ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയെക്കാൾ മികച്ച റെക്കോർഡുകൾ തൻ്റെ പേരിൽ ഉണ്ടായിട്ടും പാക്കിസ്ഥാൻ തന്നെ അവഗണിക്കുകയാണെന്ന അവകാശവാദവുമായി പാക്ക് ആഭ്യന്തര താരം ഖുറം മൻസൂർ. പാക്കിസ്ഥാന് വേണ്ടി 26 അന്താരാഷ്ട്ര മത്സരങ്ങളാണ് കറാച്ചിയിൽ നിന്നുമുള്ള ഈ താരം കളിച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ നമ്പർ വൺ ബാറ്റ്സ്മാൻ താൻ ആണെന്നും എന്നാൽ പാക്കിസ്ഥാൻ തന്നെ ടീമിൽ എടുക്കുന്നില്ല എന്നും താരം ആരോപിച്ചു.
“ഞാൻ കോഹ്ലിയുമായി എന്നെ താരതമ്യം ചെയ്യുകയല്ല. 50 ഓവർ ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും മികച്ച 10 താരങ്ങളെ എടുത്താൽ അതിൽ ഞാൻ ആയിരിക്കും ഒന്നാമൻ. മികച്ച കൺവേർഷൻ റേറ്റ് ലിസ്റ്റ് എ ക്രിക്കറ്റിൽ കോഹ്ലിയെക്കാൾ എനിക്ക് ഉണ്ട്. കോഹ്ലി സെഞ്ചുറി നേടിയത് ഓരോ 6 ഇന്നിങ്സുകളിലാണ്. എന്നാൽ ഞാൻ ഓരോ 5.68 ഇന്നിങ്സുകളിലും സെഞ്ചുറി നേടിയിട്ടുണ്ട്.
ലിസ്റ്റ് എ ക്രിക്കറ്റിൽ ബാറ്റിങ് ശാരാശരി നോക്കിയാൽ ഞാൻ അഞ്ചാം സ്ഥാനത്ത് ഉണ്ടാകും.24 സെഞ്ചുറിയാണ് ഞാൻ കഴിഞ്ഞ 48 ഇന്നിങ്സുകളിൽ നിന്നും നേടിയിട്ടുള്ളത്. 2015 മുതൽ നോക്കിയാൽ പാക്കിസ്ഥാന് വേണ്ടി ഓപ്പണിങ് ചെയ്തവരെക്കാൾ കൂടുതൽ റൺസ് ഞാൻ നേടിയിട്ടുണ്ട്. ആഭ്യന്തര 20-20യിലും ഏറ്റവും കൂടുതൽ സെഞ്ചുറിയും റൺസും ഞാനാണ് നേടിയത്.
എന്നിട്ടും അവർ എന്നെ അവഗണിക്കുകയാണ്. അത് എന്തുകൊണ്ടാണെന്ന് അവർ തുറന്നു പറയുന്നില്ല.”-മൻസൂർ പറഞ്ഞു. മൻസൂർ 7992 റൺസ് ആണ് ഇരുപത്തിയേഴ് സെഞ്ച്വറികൾ ഉൾപ്പെടെ 166 ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും നേടിയിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കോഹ്ലിയെക്കാൾ മികച്ചവൻ താൻ ആണെന്ന മൻസൂറിന്റെ പ്രസ്താവന.