വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു ഇന്ത്യയുടെ യുവതാരം ജയസ്വാൾ ഓസ്ട്രേലിയയിലേക്ക് വണ്ടി കയറിയത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയോടെ തുടങ്ങിയെങ്കിലും പിന്നീടുള്ള ഇന്നിംഗ്സുകളിൽ വളരെ മോശം പ്രകടനമാണ് ജയസ്വാൾ കാഴ്ചവച്ചത്. ഇതിനുള്ള കാരണം വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ബാറ്ററായ ചേതേശ്വർ പൂജാര. ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ റൺസ് കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് ജയസ്വാൾ എന്ന് പൂജാര പറയുന്നു. കുറച്ചുകൂടി ക്ഷമ കാണിച്ചാൽ ജയസ്വാളിന് മികവുപുലർത്താൻ സാധിക്കുമെന്നാണ് പൂജാര കരുതുന്നത്.
ഇതുവരെ ഈ പരമ്പരയിൽ ജയസ്വാൾ നടത്തിയ പ്രകടനങ്ങൾ വിശകലനം ചെയ്ത ശേഷമാണ് പൂജാര സംസാരിച്ചത്. ടെസ്റ്റ് മത്സരത്തിൽ ഇത്തരത്തിൽ ഒരു ഓപ്പണർ തിരക്ക് കൂട്ടേണ്ട കാര്യമില്ല എന്ന് പൂജാര പറയുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദർ സേവാഗ് പോലും ടെസ്റ്റ് ക്രിക്കറ്റിൽ ഇത്തരത്തിൽ തിടുക്കം കാട്ടിയിട്ടില്ല എന്നും പുജാര ഓർമിപ്പിക്കുകയുണ്ടായി.
“ജയസ്വാൾ തനിക്ക് കുറച്ചുകൂടി സമയം നൽകാൻ തയ്യാറാവണം. അനാവശ്യമായി ധൃതി കാട്ടി ചില ഷോട്ടുകൾ അവൻ കളിക്കുന്നുണ്ട്. നല്ല ഫലങ്ങൾ കിട്ടുമെന്ന് തോന്നിയാൽ മാത്രമേ ഇത്തരം ഷോട്ടുകൾ കളിക്കാൻ സാധിക്കൂ. ആദ്യ 5 മുതൽ 10 ഓവർ വരെ അവൻ ശ്രദ്ധിക്കേണ്ടതുണ്ട്.”- പൂജാര പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആക്രമണ മനോഭാവമുള്ള ബാറ്ററാണ് വീരേന്ദർ സേവാഗ്. എന്നാൽ ഈ വീരേന്ദർ സേവാഗ് പോലും ആദ്യസമയത്ത് ഇത്തരത്തിൽ ധൃതി കാട്ടി ഷോട്ടുകൾ കളിക്കാറില്ല എന്ന് പൂജാര ചൂണ്ടിക്കാട്ടുന്നു. ആദ്യ ഓവറുകളിൽ സൂക്ഷിച്ചു കളിക്കണമെന്നാണ് പൂജാര പറയുന്നത്. ജയസ്വാൾ കൃത്യമായി പന്ത് തന്റെ അടുത്തേക്ക് വരാനായി കാത്തിരിക്കണം. ടെസ്റ്റിൽ ഇത്തരത്തിലുള്ള ക്ഷമയാണ് ഒരു താരത്തിന് മുൻപോട്ടു കൊണ്ടുപോകുന്നത് എന്ന് പൂജാര കൂട്ടിച്ചേർത്തു.
അവശേഷിക്കുന്ന 2 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യൻ ടീമിന്റെ വലിയ പ്രതീക്ഷ തന്നെയാണ് ജയസ്വാൾ. മുൻനിരയിൽ താരം മികച്ച ഫോമിലെത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പരയിൽ വിജയം സ്വന്തമാക്കാൻ സാധിക്കൂ. പേർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ അനായാസം ഓസ്ട്രേലിയൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു. ന്യൂബോളിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ജയസ്വാളിന് ഇനിയും സെഞ്ച്വറികൾ സ്വന്തമാക്കാൻ സാധിക്കും എന്ന് പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.