ഇനി നിങ്ങൾ സഞ്ജുവിനെ എന്ത് പറഞ്ഞ് വിമർശിക്കും, സഞ്ജുവിന് പിന്തുണയുമായി ശ്രേയസ് അയ്യർ

sanjusamson 1704590816

ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഡിയും ഇന്ത്യ ബിയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ചത്. ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ മികവാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇതിന് ശേഷം വലിയ വിമർശനം സഞ്ജുവിന് നേരെ ഉയർന്നു.

എന്നാൽ ഇന്ത്യ ബി ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു ഏകദിന സ്റ്റൈൽ സെഞ്ച്വറി സ്വന്തമാക്കിയാണ് സഞ്ജു സാംസൺ കളം നിറഞ്ഞത്. ഇന്ത്യ ഡി ടീമിനെ ആദ്യ ഇന്നിങ്സിൽ 349 റൺസ് എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിക്കാനും സഞ്ജുവിന് സാധിച്ചു. ഇപ്പോൾ സഞ്ജു സാംസണിന് പ്രശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ശ്രേയസ് അയ്യർ.

മത്സരത്തിൽ 101 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 106 റൺസാണ് സ്വന്തമാക്കിയത്. 12 ബൗണ്ടറികളും 3 സിക്സറുകളുമാണ് സഞ്ജു നേടിയത്. ഇതിന് ശേഷമാണ് ഇന്ത്യ ഡി ടീമിന്റെ നായകൻ കൂടിയായ ശ്രേയസ് അയ്യർ രംഗത്ത് എത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ എത്ര മനോഹരമായാണ് സഞ്ജു സാംസൺ പന്തിനെ നേരിടുന്നത് എന്ന് ശ്രേയസ് അയ്യർ പറയുന്നു. സ്പിന്നർമാർക്കെതിരെ സഞ്ജു കളിച്ച രീതിയിൽ തനിക്ക് വലിയ രീതിയിൽ സന്തോഷമുണ്ടാക്കി എന്നാണ് അയ്യർ പറയുന്നത്. മൈതാനത്തുള്ള സഞ്ജുവിന്റെ ബാറ്റിംഗ് നന്നായി ആസ്വദിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട് എന്നും ശ്രേയസ് കൂട്ടിച്ചേർത്തു.

Read Also -  ദുലീപ് ട്രോഫിയിൽ സഞ്ജുവിന് സെഞ്ചുറി. 101 പന്തിൽ 106 റൺസ്. ഉഗ്രൻ തിരിച്ചുവരവ്.

“സഞ്ജു സാംസനെ പറ്റി ഇനി നിങ്ങൾക്ക് എന്താണ് പറയാൻ സാധിക്കുക? അത്ര വൃത്തിയായ രീതിയിലാണ് അവൻ ബോളുകളെ മത്സരത്തിൽ നേരിട്ടത്. ഒരു ടെസ്റ്റ് ക്രിക്കറ്റിലെ അവന്റെ മികച്ച ഇന്നിങ്സാണ് മത്സരത്തിൽ കണ്ടത്. ഈ ഫോർമാറ്റിൽ സഞ്ജുവിൽ നിന്ന് പരിചയമില്ലാത്ത പ്രകടനമല്ല കാണാൻ സാധിച്ചത്. മത്സരത്തിലൂടനീളം സ്പിന്നർമാർക്കെതിരെ ഒരുപാട് ശ്രദ്ധയോടെയാണ് സഞ്ജു സാംസൺ കളിച്ചത്. അവന്റെ പ്രകടനം ഡഗൗട്ടിൽ ഇരുന്ന് നന്നായി ആസ്വദിക്കാൻ എനിക്ക് സാധിച്ചു.”- ശ്രേയസ് അയ്യർ പറഞ്ഞു.

സഞ്ജുവിനൊപ്പം ഇന്ത്യൻ ഡി ടീമിന് വേണ്ടി ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് ദേവദത്ത് പടിക്കലും കെഎസ് ഭരതും റിക്കി ഭൂയിയുമാണ്. മൂവരും മത്സരത്തിൽ അർദ്ധ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. എന്നാൽ നായകൻ ശ്രേയസ് അയ്യർക്ക് റൺസ് ഒന്നുംതന്നെ ഇന്നിംഗ്സിൽ നേടാൻ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ അത്ര മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നില്ല സഞ്ജു സാംസൺ കാഴ്ചവച്ചത്. കഴിഞ്ഞ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 5 റൺസും രണ്ടാം ഇന്നിങ്സിൽ 40 റൺസുമാണ് സഞ്ജു നേടിയത്. ഇതിന് ശേഷം തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ഒരു തകർപ്പൻ മറുപടിയാണ് സഞ്ജു നൽകിയിരിക്കുന്നത്

Scroll to Top