ശക്തരായ പാക്കിസ്ഥാൻ ടീമിനെതിരെ ഒരു തകർപ്പൻ അട്ടിമറി വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. പാക്കിസ്ഥാനെതിരെ നടന്ന ട്വന്റി20 മത്സരത്തിൽ ആറ് വിക്കറ്റുകളുടെ ഉഗ്രൻ വിജയമാണ് അഫ്ഗാനിസ്ഥാൻ പട സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാൻ ബോളർമാരുടെ തകർപ്പൻ പ്രകടനമായിരുന്നു മത്സരത്തിൽ അവർക്ക് വിജയം സമ്മാനിച്ചത്. ഇതോടെ നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് കൂടി പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ തേടി എത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെ വിലകുറച്ചു കണ്ട പാക്കിസ്ഥാനേറ്റ ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് ഈ അട്ടിമറി.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ വമ്പൻ ബാറ്റർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും ഇല്ലാതെയാണ് പാകിസ്ഥാൻ ഇറങ്ങിയത്. എന്നാൽ മത്സരത്തിന്റെ തുടക്കം മുതൽ അഫ്ഗാനിസ്ഥാൻ ബോളർമാരുടെ കൃത്യമായ ആധിപത്യം തന്നെയാണ് കാണാൻ സാധിച്ചത്. പാക്കിസ്ഥാന്റെ ഓരോ ബാറ്റർമാരെയും ക്രീസിൽ ഉറയ്ക്കുന്നതിനു മുൻപ് പുറത്താക്കാൻ അഫ്ഗാനിസ്ഥാൻ ബോളർമാർക്ക് സാധിച്ചു. പാകിസ്ഥാൻ ഇന്നിങ്സിൽ 18 റൺസെടുത്ത ഇമാദ് വസീമും, 16 റൺസ് നേടിയ താഹിറും, 17 റൺസ് നേടിയ അയ്യൂബും മാത്രമാണ് അല്പനേരമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. ബാക്കി ബാറ്റർമാരൊക്കെയും അഫ്ഗാനിസ്ഥാൻ ബോളിങ്ങിന് മുൻപിൽ വിറച്ചു വീണു. അഫ്ഗാനിസ്ഥാനായി ഫസൽ ഫറൂക്കിയും മുജീബും മുഹമ്മദ് നബിയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. ഇവരുടെ മികച്ച ബോളിങ്ങിന്റെ ബലത്തിൽ 20 ഓവറുകളിൽ കേവലം 92 റൺസ് മാത്രം നേടാനേ പാകിസ്ഥാൻ ടീമിന് സാധിച്ചുള്ളൂ.
മറുപടി ബാറ്റിംഗിൽ വളരെ സൂക്ഷ്മമായി തന്നെയാണ് അഫ്ഗാനിസ്ഥാൻ ബാറ്റ് വീശിയത്. ഓപ്പണർ ഗുർബാസ്(16) വളരെ പക്വതയോടെ തന്നെ തുടങ്ങി. എന്നാൽ മുൻനിരയെ ചെറിയൊരു ഇടവേളയിൽ നഷ്ടമായതോടെ അഫ്ഗാനിസ്ഥാൻ പതറുകയായിരുന്നു. പക്ഷേ എന്നെന്നും അഫ്ഗാനിസ്ഥാന്റെ രക്ഷകനായി എത്താറുള്ള മുഹമ്മദ് നബി മത്സരത്തിലും മികവുകാട്ടി. 38 പന്തുകളിൽ മൂന്ന് ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 38 റൺസായിരുന്നു മുഹമ്മദ് നബി നേടിയത്. ഈ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ആറ് വിക്കറ്റുകൾക്ക് അഫ്ഗാനിസ്ഥാൻ വിജയം സ്വന്തമാക്കുകയാണുണ്ടായത്.
ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ട്വന്റി20 അന്താരാഷ്ട്ര മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ തോൽപ്പിക്കുന്നത്. പിഎസ്എല്ലിന്റെ ആവേശത്തിനുശേഷം അഫ്ഗാനിസ്ഥാനെതിരെ മൈതാനത്തിറങ്ങിയ പാകിസ്ഥാന് കിട്ടിയ വലിയ തിരിച്ചടി തന്നെയാണ് ഈ പരാജയം. എന്തായാലും പരമ്പരയിൽ 2 ട്വന്റി20 മത്സരങ്ങൾ കൂടി അവശേഷിക്കുമ്പോൾ ഒരു സീരിസ് വിജയത്തിൽ കുറഞ്ഞതൊന്നും അഫ്ഗാനിസ്ഥാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. മാർച്ച് 26നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.