല്ല കളിക്കാരൻ ആണെന്ന് എനിക്കറിയാം എന്നാണ് ഗംഭീർ പറഞ്ഞത്. ‘ഞാൻ ഒരുപാട് വർഷങ്ങളായി നിന്നെ കാണുന്നു. അതുകൊണ്ടുതന്നെ അവസരം ലഭിക്കുമ്പോൾ നന്നായി ആസ്വദിച്ചു കളിക്കാൻ ശ്രമിക്കുക. ഞങ്ങളെല്ലാവരും കൂടെയുണ്ട്.’ ഇങ്ങനെയാണ് ഗംഭീർ പറഞ്ഞത്. ഇത്തരമൊരു വിശ്വാസം പരിശീലകന്റെ ഭാഗത്തുനിന്ന് കിട്ടുമ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ്.”- സഞ്ജു പറഞ്ഞു വെക്കുന്നു.