കെഎൽ രാഹുൽ പാകിസ്ഥാനെതിരെ കളിക്കണം. ഇഷാൻ കിഷനെ ഇന്ത്യ ഒഴിവാക്കണമെന്ന് ഇർഫാൻ പത്താൻ.

ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വഡിലേക്ക് കെഎൽ രാഹുൽ തിരിച്ചെത്തിയതോടുകൂടി ഒരുപാട് തലവേദനകളാണ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ രാഹുലിന്റെ അഭാവത്തിൽ ഇഷാൻ കിഷനായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്കായി മൈതാനത്ത് ഇറങ്ങിയത്. എന്നാൽ രാഹുൽ തിരിച്ചെത്തുന്നതോടെ ഇന്ത്യ ആരെ പ്ലെയിങ് ലെവലിൽ ഉൾപ്പെടുത്തും എന്നത് വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ തനിക്ക് ലഭിച്ച അവസരം ഏറ്റവും നല്ല രീതിയിൽ ഇഷാൻ കിഷൻ ഉപയോഗിച്ചിരുന്നു. മത്സരത്തിൽ 82 റൺസ് നേടി ഇന്ത്യൻ ബാറ്റിംഗിന് നെടുംതൂണാകാൻ കിഷന് സാധിച്ചു. ഈ സാഹചര്യത്തിൽ വരും മത്സരങ്ങളിലും ഇന്ത്യ കിഷനെ തന്നെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് പല മുൻ താരങ്ങളും അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ ഈ നിലപാടിനെ ഭേദിച്ചു കൊണ്ടാണ് ഇർഫാൻ പത്താൻ രംഗത്ത് വന്നിരിക്കുന്നത്.

ഇഷാൻ കിഷന്റെ ഒരു ഇന്നിംഗ്സ് കൊണ്ട് കെ എൽ രാഹുൽ ഇതുവരെ കാഴ്ചവച്ച പ്രകടനങ്ങളെ വിലയിരുത്തരുത് എന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. കെ എൽ രാഹുൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കണം എന്ന രീതിയിലാണ് പത്താൻ സംസാരിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി രാഹുൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും, അതിനാൽ തന്നെ ഇഷാൻ കിഷന്റെ ഒരു ഇന്നിംഗ്സ് വെച്ച് അതിനെ അളക്കാൻ പാടില്ലെന്നും പത്താൻ ആവർത്തിച്ചു പറയുന്നു. “ഇഷാൻ കിഷനും കെഎൽ രാഹുലിനും ഒരുമിച്ച് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കണമെങ്കിൽ, ഇന്ത്യൻ ടോപ്പ് ഓർഡറിലെ ആർക്കെങ്കിലും പരിക്ക് പറ്റേണ്ടതുണ്ട്. പക്ഷേ ഒരു കാരണവശാലും അങ്ങനെ സംഭവിക്കരുത് എന്നാണ് നമ്മുടെ ആഗ്രഹം.”- ഇർഫാൻ പത്താൻ പറഞ്ഞു.

“പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ അഞ്ചാമനായിറങ്ങി റൺസ് കണ്ടെത്താൻ കിഷന് സാധിച്ചിരുന്നു. അഞ്ചാം നമ്പർ എന്നത് കിഷന്റെ യഥാർത്ഥ സ്ഥാനമല്ല. എന്നാൽ കിഷൻ റൺസ് നേടി. പക്ഷേ അടുത്ത മത്സരത്തിൽ അവൻ പെട്ടെന്ന് തന്നെ പുറത്താവുകയാണെങ്കിൽ അവൻ ഫോമിലല്ല എന്ന് നമുക്ക് പറയാൻ സാധിക്കുമോ? നമ്മൾ പലപ്പോഴും എല്ലാം പെട്ടെന്ന് മറക്കുന്നവരാണ്. ഇഷാൻ കേവലം ഒരു ഇന്നിംഗ്സ് മാത്രമാണ് കളിച്ചത്. രാഹുലിന്റെ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രകടനങ്ങൾ നമ്മൾ മറക്കാൻ പാടില്ല.”- പത്താൻ കൂട്ടിച്ചേർക്കുന്നു.

“എന്തായാലും രാഹുൽ ടീമിൽ വരട്ടെ. കളിക്കട്ടെ. അഥവാ അവന് തന്റെ ഫോമിലേക്ക് തിരികെയെത്താൻ സാധിച്ചില്ലെങ്കിൽ പിന്നീട് ഇഷാൻ കിഷനെ കളിപ്പിക്കുന്ന കാര്യത്തെപ്പറ്റി സംസാരിക്കാം. ഏഷ്യാകപ്പിൽ അവന് മികവുപുലർത്താൻ സാധിച്ചില്ലെങ്കിൽ ലോകകപ്പിൽ നമുക്ക് രാഹുലിനെ കളിപ്പിക്കാം.”- ഇർഫാൻ പത്താൻ പറഞ്ഞുവയ്ക്കുന്നു. പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ നാല് മത്സരം നടക്കുന്നത്. ഗ്രൂപ്പ്‌ ഘട്ട മത്സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും ആവേശ പോരാട്ടം തന്നെയാവും സെപ്റ്റംബർ 10ന് നടക്കുന്നത്.