ഗാബ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം, തന്നെ ഭയപ്പെടുത്തിയ ബോളറെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. മത്സരത്തിന്റെ രണ്ടാം ദിവസം വെടിക്കെട്ട് പ്രകടനമായിരുന്നു ഹെഡ് കാഴ്ചവെച്ചത്. ഒരു തകർപ്പൻ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.
18 ബൗണ്ടറികൾ അടങ്ങിയ ഒരു കിടിലൻ സെഞ്ച്വറിയാണ് താരം മത്സരത്തിൽ സ്വന്തമാക്കിയത്. ഇതിനിടെ ബൂമ്രയുടെ പല പന്തുകളും ഹെഡിനെ കുഴയ്ക്കുകയുണ്ടായി. എന്നാൽ രണ്ടാം ദിവസം തന്നെ വിഷമിപ്പിച്ച ബോളർ ബൂമ്രയല്ല എന്ന് ഹെഡ് ഇപ്പോൾ പറയുന്നു. മറ്റൊരു ബോളറെയാണ് താൻ രണ്ടാം ദിവസം ഭയന്നത് എന്ന് ഹെഡ് ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയെയാണ് താൻ അല്പം ഭയന്നത് എന്നാണ് ഹെഡ് പറയുന്നത്. രണ്ടാം ദിവസത്തെ മത്സരത്തിന് ശേഷമാണ് ഹെഡ് ഇക്കാര്യം വിശദീകരിച്ചത്. എന്നിരുന്നാലും ബൂമ്ര കൃത്യമായ രീതിയിൽ മത്സരത്തിൽ പന്തറിഞ്ഞു എന്ന് ഹെഡ് കൂട്ടിച്ചേർത്തു. “വളരെ അവിസ്മരണീയമായ രീതിയിൽ തന്നെയായിരുന്നു ബൂമ്ര മത്സരത്തിൽ പന്തറിഞ്ഞത്. വിക്കറ്റ് നേടാൻ സാധിക്കുന്ന പല പന്തുകളും അവൻ മത്സരത്തിൽ എറിഞ്ഞു. അതുകൊണ്ടുതന്നെ അവനെ നേരിടുക എന്നത് അല്പം പ്രതിസന്ധിയുണ്ടാക്കി. പക്ഷേ ഞാൻ സ്റ്റീവ് സ്മിത്തിനൊപ്പം ബാറ്റ് ചെയ്യുന്നത് അങ്ങേയറ്റം ആസ്വദിച്ചിരുന്നു.”- ഹെഡ് പറയുന്നു.
“അവൻ നന്നായി ബാറ്റ് ചെയ്യുന്ന സമയത്ത് ഞാൻ പലപ്പോഴും എന്റേതായ രീതിയിലാണ് കളിച്ചത്. അവൻ തന്റെ ശരീരം നന്നായി തന്നെ മൈതാനത്ത് ഉപയോഗിക്കുന്നതായി ഞാൻ കണ്ടു. അത് എന്റെ മത്സരത്തിനും വളരെ ഗുണം ചെയ്തിട്ടുണ്ട്. ഇതുവരെ ഞാൻ എന്താണോ ചെയ്തത് അതുതന്നെ ഇവിടെയും ചെയ്യാൻ ഞാൻ ശ്രമിച്ചു. ടീമിനായി നന്നായി കളിക്കുക എന്നതിൽ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്.”- ഹെഡ് കൂട്ടിച്ചേർത്തു. ഒപ്പം മത്സരത്തിൽ സ്പിന്നിനെതിരെ കളിച്ചപ്പോഴാണ് തനിക്ക് കൂടുതൽ പരിഭ്രമം ഉണ്ടായത് എന്നും ഹെഡ് പറഞ്ഞു.
“ഇന്ത്യക്കെതിരെ മതിയായ മത്സരങ്ങളിൽ ഞാൻ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ ബോളർമാരെ സംബന്ധിച്ചൊരു ധാരണ എനിക്കുണ്ട്. എന്നാൽ സ്പിന്നിനെതിരെ തുടങ്ങിയ സമയത്താണ് ഞാൻ അല്പം ബുദ്ധിമുട്ടിയത്. രവീന്ദ്ര ജഡേജയ്ക്കെതിരെ ബാറ്റിംഗ് ആരംഭിച്ച രീതി എനിക്ക് സന്തോഷം നൽകി. മത്സരത്തിലൂടനീളം പുതിയ ബോൾ നിർണായകമാകും എന്ന് ഉറപ്പായിരുന്നു. ഇപ്പോൾ മത്സരഫലത്തെ പറ്റി ഞങ്ങൾ ചിന്തിക്കുന്നില്ല. കാലാവസ്ഥ കൂടുതൽ അനുകൂലമാകും എന്നാണ് കരുതുന്നത്. മുൻനിരയിലുള്ള ബാറ്റർമാർ നന്നായി തന്നെ കളിക്കുന്നുണ്ട്. ശ്രീലങ്കയിലും മികച്ച പ്രകടനം കാഴ്ചവച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്രയും മികച്ച ഫോമിൽ തുടരാൻ സാധിക്കട്ടെ എന്നാണ് പ്രതീക്ഷിക്കുന്നത്.”- ഹെഡ് പറഞ്ഞുവെക്കുന്നു.