2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ ടീമിന്റെ പ്രധാന താരമായിരുന്നു റിയാൻ പരാഗ്. പരാഗിനെ വീണ്ടും രാജസ്ഥാൻ നിലനിർത്തിയതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ ടീമിനെതിരെ എത്തിയിരുന്നു.
ഇതിന് മുൻപുള്ള സീസണുകളിലെ പരാഗിന്റെ മോശം പ്രകടനമാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാക്കിയത്. പക്ഷേ 2024 ഐപിഎല്ലിൽ ബാറ്റിംഗ് പ്രകടനങ്ങളുമായി രാജസ്ഥാൻ ടീമിന്റെ പ്രധാനിയായി മാറാൻ പരാഗിന് സാധിച്ചിരുന്നു. ഇപ്പോൾ തന്റെ ഐപിഎൽ നായകനായ മലയാളി താരം സഞ്ജു സാംസണുമായുള്ള സൗഹൃദത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ് റിയാൻ പരാഗ്. 2024 ഐപിഎൽ സീസണിലാണ് താൻ രാജസ്ഥാൻ നായകനായ സഞ്ജുവുമായി കൂടുതൽ അടുത്തത് എന്ന് പരാഗ് വ്യക്തമാക്കുകയുണ്ടായി.
നിലവിൽ ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരാമ്പരായ്ക്കുള്ള തയ്യാറെടുപ്പിലാണ് പരാഗ്. ഇതിനിടെയാണ് പരാഗ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 2024 ഐപിഎൽ സീസണിൽ തനിക്ക് സഞ്ജു കൂടുതൽ നിർദ്ദേശങ്ങൾ നൽകിയിരുന്നു എന്ന് പരാഗ് പറയുന്നു. ബോളർമാർക്ക് കൃത്യമായി കാര്യങ്ങൾ വിവരിക്കാൻ അടക്കമുള്ള ചുമതലകൾ തന്നെ സഞ്ജു ഏൽപ്പിച്ചിരുന്നതായി കൂട്ടിച്ചേർക്കുകയുണ്ടായി.
നിലവിലുള്ള ഇന്ത്യൻ താരങ്ങളിൽ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് സഞ്ജു സാംസൺ എന്ന പരാഗ് പറയുകയുണ്ടായി. വിക്കറ്റിന് പിന്നിൽ സഞ്ജു കാട്ടുന്ന മികവ് പലപ്പോഴും പ്രശംസിക്കപ്പെടാറില്ല എന്നും പരാഗ് വ്യക്തമാക്കി.
“സഞ്ജു ഭയ്യ ഇപ്പോഴുള്ള മികച്ച ബാറ്റർമാരിൽ ഒരാൾ തന്നെയാണ്. പലപ്പോഴും വിക്കറ്റിന് പിന്നിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ പ്രശംസിക്കപ്പെടാറില്ല. മൈതാനത്ത് തുടരുന്ന സമയത്ത് നമ്മുടെ നായകനിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഉള്ളിൽ എത്ര ദേഷ്യം വന്നാലും അത് സ്വയം നിയന്ത്രിക്കുന്നതും മത്സരം പരാാജയത്തിലേക്ക് നീങ്ങുമ്പോൾ സഞ്ജു അത് കൈകാര്യം ചെയ്യുന്നതുമൊക്കെ വളരെ നല്ല രീതിയിലാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് നമുക്ക് നായകനിൽ നിന്ന് കൃത്യമായി ആത്മവിശ്വാസം ലഭിക്കുക. എന്തെന്നാൽ ദേഷ്യപ്പെടുകയും തന്റെ വികാരങ്ങൾ മൈതാനത്ത് പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു നായകനെയല്ല നമുക്ക് ആവശ്യമുള്ളത്.”- പരാഗ് പറയുന്നു.
“മത്സരം വിജയിച്ചാലും തോറ്റാലും സഞ്ജു തന്റെ വികാരങ്ങളൊക്കെയും നിയന്ത്രിച്ച് എല്ലാവരോടും സംസാരിക്കാറുണ്ട്. ഇത്തരം കാര്യങ്ങളാണ് സഞ്ജു സാംസനെ ഏറ്റവും മികച്ച നായകനാക്കി മാറ്റുന്നത്.”- പരാാഗ് വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയായിരുന്നു സഞ്ജു സാംസനെ ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്. എന്നാൽ ട്വന്റി20 ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും അണിനിരക്കാൻ സഞ്ജുവിന് സാധിച്ചില്ല. പക്ഷേ വരും മത്സരങ്ങളിൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.