സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിനങ്ങളിലെയും ടെസ്റ്റ് മത്സരങ്ങളിലെയും പരാജയങ്ങൾക്ക് ഉണ്ടായ കാരണത്തെ ചോദ്യം ചെയ്ത് ഇന്ത്യൻ താരം ഹർഭജൻ സിംഗ്. രോഹിത് ശർമയുടെ നേതൃത്വത്തിൽ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷം ഇന്ത്യ ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും തുടർ പരാജയങ്ങൾ നേരിടുന്നതാണ് കാണുന്നത്.
ഇതിൽ ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ പിന്നോട്ടുപോക്ക് എടുത്തുകാട്ടിയാണ് ഹർഭജൻ സിങ് സംസാരിച്ചത്. മാനേജ്മെന്റ് ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്ന് ഹർഭജൻ പറയുന്നു. ഇത് ഇന്ത്യയുടെ കഴിഞ്ഞ സമയങ്ങളിലെ പരാജയത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ വിലയിരുത്തൽ.
“രാഹുൽ ദ്രാവിഡ് പരിശീലനായി തുടർന്നിടുന്ന സമയത്തോളം എല്ലാം വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു. ഇന്ത്യ ലോകകപ്പ് വിജയിക്കുകയുണ്ടായി. എല്ലാ കാര്യങ്ങളും നമുക്ക് ആവശ്യമായ രീതിയിലാണ് നടന്നത്. പക്ഷേ പെട്ടെന്ന് എന്താണ് ഇന്ത്യൻ ടീമിന് സംഭവിച്ചത്?”- ഹർഭജൻ സിംഗ് ചോദിക്കുന്നു. ഗൗതം ഗംഭീർ പരിശീലകനായി എത്തിയതിന് ശേഷമാണ് ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ ഇത്തരത്തിൽ പിന്നോട്ട് പോക്ക് ഉണ്ടായത് എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്. ട്വന്റി20 ക്രിക്കറ്റിൽ തങ്ങളുടെ ആധിപത്യം വീണ്ടെടുക്കാൻ ടീമിന് സാധിച്ചിട്ടുണ്ടെങ്കിലും, ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും അസ്ഥിരതയാർന്ന പ്രകടനങ്ങൾ ടീം ഇപ്പോഴും കാഴ്ചവയ്ക്കുന്നു എന്ന് ഹർഭജൻ സിങ് ചൂണ്ടിക്കാട്ടുന്നു.
സമീപകാലത്ത് ന്യൂസിലാൻഡിനെതിരെ വളരെ ദയനീയമായ ഒരു പരാജയം ഇന്ത്യ നേരിട്ടിരുന്നു. ടെസ്റ്റ് പരമ്പരയിൽ 3-0 എന്ന നിലയിൽ പരാജയപ്പെട്ട ഇന്ത്യയാണ് ഇപ്പോൾ ഓസ്ട്രേലിയക്കെതിരെ 3- 1 എന്ന നിലയിലും പരാജയപ്പെട്ടിരിക്കുന്നത്. “കഴിഞ്ഞ 6 മാസങ്ങളിൽ നമ്മൾ ഒരുപാട് പരാജയങ്ങൾ നേരിട്ടു. ശ്രീലങ്കയ്ക്കെതിരെ നമ്മൾ പരാജയപ്പെട്ടു. ശേഷം ന്യൂസിലാൻഡ് നമ്മുടെ നാട്ടിൽ വന്ന് നമ്മളെ തൂത്തുവാരി. ഇപ്പോൾ ഓസ്ട്രേലിയക്കെതിരെ 3- 1 എന്ന നിലയിൽ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. ഈ ഫോർമാറ്റുകളിൽ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ടുപോയ സാഹചര്യമാണുള്ളത്.”- ഹർഭജൻ വിലയിരുത്തുന്നു.
“ഇന്ത്യൻ ടീമിലെ ഓരോ താരങ്ങൾക്കും ഓരോ തരത്തിലുള്ള പ്രശസ്തിയാണുള്ളത്. എന്നാൽ അത് നോക്കി എല്ലാ താരങ്ങളെയും ടീമിൽ നിലനിർത്താൻ സാധിക്കില്ല. കപിൽ ദേവ്, അനിൽ കുംബ്ലെ എന്നീ താരങ്ങളൊക്കെയും ഇന്ത്യയെ സംബന്ധിച്ച് മാച്ച് വിന്നർമാരായിരുന്നു. എന്നാൽ ബിസിസിഐ ഇനി സൂപ്പർസ്റ്റാറുകളുടെ കാര്യത്തിൽ ഒരു പ്രത്യേക നിലപാട് കൈക്കൊള്ളണം. സൂപ്പർസ്റ്റാർ എന്ന മനോഭാവം ഇന്ത്യ ഉപേക്ഷിക്കേണ്ടതുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ അഭിമന്യു ഈശ്വരനെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ അവനെ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ല. അവസരങ്ങൾ ലഭിച്ചാൽ ഇന്ത്യയുടെ നിർണായകതാരമായി മാറാൻ സാധിക്കുന്ന കളിക്കാരനാണ് അഭിമന്യു ഈശ്വരൻ. സർഫറാസിന്റെ കാര്യവും ഇതുതന്നെയാണ്.”- ഹർഭജൻ പറഞ്ഞുവെക്കുന്നു.