കടുവകളെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ സെമിഫൈനലില്‍. പുറത്താകലിന്‍റെ വക്കലില്‍ നിന്നും പാക്കിസ്ഥാന്‍റെ മുന്നേറ്റം

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ സെമിഫൈനലില്‍ കടന്നു. സൂപ്പര്‍ 12 ലെ അവസാന റൗണ്ട് പോരാട്ടത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

20221106 123144


വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനായി മുഹമ്മദ് റിസ്വാന്‍ (35) ബാബര്‍ അസം (25) എന്നിവര്‍ ആദ്യ വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും തുടര്‍ച്ചയായ ഓവറുകളില്‍ പുറത്തായെങ്കിലും മുഹമ്മദ് ഹാരിസിന്‍റെ 18 പന്തില്‍ 31 റണ്‍സ് പ്രകടനം വിജയത്തിനരികില്‍ എത്തിച്ചു. ഷാന്‍ മസൂദും (24) മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തില്‍ ഉടനീളം ബംഗ്ലാദേശിന്‍റെ ഫീല്‍ഡിങ്ങ് പിഴവുകള്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ബംഗ്ലാ കടുവകളെ കുഴക്കിയത്. ഷഡബ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. അർധസെഞ്ച്വറി നേടിയ നജ്മുൽ ഹൊസൈൻ ഷാന്റോയാണ് ബംഗ്ലാദേശ് ടോപ് സ്കോറർ(48 പന്തിൽ54). സൗമ്യ സർക്കാർ (17 പന്തിൽ 20), അഫീഫ് ഹുസൈൻ(20 പന്തിൽ 24) എന്നിവരാണ് തിളങ്ങിയ മറ്റ് ബാറ്റ്സ്മാൻമാർ.

20221106 120653

വിജയത്തോടെ പാക്കിസ്ഥാന്‍ ഇന്ത്യയൊടൊപ്പം രണ്ടാം ഗ്രൂപ്പില്‍ നിന്നും സെമിയിലേക്ക് യോഗ്യത നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനോട് ദക്ഷിണാഫ്രിക്ക തോറ്റതോടെയാണ് പാക്കിസ്ഥാനു സെമി ഫൈനല്‍ പ്രവേശനം സാധ്യമായത്.

ഗ്രൂപ്പ് ചാംപ്യന്‍മാരെ അവസാന മത്സരമായ ഇന്ത്യ – സിംബാബ്വെ പോരാട്ടത്തിനു ശേഷം തീരുമാനിക്കും. ഇരു ടീമും സെമി ഫൈനലില്‍ വിജയിച്ചാല്‍ ക്ലാസിക്ക് പോരാട്ടത്തിനു വഴി തെളിക്കും.