അയർലൻഡും അമേരിക്കയും തമ്മിലുള്ള മത്സരത്തിൽ വില്ലനായി മഴ. നിർണായ മത്സരം പൂർണമായും മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടുകൂടി വമ്പൻ അട്ടിമറിയാണ് ലോകകപ്പിന്റെ എ ഗ്രൂപ്പിൽ നടന്നിരിക്കുന്നത്.
ഇന്ത്യ ഉൾപ്പെട്ട എ ഗ്രൂപ്പിൽ നിന്ന് നിലവിൽ അമേരിക്കയും ഇന്ത്യയുമാണ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. മാത്രമല്ല ടൂർണമെന്റിന്റെ ഫേവറേറ്റുകളിൽ ഒരു ടീമായ പാക്കിസ്ഥാൻ ഇതോടുകൂടി സൂപ്പർ 8 കാണാതെ പുറത്തായിട്ടുണ്ട്. മഴമൂലം അയർലണ്ടിനും അമേരിക്കയ്ക്കും ഓരോ പോയിന്റുകൾ വീതം ലഭിച്ചതോടെയാണ് അമേരിക്ക ചരിത്ര മുഹൂർത്തത്തിലേക്ക് നീങ്ങിയത്.
ഈ ടൂർണമെന്റ്ലുടനീളം വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്താണ് അമേരിക്ക സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ കാനഡയെ തകർത്തായിരുന്നു അമേരിക്കയുടെ തട്ടുപൊളിപ്പൻ പ്രകടനം. ശേഷം അടുത്ത മത്സരത്തിൽ പാക്കിസ്ഥാനെ ഞെട്ടിക്കാൻ അമേരിക്കയ്ക്ക് സാധിച്ചു. പോരാട്ടവീര്യത്തിന്റെ അങ്ങേയറ്റം കണ്ട മത്സരം സൂപ്പർ ഓവറിൽ എത്തുകയായിരുന്നു.
നിർണായക സമയത്ത് അമേരിക്ക ബാറ്റിംഗിൽ തിളങ്ങുകയും പാകിസ്ഥാനെ പരാജയപ്പെടുത്തുകയും ചെയ്തു. ശേഷം ഇന്ത്യക്കെതിരെയും പൊരുതിയാണ് അമേരിക്ക വീണത്. പിന്നാലെ മഴമൂലം ലഭിച്ച ഒരു പോയിന്റ് കൂടിയായതോടെ അമേരിക്ക 5 പോയിന്റുകളിൽ എത്തുകയായിരുന്നു. ഇതോടുകൂടി അമേരിക്ക സൂപ്പർ എട്ടിലേക്ക് യോഗ്യതയും നേടി.
മറുവശത്ത് ഞെട്ടിക്കുന്ന ഒരു പിന്നോട്ട് പോക്കാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത്. തങ്ങളുടെ ആദ്യ മത്സരത്തിൽ അമേരിക്കയോട് പരാജയപ്പെടാനായിരുന്നു പാകിസ്താന്റെ വിധി. പാകിസ്ഥാൻ ആരാധകരെ വളരെയധികം ഞെട്ടിച്ച മത്സരമായിരുന്നു ന്യൂയോർക്കിൽ നടന്നത്. മത്സരത്തിലെ പരാജയത്തിൽ നിന്ന് തിരികെ വരാൻ പാകിസ്ഥാന് കുറച്ചു സമയം വേണ്ടിവന്നു.
ശേഷം ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിലും ബോളിങ്ങിൽ മികച്ച പ്രകടനം പാക്കിസ്ഥാൻ പുറത്തെടുത്തിരുന്നു. പക്ഷേ ഇന്ത്യയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പാകിസ്ഥാൻ അടിയറവ് പറയുന്നതാണ് കാണാൻ സാധിച്ചത്. ഇതോടെ പാകിസ്താന്റെ മുൻപോട്ടു പോക്ക് പ്രതിസന്ധിയിൽ ആവുകയായിരുന്നു.
അവശേഷിക്കുന്ന 2 മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയാലും പാക്കിസ്ഥാന് നേടാൻ സാധിക്കുന്നത് 4 പോയിന്റുകൾ മാത്രമായിരുന്നു. അതിനാൽ തന്നെ പാകിസ്ഥാൻ മറ്റു മത്സരഫലങ്ങളെ വളരെയധികം ആശ്രയിച്ചു. എന്നാൽ അമേരിക്കയും അയർലൻഡും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ അമേരിക്കയ്ക്ക് 5 പോയിന്റുകൾ ലഭിച്ചു.
ഇത് മറികടക്കാൻ പാകിസ്ഥാന് സാധിക്കില്ല എന്നതിനാൽ തന്നെ പാക്കിസ്ഥാൻ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിട്ടുണ്ട്. ആദ്യ മത്സരങ്ങളിലെ മോശം പ്രകടനം തന്നെയാണ് കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ ബാധിച്ചത്.