ഒടുവിൽ പാകിസ്ഥാന്റെ തിരിച്ചുവരവ്. 1138 ദിവസത്തിന് ശേഷം ടെസ്റ്റ്‌ വിജയം.

1138 ദിവസത്തിന് ശേഷം തങ്ങളുടെ നാട്ടിൽ ഒരു ടെസ്റ്റ്‌ മത്സരം വിജയിച്ച് പാകിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ വലിയ പരാജയമായിരുന്നു പാക്കിസ്ഥാന് നേരിടേണ്ടി വന്നത്. ഇതിന് ശേഷം ടീമിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

പിന്നാലെ ടീമിന്റെ മുൻ നായകനായ ബാബർ ആസമിനെ അടക്കം മാറ്റിനിർത്തിയാണ് പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയത്. മത്സരത്തിൽ 152 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കാൻ പാക്കിസ്ഥാന് സാധിച്ചു. ബോളർമാരായ സാജിദ് ഖാന്റെയും നോമൻ അലിയുടെയും വമ്പൻ പ്രകടനമാണ് മത്സരത്തിൽ പാകിസ്താന്റെ വിജയത്തിൽ പ്രധാനമായി മാറിയത്. ഒപ്പം ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ യുവതാരം കമ്രാൻ ഗുലാമും മത്സരത്തിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനായി ആദ്യ ഇന്നിങ്സിൽ മികവ് പുലർത്തിയത് ബാബർ അസമിന് പകരക്കാരനായെത്തിയ കമ്രാൻ ഗുലാമാണ്. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ ഗുലാമിന് സാധിച്ചു. 224 പന്തുകളിൽ 118 റൺസാണ് ഗുലാം സ്വന്തമാക്കിയത്.

 77 റൺസ് നേടിയ അയ്യൂബും മികച്ച പ്രകടനം പുറത്തെടുത്തതോടെ പാക്കിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 366 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇംഗ്ലണ്ടിനായി 4 വിക്കറ്റുകൾ നേടിയ ജാക് ലീച്ചാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഡെക്കറ്റ് നൽകിയത്. മത്സരത്തിൽ ഒരു ഏകദിന ശൈലിയിൽ കളിച്ച് സെഞ്ച്വറി സ്വന്തമാക്കാൻ ഡക്കറ്റിന് സാധിച്ചു. 129 പന്തുകളിൽ 114 റൺസാണ് ഡെക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ മറ്റു ബാറ്റർമാർ പാക്കിസ്ഥാന് മുൻപിൽ കൂപ്പുകുത്തി വീഴുകയായിരുന്നു.

സാജിദ് ഖാനും നോമൻ അലിയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ടിന്റെ അടിവേര് നഷ്ടമായി. സാജിദ് ഖാൻ ഇന്നിംഗ്സിൽ 7 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ നോമൻ 3 വിക്കറ്റുകളാണ് നേടിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 291 റൺസിൽ അവസാനിക്കുകയായിരുന്നു. 75 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് പാക്കിസ്ഥാന് ലഭിച്ചത്.

പിന്നാലെ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാനായി അർത്ഥസെഞ്ച്വറി നേടിയ സൽമാൻ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. രണ്ടാം ഇന്നിങ്സിൽ 221 റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാൻ സാധിച്ചത്. ഇതോടെ ഇംഗ്ലണ്ടിന്റെ അവസാന ഇന്നിങ്സിലെ വിജയലക്ഷ്യം 296 റൺസായി മാറി. എന്നാൽ രണ്ടാം നോമൻ അലിയും സാജിദ് ഖാനും പാകിസ്ഥാനായി തീയായി മാറി. 

നോമൻ 8 വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കിയത്. സാജിദ് ഖാൻ 2 വിക്കറ്റുകൾ സ്വന്തമാക്കി ഇതോടെ ഇംഗ്ലണ്ട് കേവലം 144 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തിൽ 152 റൺസിന്റെ വിജയമാണ് പാക്കിസ്ഥാന് ലഭിച്ചത്.

Previous articleഐസിസി റാങ്കിങ്ങിൽ സഞ്ജുവിന്റെ കുതിച്ചുചാട്ടം. 91 സ്ഥാനങ്ങൾ മുൻപിലേക്ക് കയറി.
Next articleബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയത് വലിയ കാര്യമല്ല, അവർ ദുർബലർ. സഞ്ജുവിനെ താഴ്ത്തികെട്ടി ശ്രീകാന്ത്.