വലിയ കഴിവുണ്ടായിട്ടും വിക്കറ്റുകള്‍ വലിച്ചെറിയുന്നു. യുവതാരത്തിനെതിരെ മുന്‍ പാക്ക് താരം

ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ലോങ്ങ് ഇന്നിംഗ്സ് കളിക്കണമെന്ന് മുന്‍ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട് ചൂണ്ടിക്കാട്ടി. അവന് ഒരുപാട് കഴിവുകള്‍ ഉള്ളതിനാൽ താരം വലിയ റൺസ് നേടണമെന്നും ബട്ട് കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ, രണ്ടാം ഏകദിനത്തിൽ ഗില്ലിന് അർദ്ധ സെഞ്ച്വറി നഷ്ടമായതിന് പിന്നാലെയാണ് മുൻ അന്താരാഷ്ട്ര ബാറ്റര്‍ അഭിപ്രായപ്പെട്ടത്.

സ്‌കൂപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയാണ് ഗില്ലിന്‍റെ വിക്കറ്റ് നഷ്ടമായത്. “ശുഭ്മാൻ ഗിൽ നന്നായി കളിച്ചു, പക്ഷേ സെറ്റ് കിട്ടിയതിന് ശേഷവും അവന്‍റെ വിക്കറ്റ് നഷ്‌ടപ്പെടുകയാണ്. ഇത് തുടർച്ചയായി സംഭവിക്കുന്നു. അവൻ ഒരു മികച്ച കളിക്കാരനാണ്, അവൻ ക്രീസില്‍ തുടരണം, അവന് വലിയ കഴിവുകള്‍ ലഭിച്ചതിനാൽ വലിയ സ്‌കോർ ചെയ്യേണ്ടതുണ്ട്.” ബട്ട് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

FYUZdF1aMAAzV7O

വിന്‍ഡീസിനെതിരെയുളള ആദ്യ മത്സരത്തില്‍ 54 പന്തില്‍ 64 റണ്‍സെടുക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. രണ്ടാം മത്സരത്തിലും മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 49 പന്തില്‍ 43 റണ്‍സാണ് അദ്ദേഹം നേടിയത്.

വിന്‍ഡീസിനെതിരെ മോശം പ്രകടനം കാഴ്ച്ചവച്ച സൂര്യകുമാര്‍ യാദവിനെ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര ഇതിനോടകം ഇന്ത്യ വിജയിച്ചു. മൂന്നാം മത്സരം ജൂലൈ 27 നാണ്.