ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ശുഭ്മാൻ ഗില്ലായിരുന്നു നായകൻ. ഇന്ത്യയുടെ ഭാവി നായകനായി ഗിൽ മാറും എന്നതിന് സൂചന കൂടിയായിരുന്നു പരമ്പര. എന്നാൽ ഗില്ലിനെ അടുത്ത നായകനായി വളർത്തിക്കൊണ്ടു വരാനുള്ള ബിസിസിഐയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമിത് മിശ്ര.
ഗില്ലിന് പകരം ഋതുരാജിനെ അടുത്ത നായകനായി ഉയർത്തിക്കൊണ്ടുവരാനാണ് ഇന്ത്യൻ ശ്രമിക്കേണ്ടത് എന്നാണ് മിശ്ര ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ കാരണങ്ങൾ വിശദീകരിച്ചാണ് മിശ്ര സംസാരിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മിശ്ര ഇക്കാര്യം പറഞ്ഞത്.
താൻ ശുഭ്മാൻ ഗില്ലിനെ വെറുക്കുന്ന ആളൊന്നുമല്ല എന്ന് മിശ്ര പറയുന്നു. അവനെ തനിക്ക് വലിയ ഇഷ്ടമാണ് എന്നും മിശ്ര കൂട്ടിച്ചേർത്തു. എന്നാൽ ഒരു ക്യാപ്റ്റൻ എന്ന നിലയ്ക്ക് ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുന്ന താരമല്ല ഗിൽ എന്നാണ് മിശ്രയുടെ അഭിപ്രായം. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ പലതവണ താനിത് നേരിട്ട് കണ്ടിട്ടുണ്ട് എന്നും മിശ്ര പറഞ്ഞു. എങ്ങനെ ഒരു ടീമിനെ നയിക്കണമെന്ന കാര്യത്തിൽ ഗില്ലിന് പൂർണ്ണമായ വ്യക്തതയില്ല എന്നാണ് മിശ്ര കൂട്ടിച്ചേർക്കുന്നത്. അതേസമയം ഋതുരാജ് ഇക്കാര്യങ്ങളിൽ ഒക്കെയും മികച്ചുനിൽക്കുന്ന താരമാണ് എന്നും മിശ്ര പറഞ്ഞുവെക്കുന്നുണ്ട്.
“ഋതുരാജ് ഗില്ലിനെ പോലെയുള്ള താരമല്ല. അവൻ നായകൻ എന്ന നിലയിൽ കുറച്ചുകൂടി മിടുക്കനാണ്. കഠിനമായ സാഹചര്യങ്ങളിൽ റൺസ് കണ്ടെത്തി ടീമിനെ മികച്ച നിലയിൽ എത്തിക്കാനും ഋതുരാജിന് കെൽപ്പുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎല്ലിലും ഇന്ത്യൻ ടീമിനായി ഏഷ്യൻ ഗെയിംസിലുമൊക്കെ അവൻ മികവ് പുലർത്തുന്നത് നമ്മൾ ഇതിനോടകം കണ്ടുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് നായക സ്ഥാനത്തേക്ക് എന്തുകൊണ്ടും യോജിക്കുന്ന വ്യക്തിയാണ് ഋതുരാജ്. 2024 ട്വന്റി20 ലോകകപ്പിൽ ജയസ്വാളിനെ ഇന്ത്യ ടീമിൽ നിലനിർത്തിയിരുന്നു. ഇതേപോലെതന്നെ ഋതുരാജിനെയും നിലനിർത്തേണ്ടതുണ്ട്.”- മിശ്ര കൂട്ടിച്ചേർക്കുന്നു.
“ട്വന്റി20, ഏകദിനം, ടെസ്റ്റ് തുടങ്ങി എല്ലാ ഫോർമാറ്റുകളിലും മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് ഋതുരാജ്. ടീമിൽ കൂടുതൽ ശാന്തത കൊണ്ടുവരാൻ സാധിക്കും എന്നതും അവന്റെ പ്രത്യേകതയാണ്. ഒരുപാട് റിസ്കുള്ള ഷോട്ടുകൾ ഋതുരാജ് കളിക്കാറില്ല. അവനായി നല്ലൊരു മാനേജറെ നിയമിക്കേണ്ടത് ആവശ്യമാണ്.”- മിശ്ര പറഞ്ഞുവെക്കുന്നു. 2024 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചത് ഋതുരാജ് ആയിരുന്നു. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പകരക്കാരനായാണ് ഋതുരാജ് ചെന്നൈയുടെ നായകനായത്.