ഗാബ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ സൂപ്പർ താരം ജയ്സ്വാൾ കാഴ്ചവച്ചത്. മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിലാണ് ജയസ്വാൾ കൂടാരം കയറിയത്. മൂന്നാം ദിവസം ജയസ്വാൾ പുറത്തായ അനാവശ്യ ഷോട്ടിനെ വിമർശിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്കർ.
ടെസ്റ്റ് മത്സരങ്ങളിൽ ഒരു ഓപ്പണർക്ക് അനുയോജ്യമായ ഷോട്ട് ആയിരുന്നില്ല ജയസ്വാൾ സ്റ്റാർക്കിനെതിരെ കളിച്ചത് എന്ന് ഗവാസ്കർ പറയുന്നു. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ട് ഇന്ത്യയ്ക്കായി ജയസ്വാൾ നൽകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ 4 റൺസ് നേടിയ ജയസ്വാൾ ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ പുറത്തായി. ഇതിന് ശേഷമാണ് ഇപ്പോൾ ഗവാസ്കർ രംഗത്ത് എത്തിയിരിക്കുന്നത്.
“അതൊരു മികച്ച ഷോട്ട് ആയിരുന്നു എന്ന് ഞാൻ ഒരിക്കലും പറയില്ല. കാരണം 445 റൺസിനെതിരെയാണ് നമ്മൾ ഇപ്പോൾ കളിക്കുന്നത്. അതുകൊണ്ടു തന്നെ തുടക്കത്തിൽ ക്രീസിലുറയ്ക്കാനും സാഹചര്യങ്ങൾ മനസ്സിലാക്കാനുമായിരുന്നു ജയസ്വാൾ ശ്രമിക്കേണ്ടത്. സ്റ്റാർക്ക് എറിഞ്ഞ പന്ത് ഒരു ഹാഫ് വോളി പോലുമായിരുന്നില്ല. ആ സമയത്താണ് ജയസ്വാൾ അനാവശ്യമായി ഫ്ലിക്ക് ചെയ്തത്. അതൊരു സിമ്പിൾ ക്യാച്ചായി മാറി. മികച്ച ഫീൽഡിങ് തന്ത്രമാണ് ഓസ്ട്രേലിയ അവിടെ പ്രയോഗിച്ചത്. പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിയും എടുത്തു പറയേണ്ടതാണ്. എന്തായാലും വളരെ മോശം ഷോട്ട് ആയിരുന്നു അത്. ഒരിക്കലും ഒരു ഓപ്പണിങ് ബാറ്ററിൽ നിന്ന് അത്തരമൊരു ഷോട്ട് ആരും പ്രതീക്ഷിക്കുന്നില്ല. എതിർ ടീം 445 റൺസ് നേടി നിൽക്കുമ്പോൾ ഇങ്ങനെയല്ല മത്സരത്തെ നോക്കി കാണേണ്ടത്. ഇന്നിംഗ്സിന്റെ ആദ്യ ഒരു മണിക്കൂറിൽ കൃത്യമായി ക്രീസിലുറച്ച് സാഹചര്യങ്ങൾ മനസ്സിലാക്കണമായിരുന്നു. ഇത് വളരെ നിരാശയാണ് സമ്മാനിച്ചത്.”- ഗവാസ്കർ പറഞ്ഞു.
ന്യൂബോളിനെതിരെ കുറച്ചുകൂടി പക്വതയോടെ ജയസ്വാൾ കളിക്കണം എന്നാണ് ഗവാസ്കറുടെ വിലയിരുത്തൽ. “പോസിറ്റീവ് ആയിരിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ അതേസമയം നമ്മൾ പ്രാക്ടിക്കലും ആയിരിക്കണം. പുതിയ ബോളിലാണ് നമ്മൾ കളിക്കുന്നത് എന്നോർക്കണം. മാത്രമല്ല അതൊരു ആദ്യ ഓവർ ആയിരുന്നു. ഒരിക്കലും ആദ്യ ഓവറിൽ 25 റൺസ് സ്വന്തമാക്കാനല്ല നമ്മൾ ശ്രമിക്കേണ്ടത്. ഒരു ഹാഫ് വോളി പന്തിലാണ് ഇത്തരമൊരു ഷോട്ട് കളിച്ചതെങ്കിൽ ഞാൻ മനസ്സിലാക്കിയേനെ. പക്ഷേ ഇത്തരമൊരു പന്തിൽ അത് അനാവശ്യമായിരുന്നു. അത് ഒരു ലെങ്ത് ബോളായിരുന്നു. ഒരിക്കലും ആ പന്ത് ഉയർത്തിയടിക്കാൻ പാടില്ലായിരുന്നു.”- ഗവാസ്കർ കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള പിഴവ് ഒഴിവാക്കാനായി ജയസ്വാൾ മുൻപ് പ്രാക്ടീസ് ചെയ്തിരുന്നു എന്നാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ പറഞ്ഞത്. “ജയസ്വാൾ പുറത്താവുന്നതിന് 5 മിനിറ്റ് മുൻപ് ഇത്തരം ഷോട്ടുകൾ എങ്ങനെ നന്നായി കളിക്കാം എന്ന് പരിശീലനം നടത്തിയിരുന്നു. കൃത്യമായ ബാലൻസിൽ നന്നായി മൈതാനത്തൂടെ ഷോട്ടുകൾ കളിക്കാൻ അവൻ ശ്രമിച്ചു. പക്ഷേ മത്സരത്തിലേക്ക് വന്നപ്പോൾ ഇതേ ഷോട്ട് തന്നെ ഉയർത്തിയടിക്കുകയാണ് അവൻ ചെയ്തത്. അത് മത്സരത്തിന്റെ സമ്മർദ്ദം കൊണ്ടാണ്. പരിശീലന സമയത്ത് അത് വളരെ മികച്ചതായി തോന്നിയിരുന്നു.”- മൈക്കിൾ വോൺ പറഞ്ഞു.