കഴിഞ്ഞ 2 വർഷങ്ങളിൽ ട്വന്റി20 ക്രിക്കറ്റിൽ ഒന്നാം നമ്പർ ബാറ്റർ എന്ന പേര് സമ്പാദിച്ച താരമാണ് സൂര്യകുമാർ യാദവ്. എന്നാൽ 2024 ട്വന്റി20 ലോകകപ്പിൽ അടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. ഇതുവരെ ഈ ലോകകപ്പിൽ 3 ഇന്നിംഗ്സുകളിൽ നിന്നായി 59 മാത്രമാണ് സൂര്യകുമാർ നേടിയത്.
അയർലണ്ടിനെതിരെയും പാക്കിസ്ഥാനെതിരെയും മോശം പ്രകടനങ്ങൾ തന്നെയായിരുന്നു സൂര്യ പുറത്തെടുത്തത്. പക്ഷേ ഇന്ത്യയുടെ അമേരിക്കക്കെതിരായ മത്സരത്തിൽ മികച്ച ഒരു മികച്ച പ്രകടനം കാഴ്ചവച്ച് ടീമിനെ വിജയത്തിലെത്തിക്കാൻ സൂര്യകുമാറിന് സാധിച്ചിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി വളരെ പക്വതയോടെ കളിക്കുന്ന സൂര്യകുമാറിനെ ആയിരുന്നു മത്സരത്തിൽ കണ്ടത്. തന്റെ ശൈലിയിൽ വന്ന മാറ്റങ്ങളെപ്പറ്റി സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.
തങ്ങളുടെ ടീമിന് വേണ്ടി കളിക്കുന്ന ശൈലിയിൽ മാറ്റം വരുത്തുന്നതിൽ തനിക്ക് വിയോജിപ്പില്ല എന്ന് സൂര്യകുമാർ യാദവ് പറയുകയുണ്ടായി. “കഴിഞ്ഞ 2 വർഷങ്ങളിലായി ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം നമ്പറിൽ നിൽക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ അങ്ങനെ ഒരു ബാറ്റർ വ്യത്യസ്തമായ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും, ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് തന്റെ ബാറ്റിങ്ങിൽ മാറ്റം വരുത്തുകയും ചെയ്യണം. ഒരു ബാറ്റർ മികച്ച താരമായി മാറുന്നത് അങ്ങനെ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറുമ്പോഴാണ്. അതിന് വേണ്ടി തന്നെയാണ് ഞാൻ ശ്രമിക്കുന്നതും.”- സൂര്യകുമാർ യാദവ് പറയുകയുണ്ടായി.
“യാതൊരു പെയ്സും ഇല്ലാത്ത വിക്കറ്റുകളിൽ കൃത്യമായി വമ്പൻ ഷോട്ടുകൾ കളിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല എതിർ ടീം ഒരു ബാറ്ററുടെ മത്സരം കൃത്യമായി മനസ്സിലാക്കിയാൽ, അത് ആ ബാറ്റർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ആ സമയത്ത് നമ്മൾ സ്മാർട്ടായി മാറാൻ ശ്രമിക്കണം. ഇങ്ങനെ ഇന്നിംഗ്സ് വലുതാക്കി മാറ്റണം.”
“സാഹചര്യത്തിനനുസരിച്ച് മാറുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആ നിമിഷം നമ്മുടെ ടീമിന് എന്താണോ ആവശ്യം ആ രീതിയിൽ ചിന്തിക്കാൻ സാധിക്കണം. എതിർ ക്രീസിലുള്ള നമ്മുടെ പങ്കാളിയോടും ഇതേ സംബന്ധിച്ച് സംസാരിക്കണം. മൈതാനത്ത് ശാന്തത പുലർത്തുകയും, ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യാൻ സാധിക്കണം.”- സൂര്യകുമാർ കൂട്ടിച്ചേർക്കുന്നു.
വിൻഡീസിലെ പിച്ചുകളെ പറ്റിയും സൂര്യകുമാർ സംസാരിക്കുകയുണ്ടായി. “ഇവിടെ കളിക്കുന്നതിൽ ഞങ്ങൾക്ക് നല്ല സന്തോഷമുണ്ട്. അതിനർത്ഥം അമേരിക്കയിൽ കളിക്കുമ്പോൾ ആ സന്തോഷമില്ല എന്നല്ല. അവിടെ ഞങ്ങൾ ആദ്യമായാണ് കളിച്ചത്. അതുകൊണ്ടുതന്നെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. ചില സമയങ്ങളിൽ പിച്ച് ഞങ്ങൾക്ക് വെല്ലുവിളി ഉണ്ടാക്കുകയും ചെയ്തു. പക്ഷേ വിൻഡീസിൽ ഞങ്ങൾ കളിച്ചിട്ടുണ്ട്. ഞങ്ങൾക്ക് സാഹചര്യങ്ങൾ അറിയാം.”- സൂര്യകുമാർ പറഞ്ഞുവെക്കുന്നു.