രോഹിതും കോഹ്ലിയുമല്ല, ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് ആ 3 താരങ്ങൾ : റിക്കി പോണ്ടിംഗ്

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനമാണ് ടൂർണമെന്റിൽ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് പോണ്ടിംഗ് പറയുകയുണ്ടായി. യുവ താരനിരയുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും ഒരു കൂട്ടായ്മയായിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ ശക്തി എന്ന് പോണ്ടിംഗ് തുറന്നു പറഞ്ഞു. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നു ഇന്ത്യ എന്നാണ് പോണ്ടിങ്ങിന്റെ അഭിപ്രായം.

“ഇന്ത്യയുടെ ഓൾറൗണ്ടർമാർ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവരൊക്കെയും അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്. ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്താൻ മറ്റു ടീമുകൾ വളരെയേറെ ബുദ്ധിമുട്ടുമെന്ന് ഞാൻ ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. കാരണം അത്രമാത്രം സന്തുലിതമായിരുന്നു ഇന്ത്യയുടെ ടീം. യുവത്വത്തിന്റെയും പരിചയ സമ്പന്നതയുടെയും ഒരു മിക്സ് തന്നെയായിരുന്നു ഇന്ത്യൻ ടീം എന്ന് പറയാൻ സാധിക്കും. മാത്രമല്ല ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം നടത്തി അവരുടെ ക്യാപ്റ്റന് ടീമിനെ വിജയിപ്പിക്കാനും സാധിച്ചു.”- പോണ്ടിംഗ് പറയുന്നു.

“ടൂർണമെന്റിൽ ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥ അതിഭയങ്കരം തന്നെയായിരുന്നു. ഇതിന് പ്രധാന കാരണമായി മാറിയത് അവർക്ക് ഒരുപാട് ഓൾറൗണ്ടർമാർ ഉണ്ടായിരുന്നു എന്നതാണ്. ഇന്ത്യയ്ക്ക് ഹർദിക് പാണ്ഡയും അക്ഷർ പട്ടേലും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പല സമയത്തും ഇടംകൈ- വലംകൈ കോമ്പിനേഷൻ ബാറ്റിംഗിൽ ലഭിക്കാനായി ഈ താരങ്ങളെ മുൻനിരയിലും പരീക്ഷിച്ചിരുന്നു. ജഡേജയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഇത്തരത്തിൽ നോക്കിയാൽ ഇന്ത്യൻ ടീമാണ് ഏറ്റവും സന്തുലിതമായത്.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു.

“ഈ ടൂർണമെന്റിൽ ഫാസ്റ്റ് ബോളിങ്ങിൽ മാത്രമാണ് ഇന്ത്യ അല്പം പിന്നിലേക്ക് പോയത് എന്ന് ഞാൻ കരുതുന്നു. പക്ഷേ ആ വിഭാഗത്തിൽ അവർക്ക് വലിയ പ്രകടനങ്ങൾ ആവശ്യമായി വന്നില്ല. അവിടെയാണ് ഹർദിക് പാണ്ട്യയുടെ റോൾ വളരെ നിർണായകമായി മാറിയത്. കാരണം പുതിയ ബോളിൽ അവൻ നന്നായി പന്തെറിഞ്ഞു. കുറച്ച് ഓവറുകൾ അവന് എറിയാൻ സാധിച്ചു. അത് സ്പിന്നർമാരെ സംബന്ധിച്ച് വളരെ സഹായകരമായി. പവർപ്ലേയുടെ അവസാന സമയങ്ങളിൽ സ്പിന്നർമാർക്ക് മികവ് പുലർത്താൻ അവസരം ലഭിച്ചു. മധ്യ ഓവറുകളിലും സ്പിന്നർമാർ നന്നായി കളിച്ചു.”- പോണ്ടിംഗ് പറഞ്ഞുവെക്കുന്നു.

Previous article“ദുബായിൽ ഇന്ത്യയ്ക്ക് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല, കളിച്ച് നേടിയ ട്രോഫി”. മിച്ചൽ സ്റ്റാർക്കിന്റെ പ്രതികരണം.