ഏഷ്യ കപ്പ് വനിതാ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 124 റണ്‍സില്‍ എല്ലാവരും പുറത്തായി. 13 റണ്‍സിന്‍റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യം വച്ച് എത്തിയ ഇന്ത്യയെ പാക്കിസ്ഥാന്‍ കീഴടക്കി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. മേഖ്ന (15) മന്ദാന (17) ജെമീമ (2) ഹേമലത (20) പൂജ (5) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ 65 ന് 5 എന്ന നിലയിലായി.
ഹര്‍മ്മന്‍ പ്രീത് കൗറും ദീപ്തി ശര്‍മ്മയും ഒത്തൊരുമിച്ചപ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 47 ബോളില്‍ 73 റണ്‍സായിരുന്നു. ബൗണ്ടറികള്‍ നേടി തുടങ്ങിയെങ്കിലും ദീപ്തി ശര്‍മ്മ 11 പന്തില്‍ 16 റണ്‍സ് നേടി പുറത്തായി. അധികം വൈകാതെ കൗറും (12) പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
എന്നാല്‍ 18ാം ഓവറില്‍ റിച്ച ഘോഷിന്‍റെ ഇരട്ട സിക്സ് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷകള്‍ നല്‍കി. അടുത്ത ഓവറില്‍ സിക്സും ഫോറും അടിച്ചെങ്കിലും 13 പന്തില്‍ 26 റണ്‍സുമായി റിച്ചാ ഘോഷ് പുറത്തായി.
അവസാന ഓവറില്‍ വിജയിക്കാനായി 18 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. നാലാം പന്തില്‍ ഗെയ്ക്വാദിനെ പുറത്താക്കി എയ്മാന്‍ അന്‍വര്‍ പാക്കിസ്ഥാന് വിജയം സമ്മാനിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ത്തില്‍ 137 റണ്‍സാണ് നേടിയത്. 33 ന് 3 എന്ന പവര്‍പ്ലേ സ്കോറിനു ശേഷം പാക്കിസ്ഥാന് മാന്യമായ സ്കോര്‍ നല്‍കിയത് മറൂഫ് – നിദ ദര്‍ എന്നിവരുടെ കൂട്ടുകെട്ടാണ്.
ക്യാപ്റ്റന്‍ മറൂഫ് 35 പന്തില്‍ 32 റണ്‍സ് നേടി. നിദ ദര്‍ ആവട്ടെ 37 പന്തില്‍ 5 ഫോറും 1 സിക്സുമായി 56 റണ്‍സ് നേടി പുറത്താകതെ നിന്നു. ഇന്ത്യക്കായി ദീപ്തി ശര്‍മ്മ 3 വിക്കറ്റ് വീഴ്ത്തി. പൂജ 2 ഉം രേണുക 1 വിക്കറ്റും സ്വന്തമാക്കി.
ശനിയാഴ്ച്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം