വിനയ് കുമാർ വേണ്ട, സഹീർ ഖാനെ ബോളിംഗ് കോച്ചാക്കാൻ ബിസിസിഐ. ലിസ്റ്റിൽ മറ്റൊരു ഇന്ത്യൻ ബോളറും.

2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യ മുൻ താരം ഗൗതം ഗംഭീറിനെ തങ്ങളുടെ മുഖ്യപരിശീലകനായി നിയമിക്കുകയുണ്ടായി. ശേഷം മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ഇപ്പോൾ. ബോളിംഗ് കോച്ച്, ബാറ്റിംഗ് കോച്ച് അടക്കമുള്ള തസ്തികകളിലേക്കാണ് ഇനി ഇന്ത്യയ്ക്ക് സ്റ്റാഫുകളെ ആവശ്യമായുള്ളത്. ഇതിൽ ഇന്ത്യൻ ടീം നിർണായകമായി കാണുന്നത് ബോളിങ് കോച്ച് എന്ന തസ്തികയാണ്.

കഴിഞ്ഞ സമയങ്ങളിൽ ബോളിങിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇനിയും അത് തുടർന്നാൽ മാത്രമേ കൂടുതൽ ഐസിസി ട്രോഫികൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കൂ. എന്നാൽ കോച്ച് ഗൗതം ഗംഭീർ മുൻ ഇന്ത്യൻ താരം വിനയ് കുമാറിനെ ബോളിങ് കോച്ചായി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം ഇതിനോടകം തന്നെ മുന്നോട്ടു വച്ചിരുന്നു. പക്ഷേ ഇത് ബിസിസിഐ നിരസിക്കുകയാണ് ചെയ്തത്.

വിനയ് കുമാറിനെ നിരസിക്കുന്നതിനോടൊപ്പം മുൻ ഇന്ത്യൻ താരമായ സഹീർ ഖാനെ ബോളിങ് കോച്ച് തസ്തികയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളും ബിസിസിഐ ആരംഭിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് സഹീർ ഖാൻ. അതിനാൽ തന്നെ സഹീറിനെ ഇന്ത്യയുടെ ബോളിങ് കോച്ചായി എത്തിച്ച് ടീം കൂടുതൽ ശക്തമാക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഹീറിനൊപ്പം ലക്ഷ്മിപതി ബാലാജിയാണ് ബോളിങ് കോച്ച് തസ്തികയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള മറ്റൊരു താരം. ഇതിനെ സംബന്ധിച്ച് അനി ന്യൂസാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

“ബിസിസിഐ നിലവിൽ സഹീർ ഖാൻ, ലക്ഷ്മിപതി ബാലാജി എന്നിവരിൽ ഒരാളെ ബോളിംഗ് കോച്ചായി നിയമിക്കാൻ ചർച്ചകൾ തുടരുകയാണ്. വിനയ് കുമാറിന്റെ പേര് ആദ്യം ഉയർന്നുവന്നെങ്കിലും ബിസിസിഐ അക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.”- അതേസമയം സഹീർ ഖാനെ സംബന്ധിച്ച് ഇത് വലിയൊരു അവസരം കൂടിയാണ്. ഇന്ത്യയ്ക്കായി 610 അന്താരാഷ്ട്ര വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് സഹീർ ഖാൻ. മാത്രമല്ല 2011 ലോകകപ്പ് വിജയ് ടീമിലെ പ്രധാന താരമായിരുന്നു സഹീർ. ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയതും സഹീർ തന്നെയായിരുന്നു.

2014ലാണ് സഹീർ ഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ശേഷം മുംബൈ ഇന്ത്യൻസിന്റെ കോച്ചായി സഹിർ പ്രവർത്തിച്ചിരുന്നു. അതേസമയം ഇന്ത്യക്കായി 71 വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് ലക്ഷ്മിപതി ബാലാജി. 2016ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്നെ വിരമിക്കൽ പ്രഖ്യാപിച്ച ബാലാജി പിന്നീട് 2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിങ് കോച്ച് ചുമതല ഏറ്റിരുന്നു. ശേഷം 5 സീസണുകൾ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം പ്രവർത്തിക്കാനും ബാലാജിക്ക് സാധിച്ചു.

Previous articleഇന്ത്യ പാകിസ്ഥാനിൽ കളിക്കേണ്ടന്ന് ബിസിസിഐ, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിലേക്ക്- റിപ്പോർട്ട്‌..
Next articleഫീൽഡിങ് കോച്ചായി ജോണ്ടി റോഡ്‌സിനെ വേണമെന്ന ഗംഭീറിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ.