ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന 3 ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കാൻ തയ്യാറാവുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ഈ ഏകദിന പരമ്പരയിലൂടെ ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരികെ വരികയാണ്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിന് ശേഷം ഇരുവരും ഇന്ത്യക്കായി കളിച്ചിട്ടില്ല. മാത്രമല്ല 2022ന് ശേഷം ഇന്ത്യയ്ക്കായി ഏകദിന പരമ്പര കളിച്ചിട്ടില്ലാത്ത റിഷഭ് പന്തും ടീമിൽ ഉൾപ്പെടുന്നുണ്ട്.
രാഹുലും ഇന്ത്യയുടെ ഏകദിന ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയങ്ങളിൽ രാഹുലും ഒരു പ്രധാന പങ്കു വഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ രാഹുലും പന്തും എത്തിയതോടെ ഇവരിൽ ആരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തും എന്ന ചോദ്യം ഉയരുകയാണ്.
ഈ ചോദ്യത്തിന് ഉത്തരവുമായാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ രംഗത്ത് എത്തിയിരിക്കുന്നത്. ആരാവും വരുന്ന ഏകദിന മത്സരങ്ങളിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എന്ന് രോഹിത് പറയാൻ തയ്യാറാവുന്നില്ല. “തീർച്ചയായും ഇതൊരു പ്രശ്നം തന്നെയാണ്. എന്തായാലും ഇതൊരു കഠിനമായ കോൾ തന്നെയായിരിക്കും. രണ്ടുപേരും വളരെ നിലവാരമുള്ള താരങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു താരത്തെ തിരഞ്ഞെടുക്കുക എന്നത് കഠിനമാണ്. കാരണം അത്രമാത്രം മികച്ച നിലവാരമാണ് അവർ വച്ചുപുലർത്തുന്നത്. ഈ രണ്ടു താരങ്ങളും ഇന്ത്യയെ സംബന്ധിച്ച് നിർണായ താരങ്ങൾ തന്നെയാണ്. അവരുടേതായ വഴിയിൽ മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഇരുവർക്കും സാധിക്കും.”- രോഹിത് ശർമ പറഞ്ഞു.
“കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി ഒരുപാട് മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ ഈ രണ്ടു താരങ്ങൾക്കും സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ടീം തിരഞ്ഞെടുക്കുമ്പോൾ ഇത്തരമൊരു പ്രശ്നം മുൻപിലുള്ളത് ടീമിന് വലിയ മെച്ചം ഉണ്ടാക്കുന്നു. ആരെ തിരഞ്ഞെടുക്കണം, ആരെ പുറത്തിരുത്തണം എന്ന ചർച്ചകൾ പുരോഗമിക്കുന്നത് ഒരു ടീമിനെ സംബന്ധിച്ച് നല്ല കാര്യമാണ്. അതിനർത്ഥം നമ്മുടെ സ്ക്വാഡിൽ ഒരുപാട് നിലവാരമുള്ള താരങ്ങളുണ്ട് എന്നാണ്. ഇത്തരം പ്രശ്നങ്ങളുള്ളത് നല്ല കാര്യമായാണ് ഞാൻ കരുതുന്നത്. ഒരു ക്യാപ്റ്റൻ എന്ന നിലയ്ക്ക് ഇത്തരം പ്രശ്നങ്ങൾ എനിക്ക് സന്തോഷം നൽകുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.
പരമ്പരയിൽ രോഹിത് ശർമയും ഗില്ലും ഓപ്പണർമാരായി എത്തുമെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. കാരണം നിലവിൽ രോഹിത് ശർമ പരമ്പരയിൽ നായകനും ഗിൽ ഉപനായകനുമാണ്. ഇവർക്ക് ശേഷം വിരാട് കോഹ്ലി മൂന്നാം നമ്പറിലും, ശ്രേയസ് അയ്യർ നാലാം നമ്പറിലും എത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ പന്തിന് പകരക്കാരനായി രാഹുൽ ഇന്ത്യയുടെ ഏകദിന ടീമിൽ കളിക്കാനും സാധ്യതകൾ നിലനിൽക്കുന്നു. ജഡേജയെ ഏകദിന പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയതിനാൽ തന്നെ അക്ഷർ പട്ടേൽ ടീമിൽ ഉണ്ടാകുമെന്നത് ഉറപ്പാണ്. വാഷിംഗ്ടൺ സുന്ദറിന് പകരം റിയാൻ പരഗാവും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുക.