ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകൾ എടുത്തുപറയാൻ സാധിക്കുന്ന ഒരു ട്വന്റി20 പരമ്പരയാണ് അവസാനിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ മത്സരത്തിൽ അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയുണ്ടായി.
ഇത് ഇന്ത്യക്ക് ഭാവിയിലും ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ഏറ്റവും പോസിറ്റീവായ കാര്യങ്ങളെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരങ്ങളായ സാബ കരീമും പാർഥിവ് പട്ടേലും സംസാരിക്കുന്നത്.
മത്സരത്തിന്റെ 3 വിഭാഗത്തിലും തിളങ്ങാൻ സാധിക്കുന്ന കുറച്ചധികം കളിക്കാരെ ലഭിച്ചു എന്നതാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് കരീം പറയുകയുണ്ടായി. “എന്നെ സംബന്ധിച്ച് പരമ്പരയിലെ ഏറ്റവും വലിയ പോസിറ്റീവ് വിവിധ വിഭാഗങ്ങളിൽ തിളങ്ങാൻ സാധിക്കുന്ന താരങ്ങളെ കണ്ടെത്തി എന്നുള്ളതാണ്. 3 വിഭാഗത്തിലും കൃത്യമായി സംഭാവനകൾ നൽകാൻ സാധിക്കുന്ന കുറച്ചു താരങ്ങളെ പരമ്പരയിലൂടെ നമുക്ക് ലഭിച്ചു. ഇത് ഇന്ത്യയ്ക്ക് ഭാവിയിൽ വലിയ ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.”- സാബാ കരീം പറയുന്നു.
ഈ അഭിപ്രായത്തോട് യോജിച്ചു കൊണ്ടാണ് പാർഥിവ് പട്ടേലും സംസാരിച്ചത്. “വേണ്ടരീതിയിൽ ഓൾറൗണ്ടർമാർ ടീമിൽ ഇല്ല എന്നത് കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. നമുക്ക് ഹർദിക് പാണ്ട്യ മാത്രമാണ് ഓൾറൗണ്ടറായി ടീമിൽ ഉണ്ടായിരുന്നത്. എന്നാൽ ബംഗ്ലാദേശിനെതിരെ നമുക്ക് ഇത്തരത്തിലുള്ള കുറെ താരങ്ങളെ ലഭിക്കുകയുണ്ടായി. നിതീഷ് റെഡി പരമ്പരയിൽ ബാറ്റിങ്ങിലും ബോളിങ്ങിലും അത്യുഗ്രൻ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഇപ്പോൾ അഭിഷേക് ശർമ, റിയാൻ പരഗ്, വാഷിംഗ്ടൺ സുന്ദർ എന്നീ ഓൾറൗണ്ടർമാർ ഇന്ത്യയ്ക്ക് ട്വന്റി20 ടീമിലുണ്ട്. ഇവർക്ക് ഇന്ത്യൻ ടീമിൽ ബോൾ ചെയ്യാൻ സാധിക്കും. നിലവിൽ ഇന്ത്യയെ സംബന്ധിച്ച് ഏഴോ എട്ടോ ബോളിംഗ് ഓപ്ഷനുകളുണ്ട്. ഇതിൽ പല താരങ്ങൾക്കും ബാറ്റിങ്ങിലും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കും. ഇതൊക്കെയും ആയിരുന്നു നമുക്ക് മുൻപ് ഇല്ലാതിരുന്നത്. എന്നാൽ അവസാനം ഇതിനൊരു പരിഹാരം കാണാൻ നമുക്ക് സാധിച്ചു എന്നതാണ് സന്തോഷകരമായ കാര്യം.”- പട്ടേൽ പറയുന്നു.
എല്ലാ മേഖലകളിലും പൂർണ്ണമായ ആധിപത്യം സ്ഥാപിച്ചുള്ള വിജയമായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ സ്വന്തമാക്കിയത്. 3 മത്സരങ്ങളിലും കൃത്യമായ രീതിയിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങാൻ ഇന്ത്യയുടെ യുവനിരയ്ക്ക് സാധിച്ചു. പല സീനിയർ താരങ്ങളും ഇല്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ മൈതാനത്ത് ഇറങ്ങിയത്.
എന്നാൽ സർവ്വ ആത്മവിശ്വാസവും ഇന്ത്യയുടെ യുവതാരങ്ങൾക്ക് ഉണ്ടായിരുന്നു. സഞ്ജു സാംസന്റെ അടക്കമുള്ള പ്രകടനങ്ങൾ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ദക്ഷിണാഫ്രിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര നടക്കുന്നത്.