ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ടൂർണമെന്റിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായ് മൈതാനത്താണ് നടന്നത്. എന്നാൽ മറ്റു ടീമുകളുടെ മത്സരങ്ങൾ പാക്കിസ്ഥാനിലും ദുബായിലുമൊക്കെയായി വ്യത്യസ്തമായ വേദികളിലും നടന്നു.
അതിനാൽ തന്നെ ഒരേ വേദിയിൽ എല്ലാ മത്സരങ്ങളും കളിക്കാൻ സാധിച്ചത് ഇന്ത്യൻ ടീമിന് അനുകൂലമായി മാറിയെന്നാണ് മുൻ താരങ്ങൾ അടക്കം ആരോപിച്ചത്. ഇന്ത്യയുടെ വിജയത്തിൽ ഇത് പ്രധാന പങ്കുവഹിച്ചുവെന്നും പലരും വിലയിരുത്തുകയുണ്ടായി. എന്നാൽ ഇതിൽ നിന്ന് വളരെ വ്യത്യസ്തമായ നിലപാടുമായാണ് ഓസ്ട്രേലിയയുടെ പേസർ മിച്ചൽ സ്റ്റാർക്ക് രംഗത്ത് വന്നിരിക്കുന്നത്. ഇത്തരമൊരു ആനുകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല എന്നാണ് മിച്ചൽ സ്റ്റാർക്കിന്റെ പക്ഷം.
എല്ലാ മത്സരങ്ങളും ഒരേ മൈതാനത്ത് കളിക്കാൻ സാധിച്ചത് ഇന്ത്യയ്ക്ക് ആനുകൂല്യമായിട്ടുണ്ടോ എന്ന് തനിക്കറിയില്ല എന്ന് സ്റ്റാർക്ക് പറയുന്നു. പക്ഷേ മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്ത്യൻ ടീമിന് വലിയൊരു ന്യൂനത നിലനിൽക്കുന്നുണ്ട് എന്നാണ് സ്റ്റാർക്കിന്റെ പക്ഷം. മറ്റു രാജ്യങ്ങളിലെ താരങ്ങൾക്ക് ഏത് ട്വന്റി20 ലീഗിലും കളിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് ലോക ക്രിക്കറ്റിന്റെ അനുഭവസമ്പത്ത് കൂടുതലായി ലഭിക്കുന്നു എന്നാണ് സ്റ്റാർക്ക് അവകാശപ്പെടുന്നത്. പക്ഷേ ഇന്ത്യൻ താരങ്ങൾ ഐപിഎല്ലിൽ മാത്രം കളിക്കുന്നത് കൊണ്ട് അവർക്ക് മറ്റ് സ്ഥലങ്ങൾ വേണ്ട രീതിയിൽ പരീക്ഷിക്കാൻ സാധിക്കുന്നില്ല. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ ദുബായിൽ ഇന്ത്യൻ ടീമിന് എന്ത് ആനുകൂല്യമാണ് ലഭിക്കുന്നത് എന്നാണ് സ്റ്റാർക്ക് ചോദിക്കുന്നത്.
ഒരു പ്രമുഖ ഓസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മിച്ചൽ സ്റ്റാർക്ക് ഇക്കാര്യം തുറന്നു പറഞ്ഞത്. മുൻപ് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ഈ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതികരണം അറിയിച്ചിരുന്നു. ഒരേ പിച്ചിൽ കളിക്കാൻ സാധിക്കുന്നത് ഇന്ത്യയ്ക്ക് ടൂർണമെന്റിൽ ആധിപത്യം നൽകുന്നുണ്ട് എന്നായിരുന്നു കമ്മിൻസിന്റെ പ്രതികരണം. “നിലവിലെ ഇന്ത്യൻ ടീം ശക്തമാണ്. മാത്രമല്ല ഒരേ പിച്ചിൽ കളിക്കാൻ സാധിക്കുന്നത്. അവർക്ക് വലിയ ആനുകൂല്യം തന്നെ നൽകുന്നു.”- കമ്മിൻസ് അന്ന് പറയുകയുണ്ടായി.
എന്നാൽ ഈ വിമർശനങ്ങളൊക്കെയും പൂർണമായും ഇല്ലാതാക്കിയാണ് ഇന്ത്യ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ഒരു മത്സരത്തിൽ പോലും പരാജയം നേരിടാതെ ആയിരുന്നു ഇന്ത്യയുടെ വിജയഗാഥ. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ ഓസ്ട്രേലിയയെ മുട്ട് കുത്തിക്കുകയുണ്ടായി. ശേഷമാണ് ഫൈനലിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യൻ വിജയത്തിന് മാറ്റ് ഏറെയാണ്.