നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് പാകിസ്ഥാൻ നായകൻ ബാബർ ആസം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാക്കിസ്ഥാനായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന ബാബർ ആസം വളരെ പക്വതയോടെ ക്രിക്കറ്റിനെ കാണുന്ന ഒരു ബാറ്റർ കൂടിയാണ്. അതിനാൽ തന്നെ ഒരുപാട് റെക്കോർഡുകൾ തന്റെ പേരിൽ ചേർക്കാനും ബാബറിന് സാധിച്ചിട്ടുണ്ട്.
പലപ്പോഴും ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിക്കൊപ്പമാണ് പലരും ബാബർ ആസമിനെ താരതമ്യം ചെയ്യുന്നത്. താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്ററെപറ്റി സംസാരിക്കുകയാണ് ബാബർ ആസം ഇപ്പോൾ. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ് ആണ് താൻ കണ്ടതിൽ ഏറ്റവും മികച്ച ബാറ്ററെന്ന് ആസം പറയുകയുണ്ടായി.
തന്റെ കരിയറിൽ താൻ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച എതിരാളിയും ഡിവില്ലിയേഴ്സാണ് എന്ന് ആസം പറഞ്ഞു. ഡിവില്ലിയേഴ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ബാബർ. മികച്ച ബാറ്ററെ തിരഞ്ഞെടുക്കാൻ ഡിവില്ലിയേഴ്സ് ആസമിനോട് ആവശ്യപ്പെടുകയും, ഉടൻതന്നെ ബാബർ ഡിവില്ലിയേഴ്സിന്റെ പേര് പറയുകയുമാണ് ചെയ്തത്. ഈ ഉത്തരം കേട്ട് ഡിവില്ലിയേഴ്സ് ഞെട്ടുകയുണ്ടായി. ശേഷം ബാബറിനോട്, താനല്ലാതെ മറ്റൊരു തിരഞ്ഞെടുക്കാൻ താരം ആവശ്യപ്പെട്ടു. പക്ഷേ ഡിവില്ലിയേഴ്സ് എന്ന് തന്നെയാണ് തന്റെ മറുപടി എന്ന് ബാബർ ആസം ഉറപ്പിച്ചു.
ഇതിനൊപ്പം തന്റെ കരിയറിൽ നേരിട്ടുള്ള ഏറ്റവും പ്രയാസമേറിയ ബോൾ ആരുടേതാണ് എന്നും ആസം പറയുകയുണ്ടായി. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന്റെ ബോളുകളെ നേരിടാനാണ് തനിക്ക് ഏറ്റവും പ്രയാസമെന്ന് ആസം കൂട്ടിച്ചേർത്തു. 2024 ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാൻ ടീമിന്റെ നായകനായിരുന്നു ബാബർ ആസം. തന്റെ ക്യാപ്റ്റൻസിലും ബാറ്റിങ്ങിലും മികവ് പുലർത്താൻ ആസമിന് സാധിച്ചിരുന്നില്ല. ഇതിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു ബാബർ ആസമിനെതിരെ ഉയർന്നത്. ആസാം പാക്കിസ്ഥാന്റെ നായക സ്ഥാനം രാജിവെക്കണമെന്ന് പോലും അഭിപ്രായങ്ങൾ ഉണ്ടായി
നിലവിൽ 2025 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മുന്നിൽ കണ്ടാണ് ബാബർ ആസമടക്കമുള്ളവർ തയ്യാറെടുപ്പുകൾ നടത്തുന്നത്. പാക്കിസ്ഥാനിൽ വച്ചാണ് 2025 ചാമ്പ്യൻസ് ട്രോഫി നടക്കാൻ പോകുന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാൻ മണ്ണിൽ വലിയ ഒരു ടൂർണമെന്റ് നടക്കുന്നത്.
എന്നാൽ ഈ ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യം ഇതുവരെയും ഉറപ്പായിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാൻ സാധ്യതകൾ വളരെ കുറവാണ്. ഇതേ സംബന്ധിച്ചുള്ള അവസാനഘട്ട തീരുമാനമെടുക്കുന്നത് ഇന്ത്യയുടെ കേന്ദ്രസർക്കാരാണ്.