ലോകക്രിക്കറ്റിൽ മികച്ച യോർക്കറുമായി ശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് ബോളർമാരുണ്ട്. നിലവിലെ ഇന്ത്യയുടെ സൂപ്പർ പേസറായ ബൂമ്ര, ശ്രീലങ്കയുടെ ഇതിഹാസ ബോളർ ലസിത് മലിംഗ എന്നിവരൊക്കെയും യോർക്കറുകൾ കൊണ്ട് വിസ്മയം തീർത്ത ബോളർമാരാണ്. എന്നാൽ ലോകക്രിക്കറ്റിൽ ഏറ്റവും മികച്ച യോർക്കറുകൾ എറിയുന്ന താരത്തെ തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്‌റ്റെയ്‌ൻ ഇപ്പോൾ. പാക്കിസ്ഥാന്റെ മുൻ ഇതിഹാസ ഫാസ്റ്റ് ബോൾ ഷോഐബ് അക്തറാണ് ഏറ്റവും മികച്ച രീതിയിൽ യോർക്കറുകൾ എറിയുന്നത് എന്ന് സ്‌റ്റെയ്‌ൻ പറയുന്നു.
ലസിത് മലിംഗ, ബൂമ്ര തുടങ്ങിയ സൂപ്പർതാരങ്ങളെ അവഗണിച്ചുകൊണ്ടാണ് സ്‌റ്റെയ്‌ൻ അക്‌തറിനെ ഈ തസ്തികയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് സ്റ്റെയിൻ ഈ പ്രതികരണം നടത്തിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച യോർക്കർ ഏത് താരത്തിന്റെ പേരിലാണ് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സ്റ്റെയിൻ.
1999ലെ ലോകകപ്പിൽ അക്തർ എറിഞ്ഞ യോർക്കറുകളാണ് ഏറ്റവും മികച്ചത് എന്ന് സ്റ്റെയിൻ ഇതിനോട് പ്രതികരിക്കുകയുണ്ടായി. അന്ന് ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്ലെമിങിനെതിരെ അക്തർ എറിഞ്ഞ യോർക്കറാണ് ഏറ്റവും മികച്ചത് എന്നും സ്റ്റെയിൻ സൂചിപ്പിക്കുകയുണ്ടായി.
ക്രിക്കറ്റിൽ വലിയ തരംഗം സൃഷ്ടിച്ച പന്തുകളായിരുന്നു അക്തറിന്റേത്. തന്റെ കരിയറിന്റെ പ്രതാപകാലത്ത് സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള ഇതിഹാസ ബാറ്റർമാരെ വിറപ്പിക്കാൻ അക്തറിന് സാധിച്ചിട്ടുണ്ട്. തന്റെ പേസ് ആയിരുന്നു അക്തറിന്റെ ഏറ്റവും വലിയ ശക്തി. കൃത്യമായി യോർക്കുകളും ബൗൺസറുകളും എറിഞ്ഞ് ബാറ്റർമാരെ കുഴപ്പിക്കാൻ എല്ലായിപ്പോഴും അക്തറിന് സാധിച്ചിരുന്നു. എന്നാൽ ഇതേ നിലവാരത്തിൽ തന്നെ യോർക്കറുകൾ എറിയാൻ സാധിക്കുന്ന മറ്റൊരു പേസർ ആയിരുന്നു ശ്രീലങ്കയുടെ ലസിത മലിംഗ. സ്ലിംങ്ങിങ് ആക്ഷനിൽ വരുന്ന യോർക്കറുകൾ മലിംഗയുടെ വലിയ ശക്തിയായിരുന്നു.
തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന ഭാഗത്ത് പോലും കൃത്യമായി യോർക്കറുകൾ എറിഞ്ഞ് ബാറ്റർമാരെ മലിംഗ കുഴപ്പിച്ചിട്ടുണ്ട്. പല മുൻനിര ബാറ്റർമാരും മലിംഗയുടെ യോർക്കറുകളെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ശേഷമാണ് ഇന്ത്യൻ പേസർ ജസ്പ്രീറ്റ് ബൂമ്ര യോർക്കർ വിസ്മയവുമായി രംഗത്തെത്തിയത് പലപ്പോഴും തന്റെ പേസിൽ വരുത്തുന്ന വേരിയേഷനുകളാണ് ബൂമ്രയുടെ പ്രത്യേകത. ബൂംറയുടെ ഹൈസ്പീഡ് യോർക്കറുകളെ പ്രതിരോധിക്കുക എന്നതും ബാറ്റർമാർക്ക് വലിയ വെല്ലുവിളിയാണ്.