പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ അടിക്ക് തിരിച്ചടിയുമായി ക്വാട്ട ഗ്ലാഡിയേറ്റേഴ്സ്. പെഷവാർ ടീമിനെതിരായ മത്സരത്തിലാണ് ക്വാട്ട ടീം ഒരു റെക്കോർഡ് വിജയം സ്വന്തമാക്കിയത്. ട്വന്റി20 ചരിത്രത്തിലെ തന്നെ ത്രസിപ്പിക്കുന്ന ഒരു ചെയ്സാണ് മത്സരത്തിൽ കണ്ടത്. ആദ്യ ഇന്നിങ്സിൽ 240 റൺസ് നേടിയ പെഷവാറിനെ ഒരു തകർപ്പൻ ചെയ്സിലൂടെ ക്വാട്ട ടീം തറ പറ്റിക്കുകയാണ് ഉണ്ടായത്. ഇംഗ്ലണ്ട് ബാറ്റർ ജെയ്സൺ റോയുടെ ഒരു മിന്നും ബാറ്റിംഗ് പ്രകടനമായിരുന്നു ക്വാട്ട ഗ്ലാഡിയേറ്റേഴസ് ടീമിന് ഈ അത്ഭുതവിജയം സമ്മാനിച്ചത്.
മത്സരത്തിൽ ടോസ് നേടിയ പെഷവാർ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കം തന്നെയാണ് പെഷവാറിന് ഓപ്പണർമാരായ അയ്യൂബും ബാബർ ആസാമും നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ അടിച്ചു തകർത്തു. നായകൻ ബാബർ ആസം 65 പന്തുകളിൽ 115 റൺസ് നേടിയപ്പോൾ, അയ്യൂബ് 34 പന്തുകളിൽ 74 റൺസ് ആണ് നേടിയത്. അവസാന ഓവറുകളിൽ റോവ്മൻ പവൽ(35) കൂടെ അടിച്ചുതകർത്തതോടെ പെഷവർ 240 എന്ന ഭീമാകാരമായ സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ കാണാനായത് ജെയിസൺ റോയ് എന്ന വെടിക്കെട്ട് വീരന്റെ കണ്ണും പൂട്ടിയടി തന്നെയായിരുന്നു. ആദ്യ ബോൾ മുതൽ പേശാവാർ ബോളർമാരെ റോയ് പഞ്ഞിക്കിട്ടു. മത്സരത്തിൽ 63 പന്തുകളിൽ നിന്ന് 145 റൺസ് ആണ് റോയ് നേടിയത്. ഇന്നിംഗ്സിൽ 20 ബൗണ്ടറികളും 5 സിക്സറുകളും ഉൾപെട്ടു. ഒപ്പം 18 പന്തുകളിൽ 41 റൺസ് നേടിയ ഹഫീസും റോയിക്ക് മികച്ച പിന്തുണ നൽകി. അങ്ങനെ ക്വാട്ട ടീം മത്സരത്തിൽ ഈ ഭീമാകാരമായ സ്കോർ 10 ബോളുകൾ ശേഷിക്കെ പിന്തുടർന്ന് വിജയിക്കുകയായിരുന്നു.
മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കായിരുന്നു ക്വാട്ടയുടെ ഈ ഐതിഹാസിക വിജയം. ട്വന്റി20 ചരിത്രത്തിൽ തന്നെ മൂന്നാമത്തെ ഏറ്റവും ഉയർന്ന ചെയ്സാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ ആകെ 54 ബൗണ്ടറികളും 21 സിക്സറുകളുമാണ് പിറന്നത്.