2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വളരെയധികം പ്രതീക്ഷ വയ്ക്കുന്ന ക്രിക്കറ്ററാണ് രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്. 21കാരനായ പരാഗ് തന്റെ അഞ്ചാമത്തെ ഐപിഎൽ സീസണാണ് 2023ൽ കളിക്കുന്നത്. സഞ്ജു നയിക്കുന്ന ടീമിൽ പലപ്പോഴും ഫിനിഷറായും മധ്യനിരയിലുമാണ് പരാഗ് കളിക്കാറുള്ളത്. ഇത്തവണത്തെ ഐപിഎല്ലിൽ ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത് എന്നതിനെപ്പറ്റി പരാഗ് സംസാരിക്കുകയുണ്ടായി. രാജസ്ഥാൻ ടീമിനായി നാലാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് തനിക്ക് ഏറ്റവുമിഷ്ടം എന്നാണ് പരാഗ് പറയുന്നത്. എന്നിരുന്നാലും ടീം ആവശ്യപ്പെടുന്നത് അനുസരിച്ച് ബാറ്റിങ് ക്രമത്തിൽ മാറ്റം വരുത്താനും താൻ തയ്യാറാണ് എന്ന് താരം പറയുന്നു.
“എന്നോട് ഏതു പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് രാജസ്ഥാൻ ചോദിക്കുകയാണെങ്കിൽ ഞാൻ പറയുന്നത് നാലാം നമ്പറിൽ ചെയ്യണം എന്ന് തന്നെയായിരിക്കും. എന്നിരുന്നാലും, എല്ലായ്പ്പോഴത്തെയും പോലെ, ടീം എവിടെ ബാറ്റ് ചെയ്യണമെന്ന് പറഞ്ഞാലും അത് ചെയ്യാൻ ഞാൻ തയ്യാറാണ്. ഏത് പൊസിഷനിലാണ് ഞാൻ ഫിറ്റ് എന്ന് അവർക്ക് തോന്നുന്നത് അവിടെ ഞാൻ ബാറ്റ് ചെയ്യും. ഇതൊരു ടീം ഗെയിമാണ്. മത്സരത്തിനായി ഏതു തരത്തിൽ സംഭാവന നൽകാൻ സാധിച്ചാലും ഞാൻ സന്തോഷവാനാണ്.”- പരാഗ് പറഞ്ഞു.
ഇതോടൊപ്പം താൻ ലോക ക്രിക്കറ്റിൽ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫിനിഷർ എംഎസ് ധോണിയാണെന്നും അതിനടുത്തേത്താൻ പോലും മറ്റാർക്കും സാധിക്കില്ലെന്നും പരഗ് പറയുന്നു. “കഴിഞ്ഞ മൂന്നു വർഷങ്ങളായി ഒരു ഫിനിഷറുടെ റോളിലാണ് ഞാൻ ബാറ്റ് ചെയ്തിരുന്നത്. ആ സമയത്ത് എന്റെ മനസ്സിലേക്ക് വന്നിരുന്നത് ഒരു പേര് മാത്രമാണ്. മഹേന്ദ്ര സിംഗ് ധോണി. ഇക്കാര്യം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. ഫിനിഷിംഗ് എന്ന കലയിൽ ധോണിയെക്കാൾ മികച്ച മറ്റൊരു ക്രിക്കറ്ററില്ല. അതിനാൽതന്നെ ഫിനിഷർ റോളിൽ കളിക്കുമ്പോൾ ഞാൻ ധോണിയിലേക്കാണ് ശ്രദ്ധിക്കാറ്. അദ്ദേഹം മത്സരം എങ്ങനെ അവസാന ഓവറുകളിലേക്ക് എത്തിക്കുന്നുവെന്നും, ഏതുതരത്തിൽ ഫിനിഷ് ചെയ്യുന്നുവെന്നും ഞാൻ ശ്രദ്ധിക്കാറുണ്ട്.”- പരാഗ് പറയുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ ആസാമിനായി തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച ശേഷമാണ് പരാഗ് രാജസ്ഥാൻ റോയൽസിനായി 2023ൽ കളിക്കാൻ തയ്യാറാവുന്നത്. എന്നിരുന്നാലും 2022ൽ അത്ര മികച്ച പ്രകടനമായിരുന്നില്ല പരാഗ് രാജസ്ഥാനായി കാഴ്ചവച്ചത്. 2022ൽ 17 മത്സരങ്ങളിൽ നിന്ന് കേവലം 183 റൺസ് മാത്രമായിരുന്നു യുവതാരം നേടിയത്. 2023ൽ ഈ മോശം പ്രകടനം മറികടക്കാൻ തന്നെയാണ് പരഗിന്റെ ശ്രമം.