ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയതോടെ വലിയ വിമർശനങ്ങൾ തന്നെ ഇന്ത്യൻ ടീമിനെതിരെ ഉയരുകയുണ്ടായി. പല ഇന്ത്യൻ ബാറ്റർമാരും ദക്ഷിണാഫ്രിക്കൻ പിച്ചിലെ ബൗൺസിന് മുൻപിൽ അടിയറവ് പറയുന്നതായിരുന്നു മത്സരത്തിൽ കണ്ടത്. എന്നാൽ ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ മികവ് പുലർത്തിയ ഒരേയൊരു ഇന്ത്യൻ ബാറ്ററെ പറ്റിയാണ് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസം അലൻ ഡൊണാൾഡ് പറയുന്നത്.
സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ മികവ് പുലർത്തിയിട്ടുള്ള ഇന്ത്യൻ ബാറ്റർ എന്ന് ഡൊണാൾഡ് പറയുന്നു. തന്റെ രാജ്യത്തിനായി 5 പര്യടനങ്ങളിൽ നിന്ന് 4 സെഞ്ചുറി ദക്ഷിണാഫ്രിക്കൻ മണ്ണിൽ സ്വന്തമാക്കാൻ സച്ചിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഡൊണാൾഡിന്റെ പ്രസ്താവന.
ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാർ നന്നേ പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഡൊണാൾഡ് പ്രസ്താവനയുമായി രംഗത്തെത്തിയത്. “ഞങ്ങൾക്കെതിരെ ഇവിടെ ഏറ്റവും മികച്ച രീതിയിൽ പ്രകടനം കാഴ്ച വെച്ചിട്ടുള്ള ഒരേ ഒരു ബാറ്റർ സച്ചിൻ മാത്രമാണ്. ദക്ഷിണാഫ്രിക്കയിൽ എപ്പോഴും ബോളർമാർക്കെതിരെ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞിരുന്ന താരമാണ് സച്ചിൻ.
മധ്യ സ്റ്റമ്പിൽ നിന്ന് ബാറ്റ് ചെയ്യുന്നതിന് പകരം, ദക്ഷിണാഫ്രിക്കൻ ബോളിങ്ങിനെതിരെ കളിക്കാൻ സച്ചിന് സാധിച്ചിരുന്നു. മുൻപിലേക്കിറങ്ങി കളിക്കാനും ബോൾ ലീവ് ചെയ്യാനുമൊക്കെ സച്ചിന് അപാരമായ കഴിവ് ഇവിടെ ഉണ്ടായിരുന്നു.”- ഡൊണാൾഡ് പറയുന്നു.
“ദക്ഷിണാഫ്രിക്കയിൽ ബാറ്റർമാർക്ക് കൃത്യമായി ബോൾ ലീവ് ചെയ്യാൻ സാധിച്ചാൽ, റൺസ് കണ്ടെത്താനും കഴിയും. ബോളർമാർ തങ്ങളുടെ അടുത്തേക്ക് എത്തുന്ന സാഹചര്യം ബാറ്റർമാർ സൃഷ്ടിക്കണം. അവർ ബാറ്റർമാരുടെ അടുത്തേക്ക് എത്തുകയാണെങ്കിൽ, അത് റൺസ് കണ്ടെത്താനുള്ള വലിയൊരു അവസരം തന്നെയാണ്. ഇതൊരു വ്യത്യസ്തമായ സാഹചര്യമാണ്.
മാത്രമല്ല ഇത്തരം സാഹചര്യത്തിൽ ബാറ്റ് ചെയ്യുക എന്നത് പ്രയാസകരവുമാണ്. കേപ്ടൗണിലായാലും വളരെ മികച്ച ഒരു ടെസ്റ്റ് പിച്ചാണ് ഉള്ളത്. അത് പെട്ടെന്ന് തന്നെ ഫ്ലാറ്റ് പിച്ചായി മാറാനും സാധ്യതയുണ്ട്. അതിനാൽ തന്നെ വളരെ കഠിനപ്രയത്നത്തിൽ ബാറ്റർമാർ ഏർപ്പെടേണ്ടി വരും.”- ഡോണാൾഡ് കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയിൽ 15 ടെസ്റ്റുകൾ കളിച്ച സച്ചിൻ ടെണ്ടുൽക്കർ 1161 റൺസ് ആയിരുന്നു നേടിയിരുന്നത്. 5 സെഞ്ച്വറികളും 3 അർത്ഥ സെഞ്ച്വറികളും ദക്ഷിണാഫ്രിക്കയിൽ സ്വന്തമാക്കാനും സച്ചിന് സാധിച്ചിട്ടുണ്ട്. സച്ചിന്റെ നിലവാരത്തിലേക്ക് നിലവിലെ ഇന്ത്യൻ ബാറ്റർമാർ എത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര സമനിലയിലെങ്കിലും എത്തിക്കാൻ സാധിക്കു. ജനുവരി 3ന് കേപ്ടൗണിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്