കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരും നാളെ മുംബൈയിൽ ഏറ്റുമുട്ടുന്നതോടെ ഐപിഎൽ പതിനഞ്ചാം പതിപ്പിന് തുടക്കമാവുകയാണ്. നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ധോണിയുടെ ആദ്യത്തെ മത്സരം എന്ന പ്രത്യേകതയും നാളത്തെ കളിക്കുണ്ട്. രവീന്ദ്ര ജഡേജ ചെന്നൈയെ നയിക്കുമ്പോൾ മറുഭാഗത്ത് കൊൽക്കത്തയും ഇറങ്ങുന്നത് പുതിയ ക്യാപ്റ്റന് കീഴിലാണ്. ശ്രേയസ് അയ്യർ ആണ് ഇത്തവണ കൊൽക്കത്തയെ നയിക്കുന്നത്.
2008ൽ ആരംഭിച്ച ഐപിഎല്ലിൻ്റെ പ്രഥമ ചാമ്പ്യന്മാർ രാജസ്ഥാൻ റോയൽസ് ആയിരുന്നു. കഴിഞ്ഞ മാസം അന്തരിച്ച ഓസ്ട്രേലിയൻ ഇതിഹാസം ഷെയിൻ വോണിന് കീഴിലായിരുന്നു രാജസ്ഥാൻ കിരീടം നേടിയത്. തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുമ്പോഴാണ് താരം അന്തരിച്ചത്.
ഷെയിൻ വോണിന് ട്രിബ്യൂട്ട് ആയികൊണ്ട് കഴിഞ്ഞ വ്യാഴാഴ്ച 2008ൽ രാജസ്ഥാൻ റോയൽസ് കിരീടം നേടുമ്പോൾ ഓസ്ട്രേലിയൻ ഇതിഹാസത്തിന് ഒപ്പം കളിച്ചവരുടെ അനുഭവം പങ്കുവെക്കുന്ന പരിപാടി ഉണ്ടായിരുന്നു. അതിൽ പാക്കിസ്ഥാൻ താരം സുഹൈൽ തൻവീർ പങ്കുവച്ച തൻറെ ഓർമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഗ്രൂപ്പ് സ്റ്റേജ് ഘട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തൻറെ മികച്ച ബൗളിംഗ് പ്രകടനത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. അത് തന്‍റെ മുഴുവൻ ജീവിതകാല ഓർമ്മയാണ് എന്നും, അത് തനിക്ക് ലോകശ്രദ്ധ നേടി തന്നു എന്നും തൻവീർ പറഞ്ഞു.
ചെന്നൈ സൂപ്പർ കിംഗ്സ്നെതിരെ 14 റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് നേടിയ അത്യുഗ്രൻ പ്രകടനമായിരുന്നു താരം അന്ന് കാഴ്ചവെച്ചത്. മുത്തയ്യ മുരളീധരൻ, സ്റ്റീഫൻ ഫ്ലെമിങ്,വിദ്യുത് ശിവരാമകൃഷ്ണൻ, പാർത്ഥിവ് പട്ടേൽ, ആൽബി മോർക്കൽ, മകായ എൻ്റിനി എന്നിവരുടെ വിക്കറ്റുകൾ ആയിരുന്നു താരം അന്ന് നേടിയത്. എൻ്റിനി വന്ന് തനിക്കെതിരെ പത്ത് റൺസ് നേടുന്നതിന് മുൻപ് വെറും മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് താൻ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയിരുന്നു എന്നും അത് താൻ ഒരിക്കലും മറക്കില്ല എന്നും താരം പറഞ്ഞു. ആ പ്രകടനത്തിൽ താൻ ഒരുപാട് അഭിമാനിക്കുന്നുവെന്നും പാകിസ്ഥാൻ താരം പറഞ്ഞു.