ദക്ഷിണാഫ്രിക്കെതിരെ ആദ്യ ട്വന്റി20 മത്സരത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. ഇതിന് ശേഷം സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ പേസറായ സഹീർ ഖാൻ.
സഞ്ജുവിന് മത്സരത്തിൽ തന്റെ കഴിവിനെ വേറെ ലെവലിലേക്ക് കൊണ്ടുപോകാൻ സാധിച്ചു എന്നാണ് സഹീർ പറഞ്ഞത്. ഇത്തരത്തിൽ സഞ്ജു ഓപ്പണറായി തിളങ്ങുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ് തനിക്കുള്ളത് എന്നും സഹീർ കൂട്ടിച്ചേർക്കുകയുണ്ടായി. സഞ്ജു സാംസൺ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ഇന്ത്യൻ ടീമിന്റെ ഭാഗമാണെന്നും, പക്ഷേ സ്ഥിരമായി ഒരു ബാറ്റിംഗ് പൊസിഷൻ സഞ്ജുവിന് ലഭിച്ചിട്ടുണ്ടായിരുന്നില്ല എന്നും സഹീർ പറയുകയുണ്ടായി.
ബാറ്റിംഗ് ഓപ്പൺ ചെയ്യാനൊരു അവസരം നൽകിയപ്പോൾ സഞ്ജു വിജയം കാണുകയായിരുന്നു എന്ന് സഹീർ പറയുന്നു. “ദക്ഷിണാഫ്രിക്കയ്ക്കെതിരെ കണ്ടത് സഞ്ജുവിന്റെ ഒരു ഷോ തന്നെയായിരുന്നു. തന്റെ മത്സരത്തെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാൻ സഞ്ജുവിന് സാധിച്ചു. നിങ്ങൾ സഞ്ജു സാംസന്റെ കരിയർ ഒന്ന് പരിശോധിക്കു. അതു വലിയൊരു കഥയാണ്. കുറച്ചു കാലമായി സഞ്ജു ടീമിന് അകത്തും പുറത്തുമായി ഉണ്ടായിരുന്നു. ടീമിനായി വ്യത്യസ്തമായ പൊസിഷനുകളിൽ സഞ്ജു ബാറ്റ് ചെയ്തു. എന്നാൽ ഒരു ഓപ്പണറാവാൻ അവന് അവസരം നൽകിയപ്പോൾ അവൻ വിജയം സ്വന്തമാക്കുകയും ചെയ്തു.”- സഹീർ ഖാൻ പറയുന്നു.
കടുത്ത സമ്മർദ്ദത്തിനിടയിലാണ് സഞ്ജു ഇത്തരത്തിൽ മികവ് പുലർത്തിയത് എന്നും സഹീർ കൂട്ടിച്ചേർത്തിരുന്നു. “ഇപ്പോൾ സഞ്ജു വളരെ സന്തോഷവാനും സംതൃപ്തനും ആയിരിക്കും. ഈ നിലയിലുള്ള പ്രകടനത്തിനായി അവൻ ഒരുപാട് നാളുകളായി കഷ്ടപ്പെടുന്നത് ഞാൻ കണ്ടു. ഇപ്പോൾ തന്നെ കരിയറിലെ ഒരുപാട് സമയം തനിക്ക് നഷ്ടമായി എന്ന് സഞ്ജു തിരിച്ചറിയുന്നുണ്ടാവും. അതുകൊണ്ട് വളരെ ആവേശത്തോടെ തന്നെയാണ് ഇനി സഞ്ജു മുൻപോട്ടു പോകാൻ സാധ്യത. അത്തരത്തിൽ തന്നെ കാര്യങ്ങൾ സംഭവിക്കും. മാത്രമല്ല സഞ്ജു ഇന്ത്യൻ ടീമിന് ഒരുപാട് മികച്ച പ്രകടനങ്ങൾ നൽകുകയും ചെയ്യും.”- സഹീർ കൂട്ടിച്ചേർക്കുന്നു.
തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ സഞ്ജു സാംസൺ സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും ഒരു വെടിക്കെട്ട് സെഞ്ച്വറി നേടാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഈ 2 സെഞ്ച്വറികളോടെ സഞ്ജു ട്വന്റി20യിലെ ഇന്ത്യയുടെ ഓപ്പണർ സ്ഥാനം ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു. പരമ്പരയിൽ അവശേഷിക്കുന്ന 3 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ മലയാളി താരം. നാളെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ട്വന്റി20 മത്സരം നടക്കുന്നത്.