ഗംബോളല്ല, അത് രോഹിതിന്റെ “ബോസ്ബോൾ”. ടെസ്റ്റിലെ മനോഭാവത്തിന്റെ ക്രെഡിറ്റ്‌ ഗംഭീറിന് നൽകരുതെന്ന് ഗവാസ്കർ.

ബംഗ്ലാദേശിനെതിരായ കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ അത്യുഗ്രൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ 3 ദിവസങ്ങളോളം മഴമൂലം നഷ്ടപ്പെട്ടിരുന്നു. എന്നാൽ 2 ദിവസങ്ങളിൽ ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇത്തരത്തിൽ ഒരു വിജയത്തിന് ഇന്ത്യയെ സഹായിച്ചത് പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ ആക്രമണ മനോഭാവമാണ് എന്ന വിലയിരുത്തലുകൾ എത്തിയിരുന്നു.

എന്നാൽ ഇതിനെ പൂർണമായും എതിർത്താണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ സംസാരിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിനായി ബ്രണ്ടൻ മക്കല്ലം അവതരിപ്പിച്ച ബാസ്ബോൾ എന്ന ശൈലി പോലെ, ഗൗതം ഗംഭീറിന്റെ ഗംബോൾ എന്ന ശൈലിയാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത് എന്ന പ്രസ്താവനയാണ് ഗവാസ്കർ തള്ളിക്കളഞ്ഞത്.

മൈതാനത്ത് കളിക്കുന്ന സമയത്ത് ഒരിക്കൽ പോലും ഇത്തരത്തിൽ ആക്രമണ മനോഭാവം പുലർത്താൻ ഗംഭീറിന് സാധിച്ചിട്ടില്ല എന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. അതേസമയം മക്കല്ലം മൈതാനത്ത് കളിച്ചിരുന്ന സമയത്ത്, ഇതേ സമീപനമാണ് തുടർന്നിരുന്നത്. ഒരു പ്രമുഖ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് ഗവാസ്കർ ഇത് പറഞ്ഞത്.

“ടെസ്റ്റ് മത്സരത്തിന്റെ 2 ദിവസങ്ങളിൽ 2 തവണ ബംഗ്ലാദേശിനെ ഓൾഔട്ടാക്കി അതിവേഗത്തിൽ ബാറ്റിംഗ് കാഴ്ചവച്ചത് ഇന്ത്യയുടെ പുതിയ ശൈലി തന്നെയാണ്. കഴിഞ്ഞ വർഷങ്ങളിൽ നമുക്ക് ഇന്ത്യയിൽ നിന്ന് ഈ മനോഭാവം കാണാൻ സാധിച്ചില്ല. പക്ഷേ ഇത് ഗൗതം ഗംഭീർ പരിശീലകനായതിനാൽ മാത്രമുണ്ടായ മാറ്റമല്ല.”- ഗവാസ്കർ പറഞ്ഞു.

“ഇതിനൊരു കാരണമുണ്ട്. കളിക്കുന്ന സമയത്ത് ഗൗതം ഗംഭീർ ഒരിക്കൽ പോലും ഇത്തരം ആക്രമണ മനോഭാവം പുലർത്തിയിട്ടില്ല. ഇന്ത്യ ഇപ്പോൾ പുലർത്തിയ ആക്രമണ മനോഭാവത്തിന് പിന്നിലുള്ളത് നായകൻ രോഹിത് ശർമ തന്നെയാണ്. രോഹിത് ശർമയാണ് ടീമിന്റെ ബോസ്. ഇന്ത്യയുടെ ഈ ആക്രമണ ശൈലിയെ ബോസ്ബോൾ എന്നാണ് വിശേഷിപ്പിക്കേണ്ടത്.”

”ഗംഭീർ ഇന്ത്യയുടെ പരിശീലകനായിട്ട് കേവലം മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതിനാൽ ഈ ശൈലിയുടെ പിതൃത്വം ഒരിക്കലും ഗംഭീർ അർഹിക്കുന്നില്ല. മൈതാനത്ത് മക്കല്ലം ബാറ്റ് ചെയ്ത ശൈലിയിൽ ഗംഭീർ ബാറ്റ് ചെയ്തിട്ടില്ല. അതിനാൽ ഞാൻ ഇന്ത്യയുടെ ആക്രമണ മനോഭാവത്തിന്റെ ക്രെഡിറ്റ് നൽകുന്നത് രോഹിത് ശർമയ്ക്ക് മാത്രമാണ്.”- ഗവാസ്കർ കൂട്ടിച്ചേർത്തു.

“ഇത്തരം ആക്രമണശൈലിയെ ഓരോ പേര് പറഞ്ഞു വിളിക്കാൻ പാടില്ല. ആ ബോൾ, ഈ ബോൾ എന്നൊക്കെ വിളിക്കുന്നതിന് പകരം രോഹിത്തിന്റെ പേരിന്റെ ആദ്യ അക്ഷരങ്ങൾ വച്ച് “ഗോഹിറ്റ്” എന്ന് വിളിക്കുന്നതാണ് ഏറ്റവും ഉത്തമം. “- സുനിൽ ഗവാസ്കർ പറഞ്ഞുവയ്ക്കുന്നു. എന്തായാലും മത്സരത്തിൽ ഒരു തകർപ്പൻ വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാമത്തെ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കുകയും ചെയ്തു. ശേഷം ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കാനും ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു.

Previous articleസിക്സർവേട്ടയിൽ ബട്ലറെ മറികടന്ന് സൂര്യ. അടുത്ത ലക്ഷ്യം രോഹിത് ശർമ
Next articleഅന്ന് തിരിച്ചുവരവിന് സഹായിച്ചത് സഞ്ജുവിന്റെ പോസിറ്റീവ് വാക്കുകൾ. മറക്കാൻ പറ്റില്ലെന്ന് സന്ദീപ് ശർമ.