12 വർഷങ്ങൾക്കുശേഷം തങ്ങളുടെ നാട്ടിൽ നേരിട്ട പരമ്പര പരാജയം ഇന്ത്യൻ ടീമിനെ അലട്ടിയിട്ടുണ്ട് എന്നത് വ്യക്തമാണ്. വളരെ അവിചാരിതമായ പരാജയങ്ങളാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരായ 2 മത്സരങ്ങളിലും നേരിട്ടത്. ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ്ണമായും ഇന്ത്യൻ ടീം പരാജയപ്പെടുന്നതാണ് കാൺപൂരിലും പൂനെയിലും കണ്ടത്.
മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള സാധ്യതകളും ആശങ്കയിൽ ആയിട്ടുണ്ട്. ഈ സൈക്കിളിൽ ഇനി ഇന്ത്യയ്ക്ക് അവശേഷിക്കുന്നത് 6 മത്സരങ്ങളാണ്. ഇതിൽ 4 മത്സരങ്ങളിൽ വിജയം നേടിയാലെ ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ സാധിക്കൂ. എന്നാൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇതിനെതിരെയാണ് ഇപ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും ഗൗതം ഗംഭീറിനുമെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എത്തിയിരുന്നത്. ഇതിനുള്ള മറുപടി നൽകിയിരിക്കുകയാണ് രോഹിത് ഇപ്പോൾ. ഒരുപാട് നാളുകൾക്കു ശേഷം ഇന്ത്യൻ മണ്ണിൽ ഒരു പരമ്പര പരാജയപ്പെട്ടത് വലിയ പ്രശ്നമാക്കി എടുക്കരുത് എന്ന് രോഹിത് ശർമ പറയുന്നു. എല്ലാ മത്സരങ്ങളിലും തങ്ങൾ ഇത്തരത്തിലുള്ള മോശം പ്രകടനം കാഴ്ചവച്ചിരുന്നുവെങ്കിൽ വലിയ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ തെറ്റില്ല. പക്ഷേ 12 വർഷത്തിന് ശേഷം ഇത്തരമൊരു പരാജയം നേരിട്ടത് വലിയ കുഴപ്പമായി കാണുന്നില്ല എന്നാണ് രോഹിത് പറഞ്ഞത്.
“12 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഒരു തവണ പരാജയം നേരിട്ടതിൽ വലിയ പ്രശ്നമില്ല. സ്ഥിരമായി ഞങ്ങൾ ഇത്തരത്തിൽ പ്രകടനങ്ങൾ പുറത്തെടുക്കുകയും പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നുവെങ്കിൽ കാര്യങ്ങൾ മറ്റൊന്നായേനെ. ഇത്രയും വർഷം ഹോം മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾക്ക് ഇനിയും ഒരുപാട് പ്രതീക്ഷകളുണ്ട്. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ നടത്തി വിജയം സ്വന്തമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു പരമ്പര കൈവിട്ടു പോയതിന്റെ പേരിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ല.”- രോഹിത് പറഞ്ഞു.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. ന്യൂസിലാൻഡിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വലിയ സാധ്യതയായിരുന്നു ഫൈനലിലെത്താൻ ഉണ്ടായിരുന്നത്. പക്ഷേ 2 മത്സരങ്ങളിൽ തുടർച്ചയായി പരാജയം നേരിട്ടതോടെ ഇന്ത്യ അല്പം പിന്നിലേക്ക് പോയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയും ഇന്ത്യയുടെ ഫൈനൽ സാധ്യതകളിൽ നിർണായകമാവും.