2025 ഐപിഎല്ലിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ അടിച്ചുതകർത്ത് രാജസ്ഥാന്റെ പ്രധാന താരങ്ങൾ. ഇത്തവണത്തെ രാജസ്ഥാൻ നിരയിലെ പ്രധാന താരങ്ങളായ യശസ്വി ജയസാൾ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ എന്നിവരാണ് പരിശീലന മത്സരത്തിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. പരിശീലന മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കാൻ പരഗിനും ധ്രുവ് ജൂറലിനും സാധിച്ചു. മത്സരത്തിൽ 64 പന്തുകളിൽ 144 റൺസ് നേടിയ പരാഗ് പുറത്താവാതെ നിന്നു. ധ്രുവ് ജൂറൽ 44 പന്തുകളിൽ 104 റൺസാണ് സ്വന്തമാക്കിയത്. മാത്രമല്ല ഓപ്പണർ ജയസ്വാളും മികച്ച പ്രകടനമായിരുന്നു മത്സരത്തിൽ കാഴ്ചവച്ചത്. 34 പന്തുകൾ നേരിട്ട ജയസ്വാളിന് 83 റൺസ് സ്വന്തമാക്കാൻ സാധിച്ചു.
ഈ 3 വെടിക്കെട്ട് ഇന്നിങ്സുകളിൽ ഏറ്റവും മികച്ചത് പരാഗിന്റെതായിരുന്നു. 10 സിക്സറുകളും 16 ബൗണ്ടറികളുമാണ് ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും ഇതേപോലെ മികച്ച ബാറ്റിംഗ് പ്രകടനമാണ് പരാഗ് കാഴ്ചവച്ചത്. 16 മത്സരങ്ങൾ രാജസ്ഥാൻ ടീമിനായി കളിച്ച പരാഗ് 573 റൺസായിരുന്നു കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. 135.14 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു വെടിക്കെട്ട്. കഴിഞ്ഞ കുറച്ച് സീസണുകളായി രാജസ്ഥാനായി മികവ് പുലർത്തുന്ന താരമാണ് ജയസ്വാൾ. 2023 ഐപിഎല്ലിൽ 14 മത്സരങ്ങളിൽ നിന്ന് 625 റൺസ് സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു. 2024ൽ 16 മത്സരങ്ങളിൽ നിന്ന് 435 റൺസാണ് ജയസ്വാൾ സ്വന്തമാക്കിയത്.
2023ലായിരുന്നു ധ്രുവ് ജൂറൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്. അത്ര മികച്ച തുടക്കമായിരുന്നില്ല ജൂറലിന് ലഭിച്ചത്. തന്റെ ആദ്യ രണ്ട് സീസണുകളിൽ 200 റൺസ് മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 28 മത്സരങ്ങൾ കളിച്ച ജൂറൽ 347 റൺസാണ് സ്വന്തമാക്കിയത്. 151.53 എന്ന സ്ട്രൈക്ക് റേറ്റിലാണ് ജൂറലിന്റെ ഈ വെടിക്കെട്ട് പിറന്നത്. 2024 ഐപിഎൽ സീസണിൽ 2 അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കാനും ജൂറലിന് സാധിച്ചിരുന്നു. ഇവർക്കൊപ്പം സഞ്ജു സാംസൺ കൂടിച്ചേരുമ്പോൾ ഇത്തവണത്തെ രാജസ്ഥാന്റെ ബാറ്റിംഗ് മികച്ചതാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
2008ലെ ഐപിഎല്ലിന്റെ പ്രാഥമിക സീസണിൽ കിരീടം നേടിയ ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പിന്നീട് ടൂർണമെന്റൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ രാജസ്ഥാന് സാധിച്ചിരുന്നില്ല. ശേഷമാണ് മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി എത്തിയത്. പിന്നീട് അല്പം സ്ഥിരത കൈവരിക്കാൻ രാജസ്ഥാൻ ടീമിന് സാധിച്ചിരുന്നു. എന്നിരുന്നാലും കഴിഞ്ഞ സീസണുകളിൽ ന്നും കിരീടത്തിലേക്ക് എത്താൻ സാധിക്കാത്തത് രാജസ്ഥാന്റെ പോരായ്മയായി തന്നെ നിലനിൽക്കുന്നു. ഈ സീസണിൽ സഞ്ജുവും കൂട്ടരും ആ കടമ്പ കടക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.