“രോഹിത് ധോണിയെയും കപിലിനെയും പോലെ ജനങ്ങളുടെ നായകൻ”- സുനിൽ ഗവാസ്കർ.

GRRF8EuWkAAlyeY

2024 ട്വന്റി20 ലോകകപ്പിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയതോടുകൂടി ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്ര താളുകളിൽ ഇടംപിടിക്കാൻ നായകൻ രോഹിത് ശർമയ്ക്കും സാധിച്ചു. ടൂർണമെന്റിലുടനീളം പക്വതയാർന്ന പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു രോഹിത് ശർമയുടെ ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കിയത്.

37കാരനായ രോഹിത് ശർമ തന്റെ നായകത്വ മികവുകൊണ്ട് ടൂർണമെന്റിൽ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ബാറ്റിങ്ങിലും ഭയപ്പാടില്ലാത്ത മനോഭാവമാണ് രോഹിത് ശർമ പുറത്തെടുത്തത്. ഇതോടെ കപിൽ ദേവിനും മഹേന്ദ്ര സിംഗ് ധോണിയ്ക്കും ശേഷം ഇന്ത്യയെ കിരീടത്തിൽ എത്തിക്കുന്ന നായകനായി മാറാനും രോഹിത്തിന് സാധിച്ചു. ഇപ്പോൾ രോഹിത്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറാണ്.

രോഹിത് ശർമയുടെ നായകത്വത്തിലെ മികവുകൾ ചൂണ്ടിക്കാട്ടിയാണ് ഗവാസ്കർ സംസാരിച്ചത്. കപിൽ ദേവിനെ പോലെയും മഹേന്ദ്ര സിംഗ് ധോണിയെ പോലെയും ഒരു നായകനായി മാറാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട് എന്ന ഗവാസ്കർ പറയുകയുണ്ടായി.

“മറ്റു രണ്ടു നായകന്മാരുടെയും ലിസ്റ്റിലേക്ക് ഇപ്പോൾ രോഹിത് ശർമയും കടന്നിരിക്കുകയാണ്. മുൻപ് ധോണിക്കും കപിൽ ദേവിനും ഇന്ത്യയെ വിജയികിരീടം ചൂടിക്കാൻ സാധിച്ചിരുന്നു. അവരെപ്പോലെ തന്നെ രോഹിത് ശർമയും ജനങ്ങളുടെ നായകനാണ്. തന്റെ ടീം അംഗങ്ങളുടെ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മുഴുവനും നായകനാവാൻ രോഹിത്തിന് സാധിച്ചു.”- ഗവാസ്കർ പറയുന്നു.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

“രോഹിത്തിന്റെ പ്രത്യേകമായ നായകത്വ ശൈലി ക്രിക്കറ്റ് ആരാധകർക്ക് വലിയ ഇഷ്ടമാണ്. തന്ത്രപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യാൻ രോഹിത്തിന് ലോകകപ്പിൽ സാധിച്ചിട്ടുണ്ട്. മാത്രമല്ല തന്റെ തീരുമാനങ്ങളിൽ രോഹിത് പക്വത പുലർത്തുകയുമുണ്ടായി. മൈതാനത്തെ രോഹിതിന്റെ ചില നീക്കങ്ങൾ പലരിലും അത്ഭുതമുണ്ടാക്കിയിരുന്നു. പലപ്പോഴും ചില തീരുമാനങ്ങൾ തെറ്റാകുമെന്നും ആളുകൾ കരുതി. പക്ഷേ അവസാന ഫലത്തിൽ രോഹിത് പലപ്പോഴും വിജയം കാണുകയുണ്ടായി. എന്താണ് ടീമിന് ഒരു പ്രത്യേക സമയത്ത് ആവശ്യം അതാണ് രോഹിത് ചെയ്തത്.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

“ടീമിനെ മുൻപിൽ നിന്ന് നയിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപരി ടീമിനായി പൂർണമായും കളിക്കാൻ രോഹിത്തിന് കഴിഞ്ഞു. തനിക്ക് റൺസ് നേടുക എന്നതിലുപരിയായി ടീമിന് തുടക്കത്തിൽ മികച്ച ഒരു മൊമെന്റം നൽകുക എന്നതിലാണ് രോഹിത് ശർമ ടൂർണ്ണമെന്റിൽ ശ്രദ്ധിച്ചത്. രോഹിത്തിനെ പോലെ ഒരു നായകനെ ലഭിക്കാൻ ഒരു ടീം ഭാഗ്യം ചെയ്യണം.”- ഗവാസ്കർ പറഞ്ഞുവെക്കുന്നു. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശർമ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Scroll to Top