ഞങ്ങളുടെ ബോളിംഗ് എപ്പോഴും ക്ലാസാണ്. വിജയത്തിന് ശേഷം ബോളർമാരെ പുകഴ്ത്തി രോഹിത്.

india vs england

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഒരു മിന്നും വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്തിന്റെയും ജഡേജയുടെയും സെഞ്ചുറിയുടെ മികവിൽ 445 റൺസ് സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 319 റൺസിന് തളക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ശേഷം രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി ജയസ്വാൾ ഒരു തകർപ്പൻ ഇരട്ട സെഞ്ച്വറി നേടിയതോടെ ഇംഗ്ലണ്ടിന് മുന്നിലേക്ക് വലിയൊരു വിജയലക്ഷം തന്നെ ഇന്ത്യ നീട്ടുകയുണ്ടായി.

എന്നാൽ നാലാം ഇന്നിങ്സിൽ ഇംഗ്ലീഷ് നിര രവീന്ദ്ര ജഡേജയുടെ മുൻപിൽ പൂർണമായി പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. ഇതോടെ മത്സരത്തിൽ ഇന്ത്യ 434 റൺസിന്റെ പടുകൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിലെ വിജയത്തെ പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യയ്ക്കുമേൽ ഇംഗ്ലണ്ട് ആധിപത്യം സ്ഥാപിച്ചിരുന്നു. ഈ സമയത്ത് താൻ ടീമിന് നൽകിയ സന്ദേശത്തെപ്പറ്റി രോഹിത് സംസാരിച്ചു. “നമ്മൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇത് അവസാനിക്കുമെന്ന് കരുതരുത്. അഞ്ചു ദിവസവും കൃത്യമായ പ്രകടനം കാഴ്ചവയ്ക്കുന്നതിന്റെ പ്രാധാന്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാം ദിവസം അവർ നന്നായി കളിക്കുകയും ഞങ്ങൾക്കുമേൽ സമ്മർദം ചെലുത്തുകയും ചെയ്തു.”

”എന്നാൽ ഞങ്ങളുടെ ബോളിംഗ് എല്ലായിപ്പോഴും ക്ലാസ് തന്നെയാണ്. ശാന്തമായി തന്നെ തുടരാനാണ് നൽകിയ സന്ദേശം. അടുത്ത ദിവസം ഇന്ത്യ തിരിച്ചുവന്ന രീതി ഒരുപാട് സന്തോഷം നൽകുന്നതാണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ ഒരുപാട് ആഹ്ലാദമുണ്ട്.”- രോഹിത് പറഞ്ഞു.

See also  അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ജഡേജയെ അഞ്ചാമനായി ഇറക്കിയതിനെപ്പറ്റിയും രോഹിത് സംസാരിച്ചു. “ബാറ്റിംഗിൽ ഒരുപാട് പരിചയസമ്പന്നതയുള്ള താരമാണ് രവീന്ദ്ര ജഡേജ. ഇന്ത്യക്കായി ഒരുപാട് റൺസ് ജഡേജ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല ആ സമയത്ത് ഞങ്ങൾക്ക് ഒരു ഇടംകൈ- വലംകൈ കോംബോ ആവശ്യമായിരുന്നു. സർഫറാസ് ഒരുപാട് പ്രതിഭയുള്ള താരമാണ്. അതിനാൽ തന്നെ അവനും കുറച്ചധികം സമയം നൽകേണ്ടിയിരുന്നു. എന്താണ് അവന് ബാറ്റിംഗിൽ ചെയ്യാൻ കഴിയുന്നത് എന്ന് നമ്മൾ കണ്ടു കഴിഞ്ഞു.”

”ഞങ്ങൾ എല്ലാ കാര്യങ്ങളും കൃത്യമായി കണക്കുകൂട്ടി മുൻപോട്ട് പോവുകയാണ്. മത്സരത്തിലൂടനീളം ഒരുപാട് വഴിത്തിരിവുകൾ ഉണ്ടായിരുന്നു. മത്സരത്തിൽ ടോസ് വിജയിച്ചതടക്കം ഞങ്ങൾക്ക് അനുകൂലമായി മാറി. ഇന്ത്യൻ സാഹചര്യത്തിൽ ടോസ് വിജയിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മത്സരത്തിൽ പിന്നിലേക്ക് പോയതിന് ശേഷം ഞങ്ങൾ തിരികെ വന്ന് നടത്തിയ പ്രകടനവും മികച്ചതായിരുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.

“മത്സരത്തിലുടനീളം മികവ് പുലർത്താൻ ഞങ്ങളുടെ ബോളർമാർക്ക് സാധിച്ചു. അതുകൊണ്ടു തന്നെ ബാറ്റിംഗ് വളരെ അനായാസകരമായിരുന്നു. ഇതുവരെയും ഞാൻ ഒരുപാട് സംസാരിച്ചു. ഇന്ന് ലോക ക്രിക്കറ്റ് സംസാരിക്കുന്ന ഒരു താരമാണ് ജയസ്വാൾ. അതുകൊണ്ടു തന്നെ ഞാൻ ഇനിയും അവനെപ്പറ്റി വാചാലനാകുന്നില്ല. വളരെ മികച്ച രീതിയിലാണ് ജയസ്വാൾ തന്റെ കരിയർ ആരംഭിക്കുന്നത്. ഇത് തുടരുക എന്നത് മാത്രമാണ് അവനു മുൻപിലുള്ള വഴി. വളരെ മികച്ച ഒരു താരം തന്നെയാണ് ജയസ്വാൾ.”- രോഹിത് പറഞ്ഞുവെയ്ക്കുന്നു. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2- 1 എന്ന നിലയിൽ മുൻപിലെത്തിയിട്ടുണ്ട്.

Scroll to Top