ഇന്ത്യ കളിച്ചത് “ബാസ്ബോൾ” രീതിയിലല്ല, അതുക്കും മേലെ. പ്രശംസകളുമായി ഡിവില്ലിയേഴ്‌സ്.

converted image 2

ഇംഗ്ലണ്ടിനെതീരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ മുന്നേറുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 246 റൺസിന് പുറത്താവുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഒരു തട്ടുപൊളിപ്പൻ തുടക്കമാണ് ജയസ്വാൾ നൽകിയത്. തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ വെടിക്കെട്ട് തീർക്കാൻ ജയസ്വാളിന് സാധിച്ചു. ഇതോടെ ഇംഗ്ലണ്ട് പൂർണ്ണമായും സമ്മർദ്ദത്തിലേക്ക് വീഴുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ജയസ്വാൾ 70 പന്തുകളിൽ 76 റൺസ് നേടി പുറത്താവാതെ നിൽക്കുന്നു.

മത്സരത്തിന് മുൻപ്, ഇംഗ്ലണ്ട് ബാസ്ബോൾ രീതിയിൽ ഈ പരമ്പരയിലും കളിക്കും എന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ ദിവസം ജയസ്വാളാണ് ബാസ്ബോൾ രീതിയിൽ ഇന്നിങ്സ് കെട്ടിപ്പടുത്തത്. ഇതേ സംബന്ധിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്‌സ് സംസാരിക്കുകയുണ്ടായി.

ഇന്ത്യ കളിക്കുന്ന രീതിയെ ബാസ്ബോൾ എന്ന് വിളിക്കേണ്ട കാര്യമില്ലന്നും, ഇത് സാഹചര്യത്തിന് അനുസൃതമായ രീതിയിലുള്ള പ്രകടനമാണെന്നുമാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് ഡിവില്ലിയേഴ്‌സ് പ്രതികരിച്ചത്. മത്സരത്തിൽ ഇന്ത്യ വളരെ ബുദ്ധിപൂർവ്വം മുന്നോട്ടു പോവുകയാണ് എന്ന് ഡിവില്ലിയേഴ്‌സ് അവകാശപ്പെടുന്നു.

Read Also -  "അന്ന് പാകിസ്ഥാൻ ഏറ്റവും ഭയന്നിരുന്നത് സച്ചിനെയാണ് " മുൻ പാക് താരം.

“ഇന്ത്യ തങ്ങളുടെ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഒരോവറിൽ 8-9 റൺസ് എന്ന നിരക്കിലാണ് മുന്നേറിയത്. ഈ പ്രകടനത്തെ ബാസ്ബോൾ എന്ന് വിളിക്കേണ്ട കാര്യമില്ല. സാഹചര്യത്തിനനുസരിച്ച് കളിക്കാനാണ് ഇന്ത്യ ശ്രമിച്ചത്.”

“ഒരു ടെസ്റ്റ് മത്സരത്തിന്റെ ഏത് സമയത്ത് എതിർ ടീമിന് മുകളിൽ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു പ്രകടനമുണ്ടായത്. മൊമന്റത്തിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ അതനുസരിച്ച് കളിക്കാൻ തയ്യാറാവണം. വീണ്ടും ഇത്തരത്തിൽ മാറ്റങ്ങളുണ്ടാവാൻ കാത്തിരിക്കണം.”- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

മത്സരത്തിൽ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തത് നായകൻ ബെൻ സ്റ്റോക്സായിരുന്നു. 88 പന്തുകൾ മത്സരത്തിൽ നേരിട്ട സ്റ്റോക്സ് 6 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 70 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനായി മറ്റു ബാറ്റർമാർ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇങ്ങനെ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് കേവലം 246 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി ജഡേജ, അശ്വിൻ തുടങ്ങിയ ബോളർമാർ മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. രണ്ടാം ദിവസം ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ലീഡ് കണ്ടെത്താനാണ് ഇന്ത്യയുടെ ശ്രമം..

Scroll to Top