പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പൊരുതുന്നു : രണ്ടാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ്

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റില്‍  ദക്ഷിണാഫ്രിക്ക  ബാറ്റിങ്ങിൽ പൊരുതുന്നു. ആദ്യ ഇന്നിങ്‌സില്‍   ആതിഥേയരായ പാകിസ്താനെ  272 റൺസിൽ  പുറത്താക്കിയ  ദക്ഷിണാഫ്രിക്ക രണ്ടാംദിനം കളി  അവസാനിപ്പിക്കുമ്പോൾ  നാലിന് 106 എന്ന നിലയിലാണ്. തെംബ ബവൂമ (15),  നായകൻ ക്വിന്റണ്‍ ഡി കോക്ക് (24) എന്നിവരാണ് ക്രീസില്‍.  രണ്ട് വിക്കറ്റ്  വീഴ്ത്തിയ  ഹസന്‍ അലിയാണ് ദക്ഷിണാഫ്രിക്കന്‍ മുൻ നിര ബാറ്റിങ്ങിനെ തളച്ചത് .

ഡീന്‍ എല്‍ഗാര്‍ (15), എയ്ഡന്‍ മാര്‍ക്രം (32), റാസി വാന്‍ ഡര്‍ ഡസ്സന്‍ (0), ഫാഫ് ഡു പ്ലെസിസ് (17) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് ആദ്യ ഇന്നിങ്സിൽ ഇതുവരെ  നഷ്ടമായത്. പേസർ  ഹസന്‍ അലിക്ക് പുറമെ ഹഫീം അഷ്‌റഫ്, നൗമാന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങി .

നേരത്തെ ഒന്നാം ദിനം മഴകാരണം കളി അവസാനിപ്പിക്കുമ്പോൾ പാകിസ്ഥാൻ ടീം  3 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തിരുന്നു .എന്നാൽ രണ്ടാം ദിനം ആദ്യ ഓവറിൽ ബാബർ അസം മടങ്ങിയത് പാകിസ്താനെ ഞെട്ടിച്ചു .
ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ ബൗളേഴ്‌സ് പാകിസ്താനെ ബാറ്റിംഗ് നിരയെ വരിഞ്ഞ് മുറുക്കി .

ഫഹീം  അഷ്‌റഫ് (78), ബാബര്‍ അസം (77) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന്  പൊരുതാവുന്ന ഒന്നാം ഇന്നിംഗ്സ്  സ്‌കോര്‍ സമ്മാനിച്ചത്.  അഞ്ചാമനായി ഇറങ്ങിയ ഫവാദ് ആലം (45) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് നേടിയ ആന്റിച്ച് നോര്‍ജെയാണ് പാകിസ്ഥാനെ  തകർത്തത് .സ്പിന്നർ  കേശവ് മഹാരാജ് മൂന്നും മള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Previous articleഐപിൽ ലേലത്തിനുള്ള താരങ്ങളുടെ പട്ടികയായി : രജിസ്റ്റർ ചെയ്തത് 1097 താരങ്ങൾ
Next articleസച്ചിന്റെ ട്വീറ്റിൽ പ്രതിഷേധം വർധിക്കുന്നു :സച്ചിന്റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം