ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ക്രിക്കറ്റ് ആരാധകർ ഏവരും ഒരുവേള ഉറച്ച് വിശ്വസിച്ചത് പോലെ ടീം ഇന്ത്യക്ക് 157 റൺസിന്റെ മാസ്മരിക ജയം. ഒന്നാം ഇന്നിങ്സിൽ 99 റൺസിന്റെ വമ്പൻ ലീഡ് വഴങ്ങിയ ശേഷം ശക്തമായ ബാറ്റിങ് കൂടി കാഴ്ചവെച്ചാണ് കോഹ്ലിയും സംഘവും 50 വർഷത്തെ ഓവലിലെ ചരിത്രം മാറ്റിയത്.1971ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ ടീം ഓവലിൽ ടെസ്റ്റ് മത്സരം ജയിക്കുന്നത്. ടീമിലെ 11 താരങ്ങളും ഒത്തൊരുമിച്ച് കളിച്ചപ്പോൾ പിറന്നത് ഐതിഹാസിക ജയം തന്നെയാണ്. നേരത്തെ ലീഡ്സിലെ ഇന്നിങ്സ് ജയത്തിന്റെ ആത്മവിശ്വാസം കൈമുതലാക്കി കളിക്കാനെത്തിയ ജോ റൂട്ടിനും ടീമിനും ഇത് ഒരു ഷോക്കായി മാറി. പരമ്പരയിലെ അവസാന ടെസ്റ്റ് സെപ്റ്റംബർ 10ന് ആരംഭിക്കും
അതേസമയം ഓവലിലെ ജയത്തോടെ തന്റെ നേരെ ഉയർന്ന വിമർശനങ്ങൾക്കും മാസ്സ് മറുപടി നൽകുവാൻ നായകൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞു. ബാറ്റിങ്ങിൽ മികവിലേക്ക് എത്തുവാൻ കഴിഞ്ഞില്ല എങ്കിലും നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിനെയും വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ മറ്റൊരു നേട്ടം കൂടി ഓവലിൽ കോഹ്ലി സ്വന്തം പേരിൽ കുറിച്ചു
മഹേന്ദ്ര സിങ് ധോണിയിൽ നിന്നും ടെസ്റ്റ് ക്യാപ്റ്റൻസി പദവി ഏറ്റെടുത്ത നായകൻ കോഹ്ലി ഇതിനകം ഇംഗ്ലണ്ടിൽ മൂന്ന് ടെസ്റ്റ് ജയങ്ങൾ കരസ്ഥമാക്കി കഴിഞ്ഞു.3 ടെസ്റ്റ് ജയങ്ങൾ ഇംഗ്ലണ്ടിന് എതിരെ അവരുടെ മണ്ണിൽ സ്വന്തമാക്കിയ ഏഷ്യയിലെ തന്നെ ആദ്യ നായകനായി കോഹ്ലി മാറി.കൂടാതെ സേനാ രാജ്യങ്ങളിൽ ആകെ ആറാം ജയം നേടുവാൻ കഴിഞ്ഞ കോഹ്ലിക്ക് ഏഷ്യൻ നായകന്മാരിൽ ബഹുദൂരം മുൻപിൽ എത്തുവാനും സാധിച്ചു.ന്യൂസിലാൻഡ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവർ ഉൾപ്പെടുന്നതാണ് സേനാ രാജ്യങ്ങൾ. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര എന്നൊരു നേട്ടം സ്വന്തമാക്കുക തന്റെ കരിയറിലെ ഒരു ആഗ്രഹമാണ് എന്നും വിശദമാക്കിയ കോഹ്ലി അഞ്ചാം ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാം എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു