ടീമിനെ വിജയത്തിലെത്തിക്കുന്നതിലും വലുതായി ഒന്നും മനസിലില്ല. സന്തോഷം പ്രകടിപ്പിച്ച് ബുമ്ര.

ആവേശം നിറഞ്ഞ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ 2024 ട്വന്റിലോകകപ്പ് ചാമ്പ്യന്മാരായി മാറിയിട്ടുണ്ട്. മത്സരത്തിന്റെ ഒരു സമയത്ത് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കു മേൽ പൂർണമായ ആധിപത്യം സ്ഥാപിച്ചിരുന്നു. അവസാന 4 ഓവറുകളിൽ 26 റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ ഈ സമയത്ത് ഹർദിക് പാണ്ട്യയും ജസ്പ്രീത് ബുമ്രയും നടത്തിയ കൃത്യതയാർന്ന ബോളിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ബൂമ്രയുടെ വമ്പൻ ബോളുകൾക്ക് മുൻപിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിപതറുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 4 ഓവറുകൾ പന്തറിഞ്ഞ ബൂമ്ര 18 റൺസ് മാത്രം വിട്ടുനൽകിയാണ് 2 വിക്കറ്റുകൾ സ്വന്തമാക്കിയത്. മത്സരത്തിലെ പ്രകടനത്തെപ്പറ്റി ബൂമ്ര സംസാരിക്കുകയുണ്ടായി.

ടൂർണമെന്റ് കീരീടം നേടാൻ സാധിച്ചതിൽ തന്റെ സന്തോഷം വ്യക്തമാക്കാൻ ബുമ്ര മറന്നില്ല. അതി വൈകാരികമായാണ് ബൂമ്ര മത്സരശേഷം സംസാരിച്ചത്. “സാധാരണയായി ഞാൻ എന്റെ വികാരങ്ങൾ പുറത്തു കാണിക്കാത്ത വ്യക്തിയാണ്. എല്ലായിപ്പോഴും എന്റെ ജോലി പൂർണമായും തീർക്കുക എന്നതിലാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. പക്ഷേ ഇന്നെനിക്ക് പറയാൻ വാക്കുകളില്ല. മത്സരശേഷം സാധാരണയായി ഞാൻ കരയാറില്ല. പക്ഷേ ഇന്നത്തെ ദിവസം എനിക്ക് വികാരങ്ങൾ പുറത്തു കാട്ടേണ്ടി വന്നു. മത്സരത്തിൽ നിർണായ സമയങ്ങളിലൊക്കെയും ഞങ്ങൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ മത്സരത്തിൽ വിജയിക്കണമെന്ന് അതിയായ ആഗ്രഹം ഞങ്ങൾക്ക് ഉണ്ടായിരുന്നു.”- ബുമ്ര പറഞ്ഞു.

“എന്റെ കുടുംബം ഇവിടെ മത്സരം കാണാൻ വന്നിരുന്നു. മത്സരത്തിന്റെ അവസാന സമയങ്ങളിൽ കൃത്യമായി വിജയത്തിന് അടുത്തേക്ക് എത്താൻ ഞങ്ങൾക്ക് സാധിച്ചു. മാത്രമല്ല കൃത്യമായി മത്സരം അവസാനിപ്പിക്കാനും ഞങ്ങൾക്ക് സാധിച്ചു. ഇതുപോലെ ഒരു മത്സരത്തിൽ ടീമിനെ വിജയിപ്പിക്കാൻ സാധിക്കുക എന്നതിലുപരിയായി മറ്റൊന്നും തന്നെ എനിക്ക് ലഭിക്കാനില്ല. ഇതൊക്കെയും എനിക്ക് വളരെ നന്നായി തന്നെയാണ് തോന്നുന്നത്. മത്സരത്തിൽ ഞാൻ എന്റേതായ ഒരു വലയം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചത്. കൂടുതൽ കാര്യങ്ങൾ ഞാൻ ചിന്തിച്ചില്ല. ടൂർണമെന്റിലൂടനീളം ഞാൻ ഇതിനെപ്പറ്റി ആലോചിച്ചു. ഇതുപോലെയുള്ള വലിയ ദിവസങ്ങൾ കടന്നു വരുമ്പോൾ നമ്മൾ കൃത്യമായി നമ്മുടെ കർത്തവ്യം ചെയ്യുക എന്നതാണ് പ്രധാനം.”- ബൂമ്ര കൂട്ടിച്ചേർത്തു.

“എല്ലായിപ്പോഴും ഞാൻ ഒരു ബോളിനെയോ ഒരു ഓവറിനെ പറ്റി മാത്രമാണ് ചിന്തിക്കാറുള്ളത്. അതിൽ കൂടുതൽ കാര്യങ്ങൾ ഉണ്ടാവാറില്ല. വൈകാരികപരമായ കാര്യങ്ങൾ നമ്മുടെ അടുത്തേക്ക് എത്തിയേക്കാം. പക്ഷേ മത്സരം പൂർത്തിയായതിന് ശേഷം മാത്രമേ നമുക്ക് അത് പുലർത്താൻ പാടുള്ളൂ. വികാരങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് അലറാനും ദേഷ്യപ്പെടാനുമൊക്കെ തോന്നും. പക്ഷേ അതെല്ലാം മത്സര സമയത്ത് നിയന്ത്രിക്കേണ്ടതുണ്ട്.”

“പതിനാറാം ഓവർ പന്തറിയാൻ രോഹിത് എന്റടുത്ത് പറഞ്ഞപ്പോൾ ഞാൻ കൂടുതൽ കാര്യങ്ങൾ ആലോചിച്ചില്ല. ബോൾ കൃത്യമായി നിരീക്ഷിക്കുകയും അത് റിവേഴ്സ് ചെയ്യാനുള്ള സാഹചര്യങ്ങളുണ്ട് എന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്തു. ശേഷം ഈ ബോളിൽ ഏത് ഷോട്ടാണ് ബാറ്റർമാർക്ക് ഏറ്റവും പ്രയാസകരം എന്ന് മനസ്സിലാക്കി അതിനെതിരെ പ്രവർത്തിക്കാനാണ് ഞാൻ തയ്യാറായത്.”- ബുമ്ര പറഞ്ഞുവെക്കുന്നു.

Previous articleകഴിഞ്ഞ 6 മാസം കുറെ അനുഭവിച്ചു, ഒന്നിനും മറുപടി നൽകിയില്ല. ഇപ്പോൾ സന്തോഷമുണ്ട്.
Next article“ഇത് കഴിഞ്ഞ 3-4 വർഷങ്ങളിലെ പ്രയത്നത്തിന്റെ വിജയം. കോഹ്ലി എന്നെ അത്ഭുതപെടുത്തുന്നു.”- രോഹിത് ശർമ..