ഇന്ന് ഇന്ത്യ ജയിക്കാൻ പാകിസ്ഥാൻ പ്രാർഥിക്കും. അല്ലെങ്കിൽ ഏഷ്യകപ്പ് സ്വപ്നം ഗോവിന്ദ.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയതോടെ പാകിസ്ഥാന്റെ ഏഷ്യാകപ്പ് പ്രതീക്ഷകൾക്കും മങ്ങലേറ്റിട്ടുണ്ട്. മത്സരത്തിൽ 228 റൺസിന്റെ ഭീമാകാരമായ പരാജയമാണ് പാകിസ്ഥാൻ നേരിട്ടത്. ഇതോടുകൂടി നെറ്റ് റൺറേറ്റിൽ ഉൾപ്പെടെ പാകിസ്ഥാൻ വളരെ താഴേക്ക് പോയിട്ടുമുണ്ട്.

ഇനി പാക്കിസ്ഥാന് ഏഷ്യാകപ്പിന്റെ ഫൈനലിൽ എത്തണമെങ്കിൽ ഒരുപാട് കണക്കുകൂട്ടലുകളും ആവശ്യമാണ്. ഏഷ്യാകപ്പ് ഫൈനൽ സ്ഥാനം പിടിക്കണമെങ്കിൽ ഇന്ത്യയുടെ മത്സരഫലങ്ങളാണ് പാകിസ്ഥാൻ കൂടുതലായും ആശ്രയിക്കേണ്ടത്. വരുന്ന മത്സരങ്ങളിൽ ഇന്ത്യ വിജയം കണ്ടാൽ മാത്രമേ പാക്കിസ്ഥാന് ഏഷ്യാകപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.

നിലവിൽ സൂപ്പർ നാലിൽ ശ്രീലങ്കൻ ടീമിനേക്കാൾ ഒരുപാട് താഴെയാണ് പാകിസ്ഥാൻ നിൽക്കുന്നത്. ശ്രീലങ്കയ്ക്ക് +0.420 നെറ്റ് റൺറേറ്റാണ് ഇപ്പോഴുള്ളത്. പാകിസ്ഥാനാവട്ടെ ഇന്ത്യക്കെതിരായ ഭീമാകാരനായ പരാജയത്തിനുശേഷം -1.892 നെറ്റ് റൺറേറ്റ് ആണുള്ളത്. അതിനാൽ തന്നെ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഒരു വലിയ വിജയം കണ്ടെത്തേണ്ടത് പാകിസ്താന്റെ ആവശ്യമാണ്. ഇന്ത്യ തങ്ങളുടെ അടുത്ത രണ്ട് സൂപ്പർ 4 മത്സരങ്ങളിൽ വിജയം നേടിയാൽ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമെതിരെയാണ് ഇന്ത്യയുടെ വരാനിരിക്കുന്ന മത്സരങ്ങൾ.

ഇങ്ങനെ ഇന്ത്യ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തുകയാണെങ്കിൽ അവിടെ പാകിസ്ഥാന്റെ സാധ്യതകൾ ഉദിക്കും. മറുവശത്ത് ശ്രീലങ്കയെ സംബന്ധിച്ച്, ഇന്ത്യക്കെതിരായ മത്സരത്തിൽ വിജയം നേടിയാൽ ഏഷ്യാകപ്പിന്റെ ഫൈനലിൽ ഏകദേശം സ്ഥാനം ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാന് ഒരു നേരിയ സാധ്യത മാത്രമേ അവശേഷിക്കൂ. ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ, ബംഗ്ലാദേശിനോടും ഇന്ത്യ പരാജയപ്പെട്ടാൽ മാത്രമേ പാകിസ്ഥാന് ഏഷ്യാകപ്പിന്റെ ഫൈനലിൽ സ്ഥാനം ലഭിക്കുകയുള്ളൂ.

എന്നാൽ പാകിസ്ഥാന് ഫൈനലിലെത്താൻ ഏറ്റവുമധികം സാധ്യത ലഭിക്കുന്നത് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തുമ്പോഴാണ്. ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തുകയാണെങ്കിൽ നെറ്റ് റൺറേറ്റ് പാക്കിസ്ഥാന് വലിയ പ്രശ്നമായി വരില്ല. അടുത്ത മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാൽ അവർക്ക് ഫൈനലിലെത്താനും സാധിക്കും.

എന്തായാലും വമ്പൻ പരാജയത്തിനുശേഷം ഇന്ത്യയുടെ മത്സരഫലത്തെ പാകിസ്ഥാൻ വളരെയധികം ആശ്രയിക്കേണ്ടിയിരിക്കുന്നു. ഇന്ന് ശ്രീലങ്കയ്ക്കെതിരായി നടക്കുന്ന മത്സരത്തിൽ ഇന്ത്യ വിജയം കാണുകയും അടുത്ത മത്സരത്തിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇനി പാക്കിസ്ഥാന് കൂടുതൽ സാധ്യതകളുള്ളൂ.