ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ശക്തരായ കൊൽക്കത്തയെ പരാജയപ്പെടുത്തി ബാംഗ്ലൂർ തങ്ങളുടെ വരവറിയിച്ചു. ഒരുപാട് യുവതാരങ്ങളും സീനിയർ താരങ്ങളും അണിനിരക്കുന്ന ഐപിഎല്ലാണ് ഇത്തവണയും ആവേശം നൽകാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ 2025 ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരത്തെ തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.
ഗുജറാത്ത് ടൈറ്റൻസിന്റെ സൂപ്പർതാരമായ സായി സുദർശൻ ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമായി മാറും എന്നാണ് വസീം ജാഫർ പറയുന്നത്. സമീപകാലത്ത് തമിഴ്നാട് ടീമിനായി സുദർശൻ കാഴ്ചവച്ച പ്രകടനങ്ങൾ വിലയിരുത്തിയാണ് വസീം ജാഫർ സംസാരിച്ചത്.
മാത്രമല്ല ടൂർണമെന്റിലെ പഞ്ചാബിൽ കിംഗ്‌സിന്റെ പ്രധാന പേസറായ അർഷ്ദീപ് സിംഗ് പർപ്പിൾ ക്യാപ്പ് സ്വന്തമാക്കുമെന്നും വസീം ജാഫർ കൂട്ടിച്ചേർക്കുകയുണ്ടായി. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചതാരമാണ് അർഷദ്ദീപ് സിംഗ്. സീസണിൽ 19 വിക്കറ്റുകളായിരുന്നു അർഷദ്ദീപ് സ്വന്തമാക്കിയത്. 26.58 എന്ന ശരാശരിയിലായിരുന്നു അർഷദീപിന്റെ നേട്ടം.
“ഐപിഎൽ എത്തിയിരിക്കുന്നു. ഇപ്പോൾ ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും ആർക്ക് ലഭിക്കുമെന്ന് പ്രവചിക്കാനുള്ള സമയമാണ്. ഞാൻ സായി സുദർശനിലേക്കും അർഷദീപിലേയ്ക്കുമാണ് സഞ്ചരിക്കുന്നത്.”- ജാഫർ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
കഴിഞ്ഞ 2 സീസണുകളിലും ഇന്ത്യൻ താരങ്ങൾ തന്നെയായിരുന്നു ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും സ്വന്തമാക്കിയത്. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയും ഹർഷൽ പട്ടേലുമാണ് 2024 ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും നേടിയത്. 2023 ഐപിഎല്ലിൽ ശുഭമാൻ ഗിൽ ഓറഞ്ച് ഗ്യാപ്പ് സ്വന്തമാക്കിയപ്പോൾ മുഹമ്മദ് ഷാമിയായിരുന്നു പർപ്പിൾ ക്യാപ്പ് നേടിയത്. 2022ൽ ഇംഗ്ലണ്ടിന്റെ ബാറ്റർ ജോസ് ബട്ലർ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയപ്പോൾ റബാഡ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കുകയുണ്ടായി.
2024 ഐപിഎല്ലിൽ ഗുജറാത്ത് ടീമിനായി വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാനുള്ള അവസരം സായി സുദർശന് ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ മൂന്നാം നമ്പറിൽ സുദർശന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സമയത്ത് വലിയ പരിക്കിന്റെ പിടിയിലായിരുന്നു സുദർശൻ. ഒരു വലിയ സർജറിക്ക് ശേഷമാണ് ഇപ്പോൾ സുദർശൻ മത്സര ക്രിക്കറ്റിലേക്ക് തിരികെ എത്തിയിരിക്കുന്നത്. തമിഴ്നാടിനായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സുദർശൻ കളിച്ചിരുന്നു. മത്സരത്തിൽ 2 ഇന്നിങ്സുകളിൽ നിന്നും 9 റൺസ് മാത്രമേ താരത്തിന് നേടാൻ സാധിച്ചുള്ളൂ.