ധോണിയല്ല, അവസാന ഓവറുകളിൽ എതിർടീമിന്റെ പേടിസ്വപ്നം അവനാണ്. അന്ന് വിരാട് കോഹ്ലി അശ്വിനോട് പറഞ്ഞത്.

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ നെടുംതൂണാണ് രോഹിത് ശർമ. ഇന്ത്യൻ ടീമിൽ ഒരു മധ്യനിര ബാറ്ററായി ആരംഭിച്ച രോഹിത് ശർമയെ, 2017ൽ മഹേന്ദ്ര സിംഗ് ധോണി ഓപ്പണറായി മാറ്റുകയായിരുന്നു. അതിനുശേഷം ഒരു അത്ഭുതകരമായ മുന്നേറ്റമാണ് രോഹിത്തിന്റെ ബാറ്റിംഗിൽ ഉണ്ടായത്. 2019ലെ ഏകദിന ലോകകപ്പിൽ 5 സെഞ്ച്വറുകളടക്കം നേടി രോഹിത് അത്ഭുതം കാട്ടിയിരുന്നു. തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിൽ മൂന്ന് ഇരട്ട സെഞ്ചുറികളാണ് രോഹിതിനുള്ളത്.

വിരാട് കോഹ്ലിക്കൊപ്പം നിന്ന് എതിർ ടീമിന് വലിയ ഭീഷണിയുണ്ടാക്കാൻ രോഹിത്തിന് ഏഷ്യാകപ്പിലും സാധിക്കുന്നുണ്ട്. ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ 49 പന്തുകളിൽ 56 റൺസ് ആയിരുന്നു രോഹിത് ശർമ നേടിയത്. ഈ സാഹചര്യത്തിൽ വിരാട് കോഹ്ലി രോഹിത്തിനെ പറ്റി പറഞ്ഞ ഒരു പ്രസ്താവന ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് അശ്വിൻ.

കുറച്ചു വർഷങ്ങൾക്ക് മുൻപ് താൻ വിരാട് കോഹ്ലിയുമായി നടത്തിയ ഒരു സംഭാഷണത്തെ പറ്റിയാണ് അശ്വിൻ പറയുന്നത്. ” 5-6 വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ രോഹിത് ക്രീസിൽ നിൽക്കുമ്പോൾ, വിരാട് കോഹ്ലിയും ഞാനും അദ്ദേഹത്തെ പറ്റി സംസാരിക്കുകയുണ്ടായി. ഏത് മത്സരത്തിലാണ് സംഭവം എന്ന് ഞാൻ ഓർക്കുന്നില്ല. രോഹിത് ബാറ്റ് ചെയ്യുന്നത് കണ്ട് ഞാൻ ആലോചിക്കുകയായിരുന്നു. ‘ഇങ്ങനെ കളിക്കുന്ന ഒരു ബാറ്റർക്കെതിരെ എവിടെയാണ് നമ്മൾ ബോൾ ചെയ്യേണ്ടത്?

15-20 ഓവറുകൾ രോഹിത് ക്രീസിൽ തുടരുകയാണെങ്കിൽ ബോളർക്ക് എവിടെ ബോൾ ചെയ്യണം എന്നതിനെപ്പറ്റി യാതൊരു ആശയവും ഉണ്ടാവില്ല.’ ആ സമയത്ത് വിരാട് കോഹ്ലി എന്നോട് ചോദിച്ചു. ‘അവസാന ഓവറുകളിൽ എതിർ ടീം നായകന്മാരുടെ ദുസ്വപ്നം ആരാണ് എന്ന് അറിയാമോ?’. അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചത് ധോണിയാണോ എന്നാണ്. എന്നാൽ വിരാടിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ധോണിയല്ല, രോഹിത് ശർമ തന്നെയാണ് അവസാന ഓവറുകളിൽ ബോളിംഗ് ടീമിന്റെ പേടിസ്വപ്നം. എന്തുകൊണ്ടെന്നാൽ അവസാന ഓവറുകളിൽ അയാൾക്കെതിരെ എങ്ങനെ പന്തെറിയണം എന്ന് ഒരു ബോളർക്കും അറിയില്ല. “- അശ്വിൻ പറയുന്നു.

“ഒരു ട്വന്റി20 മത്സരത്തിൽ 16 ഓവറുകൾ വരെ രോഹിത് ശർമ ബാറ്റ് ചെയ്യുകയാണെങ്കിൽ നമ്മൾ എവിടെ ബോൾ ചെയ്യാനാണ്? ബുക്കിലുള്ള എല്ലാ ഷോട്ടുകളും അവന് കളിക്കാൻ സാധിക്കും. ഒരിക്കൽ ബാംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രോഹിത് ശർമ ഒരു അത്യുഗ്രൻ ബാറ്റിങ് കാഴ്ചവച്ചിരുന്നു. കോഹ്ലിക്ക് പോലും ആ ഇന്നിങ്സ് മറക്കാൻ സാധിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത് രോഹിത് ശർമ്മയ്ക്ക് എല്ലാത്തരം ഷോട്ടുകളും കളിക്കാൻ പറ്റും. മാത്രമല്ല വളരെ അനായാസം ഇത്തരം ഷോട്ടുകൾ മൈതാനത്ത് സൃഷ്ടിക്കാനും രോഹിത്തിന് കഴിവുണ്ട്.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.

ഏഷ്യാകപ്പിൽ ഇതുവരെ അത്യുഗ്രൻ ഫോമിൽ തന്നെയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കളിച്ചിട്ടുള്ളത്. ഏഷ്യാകപ്പിലെ മൂന്നു മത്സരങ്ങളിലും തുടർച്ചയായി അർധ സെഞ്ച്വറികൾ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. മാത്രമല്ല ആദ്യ ഓവറുകളിൽ വെടിക്കെട്ട് ഷോട്ടുകളുമായി കളം നിറയാനും രോഹിത്തിന് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ മധ്യനിര ബാറ്റർമാരുടെ സമ്മർദ്ദം ഒഴിവാക്കുന്നതിൽ രോഹിത്തിന്റെ ബാറ്റിംഗ് ശൈലി വളരെ സഹായകരവുമാണ്.