ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി. ലോക ക്രിക്കറ്റിൽ തന്നെ ധോണിയ്ക്ക് പകരം വയ്ക്കാൻ സാധിക്കുന്ന മറ്റൊരു താരമില്ല എന്നത് ഉറപ്പാണ്. എന്നാൽ മഹേന്ദ്ര സിംഗ് ധോണിയെ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ജേണലിസ്റ്റ് ഫാരിദ് ഖാൻ. മഹേന്ദ്ര സിംഗ് ധോണി, റിസ്വാൻ എന്നിവരിൽ ആരാണ് മികച്ചത് എന്ന ചോദ്യവുമായാണ് ഫാരിദ് രംഗത്തെത്തിയത്. എന്നാൽ ഈ താരതമ്യത്തിന് ചുട്ട മറുപടി നൽകി വൈറൽ ആയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.
ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിലാണ് ഫരീദ് ഖാൻ ധോണിയെയും റിസ്വാനേയും താരതമ്യം ചെയ്ത് സംസാരിച്ചത്. “മഹേന്ദ്ര സിംഗ് ധോണിയോ മുഹമ്മദ് റിസ്വാനോ? ആരാണ് മെച്ചപ്പെട്ട താരം? സത്യസന്ധമായി മറുപടി നൽകൂ.”-ഇതായിരുന്നു ഫാരിദ് ഖാന്റെ പോസ്റ്റ്. ഇത് കണ്ട ഹർഭജൻ രോക്ഷം കൊള്ളുകയായിരുന്നു. എന്താണ് ഫാരിദ് ഖാൻ ഇപ്പോൾ വലിക്കുന്നത് എന്നാണ് ഹർഭജൻ ഇതിന് മറുപടിയായി നൽകിയത്. മോശം ചോദ്യങ്ങൾ ഉന്നയിക്കരുത് എന്ന് ഹർഭജൻ ഫാരിദിനെ ഓർമ്മിപ്പിക്കുകയുണ്ടായി. മാത്രമല്ല ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ താരത്തെയാണ് ഇത്തരത്തിൽ താരതമ്യം ചെയ്യുന്നത് എന്നും ഹർഭജൻ പറഞ്ഞു. വിക്കറ്റിന് പിന്നിൽ ധോണിയെക്കാൾ മികച്ച മറ്റൊരു താരമില്ല എന്നും ഹർഭജൻ കൂട്ടിച്ചേർക്കുകയുണ്ടായി.
“എന്താണ് നിങ്ങൾ ഇപ്പോൾ വലിക്കുന്നത് എന്നെനിക്കറിയില്ല. പക്ഷേ ഇത്തരം ബാലിശമായ ചോദ്യങ്ങൾ ചോദിക്കരുത്. എന്തൊക്കെ പറഞ്ഞാലും മഹേന്ദ്ര സിംഗ് ധോണി മുഹമ്മദ് റിസ്വാനെക്കാൾ ഒരുപാട് മുകളിലാണ്. ഈ ചോദ്യം നിങ്ങൾ റിസ്വാനോട് ചെന്ന് ചോദിച്ചാലും അദ്ദേഹം സത്യസന്ധമായി ഇത്തരമൊരു ഉത്തരമാവും നൽകുക. ഞാൻ റിസ്വാനെ ഇഷ്ടപ്പെടുന്ന ഒരാളാണ്. അവൻ മികച്ച ഒരു താരമാണ്. നല്ല മനോഭാവം വെച്ച് പുലർത്തി കളിക്കുന്ന താരമാണ് റിസ്വാൻ. പക്ഷേ ഈ താരതമ്യം തീർത്തും തെറ്റാണ്. ലോക ക്രിക്കറ്റിൽ ഇന്നത്തെ സാഹചര്യമെടുത്താലും ഒന്നാം നമ്പർ താരം മഹേന്ദ്ര സിംഗ് ധോണിയാണ്. വിക്കറ്റിന് പിന്നിൽ ധോണിയെക്കാൾ മികച്ചതായി ആരുമില്ല.”- ഹർഭജൻ കുറിച്ചു.
തന്റെ കരിയറിൽ 90 ടെസ്റ്റ് മത്സരങ്ങളാണ് മഹേന്ദ്ര സിംഗ് ധോണി കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 256 ക്യാച്ചുകളും 38 സ്റ്റമ്പിങ്ങുകളും പേരിൽ ചേർക്കാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 321 ക്യാച്ചുകളും 123 സ്റ്റമ്പിങ്ങുകളുമാണ് ധോണി തന്റെ പേരിൽ ചേർത്തിരിക്കുന്നത്. 90 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 38.09 ശരാശരിയിൽ 4876 റൺസാണ് ധോണിയുടെ സമ്പാദ്യം. അതേസമയം 30 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള റിസ്വാൻ 78 ക്യാച്ചുകളും 3 സ്റ്റമ്പിങ്ങുകളും തന്റെ പേരിൽ ചേർത്തിട്ടുണ്ട്. 74 ഏകദിനങ്ങളിൽ നിന്ന് 76 ക്യാച്ചുകളും 3 സ്റ്റമ്പിങ്ങുകളുമാണ് റിസ്വാന് ഉള്ളത്. 30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1616 റൺസാണ് റിസ്വാൻ സ്വന്തമാക്കിയിട്ടുള്ളത്.