ആരാധകർ പ്രതീക്ഷിച്ചിരുന്ന പ്രകടനം പുറത്തെടുക്കാൻ ഇത്തവണ സാധിക്കാതെ പോയ കളിക്കാരിൽ ഒരാൾ ആണ് ഡൽഹി ക്യാപിറ്റൽസ് നായകൻ പന്ത്. ഒരുപാട് വിമർശനങ്ങളാണ് താരത്തിനു നേരെ ഉയർന്നത്. ഡൽഹിയെ പ്ലേ ഓഫിൽ എത്തിക്കുന്നതിലും താരം പരാജയപ്പെട്ടു.
ലീഗിലെ അവസാന മത്സരത്തിൽ വിജയിച്ചാൽ ഡൽഹിക്ക് പ്ലേ ഓഫിൽ എത്താമായിരുന്നു. എന്നാൽ മുംബൈ ക്കെതിരെ പരാജയപ്പെടുകയും ടൂർണ്ണമെൻ്റിൽ നിന്ന് പുറത്താവുകയും ചെയ്തു. മുംബൈക്കെതിരായ മത്സരത്തിൽ ചില തെറ്റായ തീരുമാനങ്ങൾ എടുത്തതിനാൽ കടുത്ത വിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നത്. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ പിയുഷ് ചൗള.
“അവൻ ഇപ്പോഴും ചെറുപ്പമാണ്. നായകനെന്ന നിലയിൽ അവൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. തെറ്റുകൾ സംഭവിച്ചേക്കാം. അവൻ എന്നല്ല ഏത് ക്യാപ്റ്റനും തെറ്റുകൾ സംഭവിക്കാം. അവൻ ഭാവിയിലെ താരമാണ്. കുറച്ച് സമയം എടുത്ത് അവൻ്റെ അനുഭവങ്ങളിൽ നിന്നും അവൻ പഠിക്കും എന്ന് എനിക്കുറപ്പുണ്ട്.
നായകപദവി അവൻ്റെ ബാറ്റിങ്ങിനെ ബാധിച്ചിട്ടുണ്ട് എനിക്ക് തോന്നുന്നില്ല. ഒരു പന്ത് അടിക്കാൻ പാകത്തിനുള്ളത് ആണെങ്കിൽ, അത് ആദ്യ ബോൾ ആണെങ്കിൽ കൂടെ അവൻ അത് അടിക്കും. ഈ ഐപിഎൽ സീസണിൽ അവൻ്റെ ബാറ്റിംഗ് പെർഫോമൻസിൽ നായകൻ എന്ന പദവി ബാധിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവൻ മോശം ഫോമിൽ ആണെന്ന് ഞാൻ പറയില്ല. അവൻ നന്നായി ബാറ്റ് ചെയ്ത് മികച്ച ഇന്നിംഗ്സുകൾ പുറത്തെടുക്കുന്നുണ്ട്. പക്ഷേ അതൊന്നും വലിയ സ്കോറിലേക്ക് നീങ്ങുന്നില്ല എന്ന് മാത്രം. അടുത്ത വർഷവും ഡൽഹി നായകനായി അവൻ തുടരുന്നത് കാണാൻ ആണ് എൻ്റെ ആഗ്രഹം.”-ചൗള പറഞ്ഞു.