ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ സ്ഥിരം നായകനായ രോഹിത് ശർമ കളിക്കുന്നില്ല. രോഹിത് ശർമയില്ലാതെയാണ് ഇന്ത്യ അഞ്ചാം മത്സരത്തിന് ഇറങ്ങുന്നത്. മത്സരത്തിൽ രോഹിത് കളിക്കില്ല എന്ന വാർത്ത ഇന്നലെ മുതൽ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. രോഹിത്തിന് പകരം പേസർ ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന സൂപ്പർ താരം ഗില്ലും മത്സരത്തിൽ തിരികെ ടീമിലേക്ക് എത്തിയിട്ടുണ്ട്. രോഹിത് സിഡ്‌നി ടെസ്റ്റ് മത്സരത്തിൽ കളിക്കുമോ എന്ന ചോദ്യത്തിന് ഗൗതം ഗംഭീർ നൽകിയത് വ്യക്തമല്ലാത്ത മറുപടിയായിരുന്നു. ഈ സാഹചര്യത്തിൽ തന്നെ രോഹിത് മാറിനിൽക്കും എന്ന് പലരും വിലയിരുത്തിയിരുന്നു. ഇതിനുള്ള കാരണവും ഇപ്പോൾ പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ ബൂമ്ര.
രോഹിത് സ്വയം വിശ്രമം കൈക്കൊള്ളാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ബുമ്ര വ്യക്തമാക്കിയത്. മത്സരത്തിൽ ടോസ് സമയത്താണ് ബൂമ്ര ഇക്കാര്യം പറഞ്ഞത്. “ഞങ്ങളുടെ നായകനായ രോഹിത് ശർമ ഈ മത്സരത്തിൽ നിന്ന് വിശ്രമം എടുക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനമാണ് ഞങ്ങളുടെ ടീമിന്റെ ഐക്യം”- ബുമ്ര പറയുകയുണ്ടായി. മത്സരത്തിൽ ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള തങ്ങളുടെ തീരുമാനത്തെപ്പറ്റിയും ബൂമ്ര സംസാരിച്ചു.
“ഇവിടെ ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിക്കുന്നത്. കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഞങ്ങൾക്ക് മികച്ച ക്രിക്കറ്റ് പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. മെൽബണിലെ മത്സരവും എല്ലാത്തരത്തിലും ഞങ്ങളെ സംബന്ധിച്ച് നല്ലതായിരുന്നു. ഇവിടത്തെ പിച്ചിലെ പുല്ല് ഞങ്ങൾക്ക് വലിയ പ്രശ്നം ഉണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല.”- ബുമ്ര കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യൻ ടീമിനായി വളരെ മോശം പ്രകടനങ്ങളായിരുന്നു രോഹിത് ശർമ കാഴ്ച വച്ചത്. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും ഒരേപോലെ പരാജയപ്പെടുന്ന രോഹിത്തിനെയാണ് മത്സരങ്ങളിൽ കാണാൻ സാധിച്ചത്.
കഴിഞ്ഞ 9 മത്സരങ്ങളിൽ കേവലം 10.93 റൺസ് മാത്രമാണ് രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി. പരമ്പരയിൽ 6.2 റൺസ് മാത്രമാണ് രോഹിത്തിന്റെ ശരാശരി. പെർത്തിൽ നടന്ന ആദ്യ മത്സരത്തിലും ബുമ്ര തന്നെയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്. ആ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിച്ചു. പക്ഷേ പിന്നീട് രോഹിത് നായകനായെത്തിയ 2 മത്സരങ്ങളിൽ ഇന്ത്യ പരാജയം നേരിട്ടിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡിതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയ്ക്ക് 3 മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി നാണക്കേടിൽ എത്തേണ്ടി വന്നു. എന്തായാലും രോഹിത്തിന് കനത്ത തിരിച്ചടിയാണ് കഴിഞ്ഞ സമയങ്ങളിൽ ലഭിച്ചിട്ടുള്ളത്.