2023ലെ ഐസിസി ഏകദിന താരമായി കോഹ്ലി. നേട്ടം നാലാം തവണ. റെക്കോർഡ്.

20240125 175325

2023 വർഷത്തിലെ ഐസിസിയുടെ ഏകദിന ക്രിക്കറ്ററായി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയെ തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് വിരാട് കോഹ്ലിക്ക് മികച്ച ഏകദിന താരം എന്ന നേട്ടം ലഭിക്കുന്നത്. 2023 ഏകദിന ലോകകപ്പിലെ റെക്കോർഡ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കോഹ്ലിക്ക് നേട്ടം ലഭിച്ചിരിക്കുന്നത്.

2012ലായിരുന്നു കോഹ്ലിക്ക് ആദ്യമായി ഐസിസിയുടെ ഏകദിന ക്രിക്കറ്റർ നേട്ടം ലഭിച്ചത്. ശേഷം അഞ്ചു വർഷങ്ങൾക്കിപ്പുറം 2017ൽ ലഭിക്കുകയുണ്ടായി. തൊട്ടടുത്ത വർഷം വീണ്ടും കോഹ്ലി ഈ നേട്ടം കൈവരിച്ചു. ശേഷമാണ് ഇപ്പോൾ 2023ൽ ഐസിസിയുടെ ഏകദിന ക്രിക്കറ്ററായി കോഹ്ലിയെ തിരഞ്ഞെടുത്തിരിക്കുന്നത്. 4 നോമിനികളിൽ നിന്നാണ് കോഹ്ലിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ പുരസ്കാരം 4 തവണ സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് വിരാട് കോഹ്ലി. മുൻപ് ദക്ഷിണാഫ്രിക്കൻ മുൻതാരം എ ബി ഡിവില്ലിയേഴ്സിനായിരുന്നു ഏറ്റവുമധികം തവണ ഏകദിന ക്രിക്കറ്ററായ റെക്കോർഡുള്ളത്. ഡിവില്ലിയേഴ്‌സിന് 3 തവണയാണ് ഈ അവാർഡ് ലഭിച്ചത്. ഇത് മറികടക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്.

2022ലും 2023ലും തന്റെ തിരിച്ചുവരവുകളിൽ മികച്ച പ്രകടനമാണ് കോഹ്ലി പുറത്തെടുത്തിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ വളരെ മികച്ച ഫോമിൽ തന്നെ തുടരാൻ കോഹ്ലിയ്ക്ക് സാധിക്കുന്നുണ്ട്. 2023 ഏകദിന ലോകകപ്പിലെ താരമായും കോഹ്ലിയെ തിരഞ്ഞെടുത്തിരുന്നു. ഇതുവരെ 10 ഐസിസി അവാർഡുകളാണ് വിരാട് കോഹ്ലിയെ തേടി എത്തിയിട്ടുള്ളത്. ഏറ്റവുമധികം ഐസിസി അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരവും കോഹ്ലി തന്നെയാണ്.

Read Also -  റിഷഭ് പന്തിനു വിലക്ക്. ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടം നഷ്ടമാകും.

ഏകദിന ലോകകപ്പിൽ 11 ഇന്നിങ്സുകളിൽ 9 അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. 765 റൺസാണ് കോഹ്ലി ഇത്തവണത്തെ ലോകകപ്പിൽ സ്വന്തമാക്കിയത്. ഒരു വ്യക്തിഗത ബാറ്ററുടെ ഏറ്റവുമുയർന്ന ലോകകപ്പ് സ്കോറാണ് ഇത്. 2003 ലോകകപ്പ് എഡിഷനിൽ സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.

സച്ചിനെ മറികടന്നാണ് കോഹ്ലി ഇത്തവണ ഈ നേട്ടം പേരിൽ ചേർത്തത്. ടൂർണമെന്റിൽ 95.62 എന്ന ഉയർന്ന ശരാശരിയിലാണ് കോഹ്ലി കളിച്ചിരുന്നത്. 3 സെഞ്ചുറികൾ ടൂർണ്ണമെന്റിൽ സ്വന്തമാക്കാനും കോഹ്ലിക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലും കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

ഇതേ സമയം ഐസിസിയുടെ 2023 ടെസ്റ്റ് ക്രിക്കറ്ററായി ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജയെ തിരഞ്ഞെടുത്തു. 2023ൽ 13 മത്സരങ്ങളിൽ നിന്ന് 1210 റൺസാണ് ഉസ്മാൻ ഖവാജ സ്വന്തമാക്കിയത്. ഐസിസിയുടെ 2023ലെ പുരുഷ ട്വന്റി20 താരമായി സൂര്യകുമാർ യാദവിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

രണ്ടാം തവണയാണ് സൂര്യകുമാർ ഈ പുരസ്കാരം ഏറ്റുവാങ്ങുന്നത്. 2023ൽ 17 ട്വന്റി20 ഇന്നിംഗ്സുകളിൽ നിന്ന് 48.86 ശരാശരിയിൽ 733 റൺസ് സ്വന്തമാക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു.

Scroll to Top