ഈ മാസം അവസാനം യുഎഇയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിലൂടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ്. ബാറ്റിംഗിൽ ബുദ്ധിമുട്ടുന്ന കോഹ്‌ലി, അടുത്തിടെ അവസാനിച്ച വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും വരാനിരിക്കുന്ന സിംബാബ്‌വെ ഏകദിനത്തിലും വിശ്രമം തിരഞ്ഞെടുത്തിരുന്നു.
ടൂര്‍ണമെന്‍റിലൂടെ വീരാട് കോഹ്‌ലി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടുമ്പോൾ. മത്സരത്തിന് മുന്‍പായി, മുൻ പാകിസ്ഥാൻ പേസർ ആഖിബ് ജാവേദ് കോഹ്‌ലിയെ, ബാബർ അസമുമായി താരതമ്യപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.
വീരാട് കോഹ്ലിയേപ്പോലെ സാങ്കേതികമായി മികച്ച് നില്‍ക്കുന്ന ബാബർ, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരെല്ലാം മോശം അവസ്ഥ അനുഭവിക്കാറുണ്ടെന്ന് ജാവേദ് അഭിപ്രായപ്പെട്ടു.
“മികച്ച കളിക്കാർ രണ്ട് തരം ഉണ്ട്. ഒന്ന്, മോശം ഫോം വളരെക്കാലം തുടരുന്ന കളിക്കാർ. ബാബർ അസം, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരെപ്പോലെ, സാങ്കേതികമായി മികച്ച കളിക്കാരാണ് മറ്റുള്ളവർ. അവരുടെ ബലഹീനത കണ്ടെത്താൻ പ്രയാസമാണ്. ഓഫ് സ്റ്റമ്പിന് പുറത്തുള്ള ആ പന്തുകളിൽ കോഹ്‌ലി ഇടയ്ക്കിടെ പുറത്താകുന്നു. ജെയിംസ് ആൻഡേഴ്സൺ അത് ഉപയോഗിക്കുന്നത് പല തവണ കണ്ടിരുന്നു ”
പാകിസ്ഥാനെതിരെ പ്രത്യേകിച്ച് ടി20 ഫോർമാറ്റിൽ കോഹ്‌ലിക്ക് മികച്ച റെക്കോഡാണുള്ളത്. ഇതുവരെ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികളോടെ 77.75 ശരാശരിയിൽ 311 റൺസാണ് താരം നേടിയിട്ടുളളത്.
“കോഹ്‌ലി പ്രകടനം നടത്തിയില്ലെങ്കിൽ, ഇന്ത്യ തോല്‍ക്കും, അവർക്കും ഞങ്ങളെപ്പോലെ സമാനമായ സാഹചര്യം നേരിടേണ്ടിവരും. അപ്പോൾ, എന്തുകൊണ്ടാണ് അവർ ഫോമിലുള്ള ദീപക് ഹൂഡയെ കളിപ്പിക്കാത്തത് എന്ന ചോദ്യങ്ങൾ ഉയർന്നുവരും. എന്നാൽ യുഎഇ പിച്ചുകളിൽ, ഫോമിലല്ലാത്ത ബാറ്റർമാർ പോലും താളം കണ്ടെത്തുന്നു, ” വീരാട് കോഹ്ലി ഫോം കണ്ടെത്തും എന്ന് ജാവേദ് കൂട്ടിച്ചേർത്തു.